National
ഹെലികോപ്റ്റര്‍ ഇടപാട്: എസ് പി ത്യാഗിയെ സി ബി ഐ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: വി വി ഐ പി കോപ്റ്റര്‍ അഴിമതി കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയെയും ബന്ധുക്കളെയും സി ബി ഐ ചോദ്യം ചെയ്തു. ഇന്നലെ വൈകീട്ട് മൂന്നിന് സി ബി ഐ ആസ്ഥാനത്ത് വെച്ചാണ് ത്യാഗിയെ ചോദ്യം ചെയ്തത്. ഇത് രണ്ട് മണിക്കൂറോളം നീണ്ടു. ഇതിന് മുമ്പ് ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ഡോക്‌സ ത്യാഗി എന്നിവരെയും ചോദ്യം ചെയ്തിരുന്നു.
ഇടനിലക്കാരായ കാര്‍ലോ ഗരോസ, ഗ്യൂഡോ ഹാഷ്‌കെ എന്നിവരുമായുള്ള ബന്ധത്തെ കുറിച്ചാണ് സി ബി ഐ സംഘം ചോദിച്ചറിഞ്ഞത്. അഗസ്ത വെസ്റ്റ്‌ലാന്‍ഡിന് വേണ്ടി ഇവരാണ് ത്യാഗിയുടെ ബന്ധുക്കള്‍ക്ക് കോഴ നല്‍കിയതെന്ന് ഇറ്റാലിയന്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടെന്‍ഡര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനായിട്ടാണ് ഇവര്‍ ത്യാഗിയുടെ ബന്ധുക്കളെ കണ്ടത്. ഹെലിക്കോപ്റ്ററിന്റെ ഉയര്‍ന്ന പരിധി 18,000 അടിയില്‍ നിന്ന് 15,000 ആക്കി മാറ്റിയതുവഴിയാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡിന് ടെന്‍ഡറില്‍ പങ്കെടുക്കാനായതെന്നും ഇറ്റാലിയന്‍ അന്വേഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഫിന്‍മെക്കാനിക്ക സി ഇ ഒ. ഗ്യൂസെപ്പെ ഒര്‍സി, അഗസ്ത വെസ്റ്റ്‌ലാന്‍ഡ് സി ഇ ഒ. ബ്രൂണോ സ്പാഗ്‌നോലിനി എന്നിവരെ അറസ്റ്റ് ചെയ്തതോടെയാണ് ഇടപാടിനെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് പ്രതിരോധ മന്ത്രി എ കെ ആന്റണി ഉത്തരവിട്ടത്.
കൈക്കൂലിപ്പണം കൈമാറ്റം ചെയ്ത ഏജന്‍സികളായ എയറോമെട്രിക്‌സ്, ഐ ഡി എസ് ഇന്‍ഫോടെക്ക് എന്നിവയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ളവരെയും ചോദ്യം ചെയ്തതായി വിവരമുണ്ട്.