Connect with us

Thiruvananthapuram

ഗണേഷിന്റെ രാജി അഭ്യൂഹം: ചര്‍ച്ചകളില്‍ നിറഞ്ഞ് ഭരണസിരാകേന്ദ്രം

Published

|

Last Updated

തിരുവനന്തപുരം:വനം മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിക്കൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പരന്നതോടെ ഒരിടവേളക്ക് ശേഷം ഭരണ സിരാകേന്ദ്രത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. ഉദ്വേഗവും നാടകീയതയും നിറഞ്ഞു നിന്ന ചര്‍ച്ചകള്‍ രാവിലെ മുതല്‍ രാത്രി വരെ നീണ്ടു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടുകളറിയാന്‍ രാവിലെ മുതല്‍ നോര്‍ത്ത് ബ്ലോക്ക് പരിസരം മാധ്യമപ്പട കയ്യടക്കി.ഡല്‍ഹി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രിയെ മന്ത്രി ഗണേഷ്‌കുമാര്‍ രാത്രി തന്നെ സന്ദര്‍ശിച്ചു. തനിക്കു നേരെ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളും അതിന്റെ നിജസ്ഥിതിയും ഗണേഷ് ധരിപ്പിച്ചു. മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിക്ക് ഒരുക്കമാണെന്നും വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യം ആലോചിക്കാമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. രാവിലെ ഏഴ് മണി കഴിഞ്ഞപ്പോള്‍ ഗണേഷിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി ക്ലിഫ് ഹൗസിലെത്തി രേഖാമൂലമുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാകാതെ ഗണേഷ് കുമാറിനെതിരെയുളള ആരോപണങ്ങളില്‍ യാമിനി ഉറച്ചു നിന്നു. ഗാര്‍ഹികപീഡനം അടക്കമുള്ള പരാതിയാണ് യാമിനി മുഖ്യമന്ത്രിക്ക് നല്‍കിയത്. പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ 45 മിനുട്ടോളം നീണ്ട ചര്‍ച്ചക്ക് ശേഷം അവര്‍ മടങ്ങി. രാവിലെ എട്ട് മണിക്ക് മന്ത്രിസഭായോഗം ആരംഭിച്ചതോടെ ഗണേഷ് വിഷയം അതില്‍ ചര്‍ച്ചയാകുമെന്നും മന്ത്രി രാജിവെക്കുമെന്നുമുള്ള വാര്‍ത്തകള്‍ പരന്നു. നേതാക്കളുടെയും മന്ത്രിമാരുടെയും അഭിപ്രായം തേടി മാധ്യമപ്രവര്‍ത്തകര്‍ പരക്കം പാഞ്ഞെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ 12.45ന് വിളിച്ച പത്രസമ്മേളനത്തില്‍ ഗണേഷ് വിഷയത്തിലെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.ഗണേഷ് രാജി നല്‍കിയെന്ന വാര്‍ത്തകള്‍ക്കിടെ മൂന്ന് മണിയോടെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കൂടികാഴ്ച നടത്തി. പത്രവാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങള്‍ മന്ത്രിയുടെ വസതിയില്‍ സംഭവിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും അഭ്യൂഹങ്ങള്‍ പരന്നതോടെ വീണ്ടും രംഗം കൊഴുത്തു. മന്ത്രി ഷിബുബേബിജോണ്‍ ഇതേസമയം ഗണേഷ് കുമാറിന്റെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടു. ഈ സമയം മാധ്യമ പ്രവര്‍ത്തകരെ കൊണ്ട് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് നിറഞ്ഞു. ഗണേഷുമായുള്ള ചര്‍ച്ചക്ക് ശേഷം ഷിബുബേബിജോണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയി. ഷിബു വീണ്ടും ഗണേഷിന്റെ ഓഫീസില്‍. അഞ്ചുമിനുട്ട് കൂടിക്കാഴ്ചക്ക് ശേഷം ഷിബു മടങ്ങി. പിന്നാലെ ടി എന്‍ പ്രതാപന്‍ എം എല്‍ എയെത്തി. എതിര്‍വശത്തെ ഓഫീസ് മുറിയില്‍ നിന്നും മന്ത്രി അനൂപ് ജേക്കബും ഗണേഷിനടുത്തെത്തി. പി കെ ബഷീര്‍ എം എല്‍ എ കൂടി എത്തിയതോടെ ഓഫീസ് മുറിക്കകത്തെ ചര്‍ച്ചകള്‍ സജീവമായി. 5.25ഓടെ മന്ത്രി ഷിബുബേബി ജോണ്‍ മൂന്നാമതും ഗണേഷിനെ കാണാനെത്തി. 5.40ന് അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു. ഗണേഷ് അടുത്ത സുഹൃത്താണ്. അപത്ഘട്ടത്തിലാണ് കൂടുതല്‍ സൗഹൃദം പങ്കിടേണ്ടത്. അതിനാലാണ് സന്ദര്‍ശനം നടത്തിയത്.എന്തു വിവാദമാണ് തനിക്കൊന്നുമറിയില്ലെന്നുമുള്ള ചിരിച്ച മറുപടിയുമായി മന്ത്രി മടങ്ങി.വൈകിട്ട് ആറ് മണിയോടെ ടി എന്‍ പ്രതാപന്‍,പി കെ ബഷീര്‍ എന്നിവര്‍ക്കും ഓഫീസിലെത്തിയിരുന്ന ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പം ഗണേഷ് പുറത്തേക്ക്. തിങ്ങിനിറഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മന്ത്രി നയം വ്യക്തമാക്കി. “താന്‍ രാജിവെച്ചിട്ടില്ല. ഒന്നും ഒളിച്ചുവെക്കുകയും ചെയ്യില്ല. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കും. എന്തെങ്കിലും തീരുമാനങ്ങള്‍ ഉണ്ടായാല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തു”മെന്ന് പറഞ്ഞ് ടി എന്‍ പ്രതാപനോടൊപ്പം മന്ത്രി സെക്രട്ടേറിയറ്റില്‍ നിന്നും പുറത്തുപോയപ്പോള്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. കെ പി സി സി-സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തിനായി മുഖ്യമന്ത്രി ഇറങ്ങിയപ്പോഴും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ യോഗത്തിന് ശേഷം തത്കാലം ഗണേഷ് രാജിവെക്കേണ്ട എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു.

 

 

Latest