Malappuram
മഞ്ചേരിയില്‍ ഫയര്‍ സ്റ്റേഷനായുള്ള കാത്തിരിപ്പ് തുടരുന്നു
മഞ്ചേരി: ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ മഞ്ചേരിയില്‍ ഫയര്‍ സ്റ്റേഷനു വേണ്ടിയുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പ് ഇനിയും തുടരുന്നു. മഞ്ചേരിയില്‍ അഗ്നിബാധയെ തുടര്‍ന്ന് കടകളും സ്ഥാപനങ്ങളും നശിച്ച് കോടി കണക്കിന് രൂപയുടെ നഷ്ടങ്ങളുണ്ടായ നിരവധി സംഭവങ്ങള്‍ മഞ്ചേരിയിലുണ്ട്.
ആശുപത്രിപ്പടിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പടക്കക്കടയില്‍ തീപിടുത്തമുണ്ടാവുകയും ആളപായവുമുണ്ടായിട്ടുണ്ട്. കൃഷിയിടങ്ങളിലും തോട്ടങ്ങളിലും നാശനഷ്ടങ്ങള്‍ ഒട്ടേറെ ഉണ്ടായി. അപകടങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഭാഗങ്ങളില്‍ നിന്നാണ് ഫയര്‍ സര്‍വീസ് എത്തുന്നത്. അപകടങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ജനപ്രതിനിധികള്‍ പരിഹാരമുണ്ടാകുമെന്ന് പറയുകയല്ലാതെ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. സ്ഥലം കണ്ടെത്താത്തതാണ് അഗ്നി ശമന യൂനിറ്റ് സ്ഥാപിക്കുന്നതിന്റെ പ്രധാന തടസം. നഗരസഭയാണ് സ്ഥലം കണ്ടെത്തുന്നതിന് ശ്രമിച്ചിരുന്നത്.
വിവിധ സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. ഒടുവില്‍ വീമ്പൂരില്‍ കണ്ടെത്തിയ സ്ഥലവും നോക്കുകുത്തിയാവുകയായിരുന്നു. ധനകാര്യ മന്ത്രാലയം ഫണ്ട് അനുവദിക്കുന്നല്ലെന്ന ഒഴിവു കഴിവാണ് ഉത്തരവാദപ്പെട്ടവരുടെ പ്രതികരണം. ഫയര്‍ സ്റ്റേഷന്‍ ആവശ്യമായ വ്യാപാരി വ്യവസായികള്‍ ശ്രദ്ധ ക്ഷണിക്കല്‍ ക്യാമ്പയിനും ഒപ്പു ശേഖരണവും നടത്തിയിരുന്നു. മുഖ്യന്ത്രി അടക്കമുള്ളവര്‍ക്ക് നിരവധി തവണ നിവേദനങ്ങളും നല്‍കിയിരുന്നു. മഞ്ചേരിയില്‍ അഗ്നിശമനസേനയുടെ യൂനിറ്റ് സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ധനകാര്യ വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചാല്‍ തന്നെ ആവശ്യമായ സ്ഥലം കണ്ടെത്തുന്നതില്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥയും വീഴ്ചയും കാരണം നടപടികള്‍ മുടങ്ങുകയാണ്. ആശങ്കകള്‍ക്ക് ശാശ്വത പരിഹാരമുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.