Articles
സ്ത്രീ സുരക്ഷ: നിയമനടപടികള്‍ക്കപ്പുറം നാം ഓര്‍ക്കേണ്ടത്
സ്ത്രീ സുരക്ഷ പൂര്‍വോപരി ദേശീയതലത്തിലും പ്രാദേശിക തലത്തിലും ചര്‍ച്ച ചെയ്യപ്പെടുകയാണിപ്പോള്‍. കേന്ദ്ര സര്‍ക്കാറും കേരള നിയമസഭയും നിയമപരമായ മാര്‍ഗങ്ങള്‍ നടപ്പില്‍ വരുത്താന്‍ പോകുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ സുരക്ഷാ ഓര്‍ഡിനന്‍സും കേരള നിയമസഭ സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള ബില്ലും അവതരിപ്പിച്ചു കഴിഞ്ഞു. നാടിനെ പിടിച്ചു കുലുക്കിയ സ്ത്രീപീഡന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആണ് ഈ നിയമനടപടികളിലേക്ക് ഭരണകൂടമെത്തിപ്പെട്ടത്. നാട്ടില്‍ നടക്കുന്ന സ്ത്രീപീഡനമടക്കം എല്ലാ അനാശാസ്യങ്ങളെയും തടയാന്‍ നിയമനടപടികള്‍ നല്ലത് തന്നെയാണ്. എന്നാല്‍ സ്ത്രീ സുരക്ഷയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നിയമനടപടികൊണ്ടു മാത്രം സാധ്യമാണോ? സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി മറികടക്കാന്‍ നിയമങ്ങള്‍ക്ക് കഴിയുമോ? പ്രായോഗിക തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതു മാത്രം പോരെന്ന് എല്ലാവരും സമ്മതിക്കും. അല്ലെങ്കിലും നിയമം എന്നാല്‍ എന്താണ്? ഭരണകൂടം/ അധികാരം പ്രജകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല അത്. അങ്ങനെ വന്നാല്‍ നിയമം പാലിക്കപ്പെടുകയല്ല, മറിച്ച് ലംഘിക്കപ്പെടാനാണ് സാധ്യത. അതേസമയം നിയമം പ്രകാശിപ്പിക്കേണ്ട ഒരു ഉന്നത മൂല്യമുണ്ട്. നാട്ടിലുള്ള മുഴുവന്‍ ജനങ്ങളുടെയും സന്നദ്ധത/ പൊതുതീരുമാനമാണ് നിയമം. ഒരു സമൂഹം ഇങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കൂട്ടായെടുക്കുന്ന നിശ്ചയമെന്നതാണ് നിയമത്തിനുണ്ടാകേണ്ട അര്‍ഥം. ഈ നിലക്ക് നമ്മുടെ സമകാലിക സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യമുള്ള സന്നദ്ധതയെ അടയാളപ്പെടുത്താന്‍ നിലവിലെ ബില്ലുകള്‍ക്കും ഓര്‍ഡിന്‍സുകള്‍ക്കും സാധിക്കുന്നുണ്ടോ എന്ന സാമൂഹിക പ്രാധാന്യമുള്ള ഒരു പ്രശ്‌നം വിശദമായ ചര്‍ച്ച ആവശ്യപ്പെടുന്നു.
മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള സന്നദ്ധതയിലേക്ക് വളരാന്‍ പര്യാപ്തമായ ഒരു വ്യവസ്ഥിതിയാണോ നമ്മുടെതെന്ന് കര്‍ക്കശമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. സ്ത്രീ സുരക്ഷക്കും മറ്റു സാമൂഹിക നന്മക്കും വേണ്ടി ശബ്ദിക്കുമ്പോള്‍ തന്നെ കുറ്റകൃത്യങ്ങള്‍ വളര്‍ന്നുവരാനുള്ള സാഹചര്യങ്ങളെക്കുറിച്ച് വേണ്ടത്ര ഗൗനിക്കാറില്ലെന്ന് തോന്നുന്നു. അതല്ലെങ്കില്‍ ഗൗരവതരമായ ചില വശങ്ങളെ മറച്ചുപിടിച്ചാണ് നമ്മുടെ ധൈഷണികത മുന്നോട്ട് പോകുന്നത്. അടിസ്ഥാനപരമായി ചര്‍ച്ച തുടങ്ങേണ്ടത് നാം ഇന്ന് പ്രോത്സാഹിപ്പിക്കുന്ന ആധുനിക വ്യവസ്ഥിതിയില്‍ നിന്നാണ്. നമ്മുടെ ബുദ്ധിജീവി ചര്‍ച്ചകളിലേക്ക് ശ്രദ്ധിക്കുക. ആഗോളവത്കരണം, വര്‍ഗീയത, ഭീകരത, ലൈംഗികത, സ്ത്രീ സുരക്ഷ, കീഴാള- ദളിത് വിമോചനം, പ്രകൃതി ചൂഷണം തുടങ്ങി എല്ലാ വിഷയങ്ങളും പങ്കിട്ടെടുക്കുന്നത് ഒരേ പശ്ചാത്തലമാണ്. യഥാര്‍ഥത്തില്‍ ഈ പ്രശ്‌നങ്ങളെല്ലാം നാം തുടര്‍ന്നുപോരുന്ന വ്യവസ്ഥിതിയുടെ ഉപോത്പന്നങ്ങള്‍ മാത്രമാണ്. ആധുനികത ഉണര്‍ത്തിവിട്ട ജീവിത ചിന്തകളുടെ ഭീതി നിറഞ്ഞ തുടര്‍ച്ച മാത്രമാണിവയെല്ലാം. എന്നിട്ടും ഇത്തരം പ്രശ്‌നങ്ങളെ സമീപിക്കുമ്പോള്‍ വ്യവസ്ഥിതിയെ മാറ്റി നിര്‍ത്തുന്നത് ബുദ്ധിപരമല്ല. അതുകൊണ്ട് വീണ്ടുവിചാരം തന്നെയാണ് ആദ്യമായുണ്ടാകേണ്ടത്. നമ്മുടെ നാടിന്റെ ധൈഷണിക പശ്ചാത്തലത്തിന് അതിന്റെതായ ദൗര്‍ബല്യമുണ്ട്. സാമൂഹിക ജീവിതത്തിനുമുണ്ട് ന്യൂനതകള്‍. ആഗോള പദ്ധതിയെന്ന നിലയില്‍ ആധുനികത അധിനിവേശക്കാലത്തും ശേഷം സ്വതന്ത്ര ഇന്ത്യയിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആ സ്വാധീനം അതി തീവ്രവുമാണ്. സമകാലിക പ്രശ്‌നങ്ങള്‍ അവയുടെ ചരിത്ര പശ്ചാത്തലത്തില്‍ വിശകലനം ചെയ്യപ്പെടാതെ സാമൂഹിക മുന്നേറ്റം അസാധ്യമാകുമെന്ന സത്യം നാം മറന്നുകൂടാ. വൈയക്തികവും സാമൂഹികവുമായ അസ്തിത്വത്തെ തകിടം മറിക്കുന്ന ഈ മലവെള്ളപ്പാച്ചിലില്‍ നമ്മുടെ സാമാന്യ ബുദ്ധി മരവിച്ചുപോകുന്നുണ്ട്. ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തില്‍ മതങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ടെന്നത് ശരി തന്നെ. എന്നാല്‍ ആധുനിക സങ്കല്‍പ്പങ്ങളുമായി സാത്‌വീകരിച്ചു പോകാനുള്ള വെമ്പല്‍ മത പ്രതിബദ്ധതയുള്ള സമൂഹങ്ങളില്‍ നിന്ന് പോലും ഇപ്പോള്‍ പൂര്‍വോപരി ശക്തമാണ്.
സാംസ്‌കാരിക രംഗവും ആശയ വിനിമയോപാധികളും ഈ സാമൂഹികാവസ്ഥയുടെ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുകയാണ്. ഫലത്തില്‍ ഒന്ന് മറ്റൊന്നിന് കരുത്തായിത്തീരുകയാണ്. മുഖ്യധാര എപ്പോഴും മതേതരവത്കരണത്തിന്റെ പാതയിലൂടെയാണ് ഗമിക്കുന്നത്. നമ്മുടെ ബോധത്തെ നിശ്ചയിക്കുന്നതും നിര്‍ണയിക്കുന്നതും ഈ മുഖ്യധാരാ സങ്കല്‍പ്പങ്ങളാണ്. പ്രാദേശികമായ അന്തരത്തോടെ ഭരണകൂടത്തിന്റെ നിഷ്പക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വത്തെ സ്വീകരിച്ചത്. മതസമൂഹങ്ങളുടെ നിലനില്‍പ്പും തുടര്‍ച്ചയുമാണത് ഉറപ്പ് വരുത്തുന്നത്. ഭരണകൂടത്തിന് മതമില്ല. എന്നാല്‍ നമ്മുടെ മുഖ്യധാര നിര്‍വഹിച്ചുകണ്ടിരിക്കുന്നത് ഭരണഘടനാപരമായി നാം ഉള്‍ക്കൊണ്ട മതനിരപേക്ഷ സ്വഭാവത്തിന്റെ വളര്‍ച്ചയോ പ്രചാരണമോ അല്ല. അത് മറ്റൊന്നാണ്. ആഗോളവ്യാപകമായി പടര്‍ന്നു പന്തലിച്ച മതേതര- ലിബറല്‍ മൂല്യ നിരാസത്തിന്റെ വിപണനമാണത്. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളില്‍ വന്‍ കവറേജ് ഇത്തരം ബോധനിര്‍മിതക്ക് ലഭിക്കുന്നു. സിനിമാ വ്യവസായത്തിന് കണ്ണും കാതുമില്ലാതായിരിക്കുന്നു. മനുഷ്യന്‍ എന്നും ഗോപ്യമാക്കാന്‍ ഇഷ്ട്‌പ്പെടുന്ന കാര്യങ്ങളെല്ലാം അഭ്രപാളികളില്‍ സുലഭമായെത്തുന്നു. അശ്ലീല ചിത്രങ്ങളടങ്ങിയ ഡിസ്‌കുകളും മറ്റും സുലഭം. നെറ്റ് സര്‍വീസുകളിലൂടെ അധമ വികാരത്തിന്റെ അധോലോകങ്ങളിലേക്ക് എത്രയും ബ്രൗസിംഗ്. നിയമസഭാ ഹാളിലിരുന്ന് പോലും ജനപ്രതിനിധികളെന്ന് പേരിട്ടു വിളിക്കപ്പെടുന്നവര്‍ അശ്ലീലം കണ്ട് ചിരിയൂറുന്നു. മാനിക്കപ്പെടേണ്ടവര്‍ സ്ത്രീ പീഡനകേസുകളിലെ മുഖ്യ പ്രതികളായിവരുന്നു. ഇക്കിളിപ്പെടുത്തുന്ന സീരിയലുകള്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തകര്‍ വ്യാഖ്യാനങ്ങള്‍ നല്‍കന്നു. അനാശാസ്യം കടന്നുവരുന്ന ഇത്തരം കൈവഴികള്‍ക്ക് കൂച്ചുവിലങ്ങിടാതെ നമ്മുടെ സമൂഹത്തെ നന്നാക്കാന്‍ കഴിയില്ല. ഈ തിരിച്ചറിവ് പക്ഷേ, നമുക്കുണ്ടെന്നും തോന്നുന്നില്ല. ഭരണകൂടത്തിന് ജനങ്ങളുടെ സദാചാര ധാര്‍മിക വിഷയങ്ങളില്‍ ഇടപെടാനുള്ള അര്‍ഹതയെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ട സമയമാണിത്. ജനാധിപത്യ ഭരണകൂടങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കുന്നത് തന്നെ വളരെ വൈകിയാണ്. പൗരബോധമുണര്‍ന്ന് സാമൂഹിക പ്രശ്‌നമാകുമ്പോള്‍ മാത്രം ഇടപെടുന്ന പതിവു രീതിക്കപ്പുറം പോകേണ്ടതുണ്ട്. സ്ത്രീ സുരക്ഷക്ക് വേണ്ടി ശിവസേന കത്തി വിതരണം നടത്തി. നിയമം കൈയിലെടുക്കാന്‍ ജനങ്ങള്‍ക്കവകാശമില്ല. പക്ഷേ, ഈ സാഹചര്യങ്ങളിലേക്ക് കാര്യങ്ങളെത്തിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനുത്തവാദിത്വം ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് കൂടിയുണ്ടല്ലോ.
കാതലായ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട് നമ്മുടെ വിദ്യാഭ്യാസ രംഗം. വിദ്യാഭ്യാസത്തോടുള്ള നമ്മുടെ സമീപനം തന്നെ മാറി വരേണ്ടതുണ്ട്. യാഥാര്‍ഥ്യ വാദം, പ്രയോജനവാദം, പ്രകൃതി വാദം, അസ്തിത്വവാദം തുടങ്ങി പാശ്ചാത്യ ഭൗതികവാദങ്ങളുടെ ആശയാടിത്തറയില്‍ നിര്‍ണയിക്കപ്പെടുന്ന പഠനരീതികള്‍ ലക്ഷ്യത്തെ തകിടം മറിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ജോലി നേടാനുള്ളതാണെന്ന തരംതാണ ലക്ഷ്യം രൂഢമായപ്പോള്‍ മാനുഷിക മൂല്യങ്ങളെ പുറംകാലു കൊണ്ട് തൊഴിച്ചു മാറ്റുന്ന ഒരു തലമുറയെയാണ് നമുക്ക് കിട്ടിയത്. വിദ്യാഭ്യാസം കൊണ്ട് സ്വഭാവ രൂപവത്കരണം നടക്കണം. മൃഗീയതയെ നിഗ്രഹിച്ചുകൊണ്ട് മനുഷ്യ നന്‍മയാഗ്രഹിക്കുന്ന പൗരനായി വളര്‍ന്നുവരണം. സാമൂഹിക ബോധമുള്ള, സമൂഹത്തിനുപകാരപ്പെടന്ന വ്യക്തിത്വം ഉണ്ടാകണം. സംസ്‌കാരത്തെയും നാഗരികതയെയും വളര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള പക്വത നേടണം. വൈകാരിക ഐക്യവും സാമൂഹിക ക്ഷേമവും ഉറപ്പ് വരുത്താന്‍ കഴിയണം. സദാചാര, ധാര്‍മിക മൂല്യങ്ങളെ ഹൃദയാ വരിക്കണം. ഇത്തരം മാനുഷിക മൂല്യങ്ങളെ സഗൗരവം കണക്കിലെടുക്കുന്ന വൈജ്ഞാനിക സമീപനമല്ല ഇപ്പോള്‍ നമുക്കുള്ളത്. സമൂഹത്തിന്റെ അപഭ്രംശത്തിന്റെ തുടക്കം തന്നെ ഇവിടെയാണ.് രാഷ്ട്രീയമായ സ്വാതന്ത്ര്യം നാം നേടിയെടുത്തിട്ടുണ്ടെങ്കിലും വൈജ്ഞാനികമായി നാം സ്വീകരിച്ചത് അധിനിവേശത്തിന്റെ സമീപന യുക്തികളെ തന്നെയായിരന്നു. ചരിത്രപരമായി ഇതൊരനിവാര്യതയായിരിക്കാം. എന്നാല്‍ ഈ വിധേയത്വം ജന്മം നല്‍കിയ പരിധികളും പോരായ്മകളും നമുക്ക് മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. അടിസ്ഥാനപരമായി പൂരിപ്പിക്കപ്പെടേണ്ട ഈ സമസ്യകള്‍ പക്ഷേ, ഒഴിഞ്ഞു കിടക്കുന്നത് നമ്മുടെ സമൂഹത്തെ കൂടുതല്‍ രോഗഗ്രസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ്.
ധര്‍മത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പക്ഷത്ത് നില്‍ക്കാന്‍ ഭൂരിപക്ഷമാളുകളുണ്ടെന്നതു തന്നെയാണ് ഈയടുത്തുണ്ടായ പ്രതികരണങ്ങള്‍ കാണിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ഓര്‍ഡിനന്‍സും ബില്ലുമെല്ലാം.
ഒരു വാക്ക് കൊണ്ടും ഒരു നോക്ക് കൊണ്ടും ഒരു സ്ത്രീയും നോവിക്കപ്പെടരുതെന്ന പുരുഷന്റെ ശ്രദ്ധയും നമ്മുടെ നാട്ടിലുണ്ട്. ഈ ധാര്‍മിക ബോധം കൂടുതല്‍ വിപുലവും ധനാത്മകവുമായി വികസിപ്പിക്കപ്പെടണം. ആധുനികത നിര്‍ണയിച്ചുറപ്പിച്ച പെണ്‍കാഴ്ചകള്‍ക്ക് പിന്നാലെ പോകാതെ പെണ്ണിടങ്ങള്‍ക്ക് ചില പുനര്‍നിര്‍ണയങ്ങള്‍ കൂടി കണ്ടെത്താവുന്നതാണ്. ലിപ്‌സിറ്റിക് ചുണ്ടും ക്യൂട്ടെക്‌സ് നഖവുമിട്ട് അഴിഞ്ഞാടുന്ന പെണ്ണുടലുകള്‍ പുരുഷാധിപത്യ ലോകത്ത് പുരുഷന്റെ തന്നെ ഇരയായി സ്വയം കീഴടങ്ങുന്നതിന് സാംസ്‌കാരിക വിലാസം എഴുതിക്കൊടുക്കുന്ന ധൈഷണികതക്ക് താഴിട്ട് പൂട്ടണം. സ്വര്‍ഗത്തിന്റെ മീതെ നടക്കുന്ന ഉമ്മയും അമ്മയുമായി സ്ത്രീത്വത്തെ മാനിക്കാനുള്ള മാന്യത വളര്‍ന്നുവരുമ്പോള്‍ നമ്മുടെ സ്ത്രീകള്‍ തന്റേടത്തോടെ തന്നെ നമ്മെ നയിക്കും.