Connect with us

Gulf

അബുദാബിയില്‍ സാര്‍വദേശീയ വനിതാദിനാചരണം

Published

|

Last Updated

അബുദാബി: പ്രസക്തിയും ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പും സംയുക്തമായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടികളോടെ സാര്‍വ്വദേശീയ വനിതാദിനം ആചരിച്ചു. സ്ത്രീ ശക്തി പോസ്റ്റര്‍ പ്രദര്‍ശനം, കാത്തെ കോള്‍വിറ്റ്‌സ് അനുസ്മരണം, സംഘചിത്രരചന, ചരിത്രത്തില്‍ ഇടം നേടിയ വനിതകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. അഡ്വ. ആയിഷ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പ്രിയ ദിലീപ്കുമാര്‍ അധ്യക്ഷയായിരുന്നു.
ടി കൃഷ്ണകുമാര്‍, രാജേഷ് ചിത്തിര എന്നിവര്‍ പ്രസംഗിച്ചു. “സ്ത്രീ ശക്തി” പോസ്റ്റര്‍ പ്രദര്‍ശനം, ഷാഹുല്‍ കൊല്ലങ്കോട് വരച്ച “പിച്ചി ചീന്തപ്പെടുന്ന സ്ത്രീ ശരീരവും വ്യക്തിത്വവും” എന്ന കൊളാഷ് പെയിന്റിംഗ് അനാച്ഛാദനം ചെയ്തുകൊണ്ട് കവയത്രി ദേവസേന ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലിടം നേടിയ നൂറോളം വനിതാ വ്യക്തിത്വങ്ങളെയും, സംഭവങ്ങളും വിവരിക്കുന്ന “സ്ത്രീ ശക്തി” പോസ്റ്റര്‍ പ്രദര്‍ശനം വേറിട്ടനുഭാവമായി മാറി.
യുദ്ധത്തിന്റെ ഭീകരതയെയും, സ്ത്രീകളുടെയും കുട്ടികളുടെയും പരിതാപകരമായ സാമൂഹികാവസ്ഥയെയും പകര്‍ത്തിയ വിഖ്യാത ജര്‍മ്മന്‍ ചിത്രകാരിയും ശില്പിയുമായ “കാത്തെ കോള്‍വിറ്റ്‌സ്” അനുസ്മരണ പ്രഭാഷണം ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ ജെ റോയിച്ചന്‍ നടത്തി.
യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ചിത്രകാരന്മാരും ചിത്രകാരികളും പങ്കെടുത്ത സംഘചിത്രരചനയില്‍ മൂന്നുവയസുകാരി അഷിത മോള്‍ വരച്ച അമൂര്‍ത്തമായ ചിത്രം ശ്രദ്ധിക്കപ്പെട്ടു. മനുഷ്യത്വം നഷ്ടപെട്ടവരാല്‍ പിച്ചിചീന്തപ്പെട്ട തിരൂരിലെ കുട്ടിയോടുള്ള ഒരു കൂട്ടുകാരിയുടെ ചങ്ങാത്തമായി അത് വിലയിരുത്തപ്പെട്ടു. നിറങ്ങള്‍ കൊണ്ട് പ്രകൃതിയുടെ വര്‍ണ്ണങ്ങള്‍ തീര്‍ത്തുകൊണ്ട് ഒന്‍പതു വയസുകാരന്‍ ശിബിലും, പാകിസ്ഥാനിന്നുള്ള ഹെര ഭട്ടും, നയീമും സജീവമായി നിറങ്ങളിലൂടെയുള്ള പ്രതികരണങ്ങളില്‍ പങ്കാളികളായി. ഈ “ആധുനിക”കാലത്തിലെ സ്ത്രീകളുടെ അവസ്ഥചിത്രീകരിക്കുകയും അതേസമയം വെളിച്ചത്തിന്റെ പ്രതീക്ഷയുടെ തിരിതെളിക്കുകയും ചെയ്തതായിരുന്നു ചിത്രകാരി പ്രിയ ദിലീപ് കുമാറിന്റെ ചിത്രം.
ഷാഹുല്‍ കൊല്ലങ്കോടിന്റെ ചിത്രം, വേട്ടയാടപെട്ട പക്ഷിയെ പോലെ പിടയുന്ന സ്ത്രീയുടെ വേദന പ്രതിഫലിപ്പിച്ച ഇ. ജെ റോയിച്ചന്റെ ചിത്രം, അമൂര്‍ത്തമായ രൂപങ്ങളിലൂടെ കരയുന്ന സ്ത്രീയുടെ രൂപം നിഴലിക്കുന്ന ശശിന്‍ സായുടെ ചിത്രം, അമ്മിഞ്ഞപാലിന്റെ പാല്‍ച്ചിരി ചുണ്ടില്‍ നിന്നും മായാത്ത കുഞ്ഞുങ്ങളെപ്പോലും പീഡിപ്പിക്കുന്ന ഇക്കാലത്ത് അമ്മയുടെ മാറോളം സുരക്ഷിതത്വം മറ്റെവിടെ എന്ന ചോദ്യം നമ്മുടെ നിലവിലെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയോട് ചോദിക്കുന്ന ഹരീഷ് തച്ചൊടിയുടെ ചിത്രം, ജോഷി ഒഡേസ സമകാലീന സാഹചര്യങ്ങളെ അനുസ്മരിപ്പിച്ചു ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ രചിച്ച കരയുന്ന സ്ത്രീ, അനില്‍ താമരശ്ശേരിയുടെ ഹൃദയശൂന്യ ലോകത്തെയോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുന്ന സ്ത്രീ, അനീഷ് മാന്‌സയുടെ യുദ്ധത്തിലെന്നോണം തോല്‍പ്പിക്കപ്പെടുന്ന സ്ത്രീ എന്നിവ വര്‍ണ്ണങ്ങളുടെ ലോകത്തിലൂടെ പുതിയ മുന്നേറ്റങ്ങള്‍ക്ക് പ്രേരകമായി. വൈകുന്നേരം “ചരിത്രത്തില്‍ ഇടം നേടിയ വനിതകള്‍” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച, പ്രസന്ന വേണു ഉദ്ഘാടനം ചെയ്തു. റൂഷ് മെഹര്‍ വിഷയം അവതരിപ്പിച്ചു. ജെയ്ബി എന്‍. ജേക്കബ്, ഈദ് കമല്‍, മുഹമ്മദലി കല്ലുര്‍മ്മ, മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷനായിരുന്നു. പ്രസക്തി ജനറല്‍ സെക്രട്ടറി അബ്ദുള്‍ നവാസ്, സുധീഷ് റാം, സുനില്‍ കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest