Connect with us

Articles

സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത നാട്

Published

|

Last Updated

stop hurting usസ്ത്രീകള്‍ ഇത്രയധികം പീഡിപ്പിക്കപ്പെടുന്ന നാട് ലോകത്ത് എവിടെയെങ്കിലുമുണ്ടോ? മൂക്കറ്റം മദ്യപിക്കുന്ന നാടും കേരളമല്ലാതെ മറ്റൊന്നില്ല. മദ്യം എല്ലാ തിന്‍മകളുടെയും മാതാവാണെന്ന് ഈ സാക്ഷര കേരളത്തിനറിയാഞ്ഞിട്ടുമല്ല. സ്ത്രീകള്‍ക്കെതിരെയുള്ള പരാക്രമം തൊട്ട് നാട്ടില്‍ നടക്കുന്ന സര്‍വ തിന്‍മകള്‍ക്കും കാരണം മദ്യമാണെന്ന് മിക്ക കേസുകളിലും ബോധ്യപ്പെട്ടതുമാണ്. എത്രയോ പേര്‍ മദ്യത്തില്‍ മുങ്ങിച്ചാകുന്നു. മദ്യം മൂലമുള്ള അപകടങ്ങള്‍ വേറെ. കുടുംബ കലഹങ്ങള്‍ വേറെ. എന്നിട്ടും ഈ നാട് ഭരിക്കുന്ന സര്‍ക്കാറുകള്‍ എന്തു കൊണ്ടാണ് മദ്യം നിരോധിക്കാതിരുന്നത്? ഈ കൊച്ചു കേരളത്തില്‍ മദ്യ നിരോധമുണ്ടായിരുന്നല്ലോ. ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങി 1967ലെ സര്‍ക്കാര്‍ ആ നിരോധം പിന്‍വലിച്ചു. അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന മുസ്‌ലിം ലീഗ് അതിനെ പിന്തുണക്കുകയും ചെയ്തു.
മലപ്പുറം ജില്ല അനുവദിച്ചതിന് പകരമായി ഈഴവന്‍മാര്‍ക്ക് നല്‍കിയ സമ്മാനമാണ് മദ്യനിരോധം പിന്‍വലിച്ചത് എന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. ഈഴവന്‍മാരെ നശിപ്പിക്കാന്‍ വേണ്ടിയാണോ സത്യത്തില്‍ മദ്യ നിരോധം പിന്‍വലിച്ചത് എന്ന് തോന്നിയിട്ടുണ്ട്. അവരെ രക്ഷിക്കാന്‍ വന്ന ശ്രീനാരയണഗുരുവാണല്ലോ “മദ്യം തൊടരുത്, ഉണ്ടാക്കരുത്, വില്‍ക്കരുത്” എന്നൊക്കെ ശക്തമായി പറയുകയും അതിന് വേണ്ടി യത്‌നിക്കുകയും ചെയ്തത്? മദ്യ നിരോധം ആവശ്യപ്പെടുമ്പോഴൊക്കെ അതിനെതിരെ പ്രഖ്യാപനവമുയായി വരുന്നത് എസ് എന്‍ ഡി പിയെപ്പോലുള്ള സംഘടനകളാണ്. ഇത്തരം സംഘടനകളുടെ നേതൃനിരയില്‍ പലരും മദ്യ വ്യവസായക്കാരാണ്. മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഗാന്ധിശിഷ്യന്‍മാരായ കോണ്‍ഗ്രസുകാരും മദ്യത്തിന് വേണ്ടി നില കൊള്ളുന്നത് അതിന്റെ നേതാക്കളില്‍ പലരും അബ്കാരി വില്ലന്‍മാരായത് കൊണ്ടാണ്. തൊഴിലാളിയുടെ ഊര്‍ജം ഊറ്റിക്കുടിക്കുന്ന മദ്യത്തെ മാര്‍ക്‌സും എതിര്‍ക്കുന്നു. എന്നിട്ടും കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കാത്തത് അവര്‍ക്ക് കള്ള്‌ചെത്തുകാരുടെ സംഘടന ഉള്ളത്‌കൊണ്ടാണ്. മദ്യത്തെ ഹറാമാക്കിയ ഇസ്‌ലാമിന്റെ ആളുകളെന്ന് പറയുന്ന മുസ്‌ലിം ലീഗുകാരും മദ്യ നിരോധത്തിന് വേണ്ടി ആത്മാര്‍ഥമായി ആവശ്യപ്പെടാത്തത് പല നേതാക്കന്‍മാര്‍ക്കും മദ്യം ഇഷ്ട വിഭവമായത് കൊണ്ടു തന്നെയാണ്. “വോട്ട് കിട്ടാന്‍ വേണ്ടി മദ്യവും നല്‍കാം വേണമെങ്കില്‍ ഇടക്കിടെ കുടിക്കുകയും ചെയ്യാം” എന്ന നിലപാടില്‍ ലീഗുകാരും ഉറച്ചു നില്‍ക്കുന്നു. ഇങ്ങനെയാകുമ്പോള്‍ മദ്യം എങ്ങനെയാണ് നിരോധിച്ചു കിട്ടുക? സ്ത്രീപീഡനത്തിനെതിരെ ശക്തിയുക്തം പോരാടുന്ന മഹിളാ സംഘടനക്കാരും മദ്യനിരോധം ഏര്‍പ്പെടുത്താന്‍ അവരുടെ രാഷ്ട്രീയക്കാരോട് പറയുന്നില്ല. അവര്‍ക്കും അറിയാഞ്ഞിട്ടാണോ മദ്യമാണ് സ്ത്രീയുടെയും കുടുംബത്തിന്റെയും ശത്രുവെന്ന്? മദ്യം നമ്മുടെ കേരളത്തെ ശരിക്കും മയക്കിയിരിക്കുന്നു. മദ്യനിരോധ സമിതിക്കാരും ഏതാനും മത പണ്ഡിതന്‍മാരും മദ്യത്തിനെതിരെ ലഹള കൂട്ടിയിട്ട് കാര്യമില്ലെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്.
മദ്യ നിരോധം ഏര്‍പ്പെടുത്തിയാല്‍ കേരളത്തിന്റെ വരുമാനം കുറയുമെന്നാണ് പല രാഷ്ട്രീയക്കാരുടെയും കള്ള ന്യായങ്ങള്‍. അങ്ങനെയാണെങ്കില്‍ വ്യഭിചാര നിരോധവും കുടുംബ സുരക്ഷയും ഒന്നും വേണ്ടെന്ന് വെക്കാം. പണം പറന്നു വരും. പച്ച മാംസം വിറ്റ് ഇഷ്ടം പോലെ കാശുണ്ടാക്കാം. മദ്യം വരുമാനം തരുന്നു എന്ന് പറയുന്നവര്‍ അതും കൂടി പറയട്ടെ. വിദേശ വരുമാനം കൂടുതല്‍ കിട്ടുന്ന സംസ്ഥാനമാണ് കേരളം. കൊള്ളാവുന്ന സാമ്പത്തിക വരുമാനവുമുണ്ട്. വ്യവസായങ്ങളും മറ്റും കുറവാണെന്നത് സമ്മതിച്ചാല്‍ തന്നെ ആളോഹരി വരുമാനം അത്ര മോശമൊന്നുമല്ല. മദ്യം നിരോധിക്കുന്നതിന്റെ പേരിലുള്ള നഷ്ടം നികത്താന്‍ അത്ര പ്രയാസമൊന്നുമില്ല. 1967 വരെ നമ്മളിവിടെ കഴിഞ്ഞതല്ലേ? ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇപ്പോഴും മദ്യം നിരോധിച്ചിട്ടുണ്ടല്ലോ? ഗാന്ധിജിയുടെ നാടായ ഗുജറാത്തില്‍ നേരത്തേ തന്നെ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 1967ല്‍ മുംബൈ സംസ്ഥാനം മഹാരാഷ്ട്രയും ഗുജറാത്തുമായി വിഭജിച്ചപ്പോള്‍ തന്നെ ഇരു സംസ്ഥാനങ്ങളിലും മദ്യം നിരോധിച്ചിരുന്നു. മദ്യം ഉണ്ടാക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഗുജറാത്തില്‍ 2009 മുതല്‍ വധശിക്ഷ നടപ്പാക്കി. മഹാരാഷ്ട്രയില്‍ ഈ നിയമത്തില്‍ പിന്നീട് വെള്ളം ചേര്‍ത്തു. ഗുജറാത്തില്‍ വിദേശികള്‍ക്ക് മാത്രം നിയന്ത്രണവിധേയമായി വിദേശ മദ്യം ലഭിക്കും. അതിന് അവരുടെ പാസ്‌പോര്‍ട്ട് ഹാജരാക്കുകയും വേണം. ലക്ഷദ്വീപിലും മദ്യമില്ല. അവിടുത്തെ ടൂറിസ്റ്റ് കേന്ദ്രമായ ബംഗാരുവില്‍ മാത്രം ഒരു ബാര്‍ അനുവദിച്ചിട്ടുണ്ട്. മണിപ്പൂരിലും മിസോറാമിലും നാഗാലാന്‍ഡിലും മദ്യ നിരോധം ഏറെക്കുറെ നില നില്‍ക്കുന്നു. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും മദ്യവും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിക്കാകുന്ന തരത്തില്‍ രക്ഷപ്പെടാവുന്ന നിയമങ്ങളാണുള്ളത്. മദ്യത്തിന്റെ തിക്ത ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സംസ്ഥാനം കേരളമാണ് താനും. ഇപ്പോള്‍ കേരളീയന് നാണക്കേട് കൊണ്ട് എവിടെയും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുന്നു. മദ്യം നിരോധിക്കണമെന്ന് ഭരണഘടനയില്‍ നിര്‍ദേശമുള്ളത് ആരും മറിച്ച് നോക്കുന്നേയില്ല.
കേരളത്തെ സംബന്ധിച്ചിടത്തോളം മദ്യ നിരോധം ഏറ്റവും ആവശ്യമായ സമയമാണിത്. കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സേവക്കാരും പോലീസും നേതാക്കളും ചേര്‍ന്ന് എല്ലാം കാറ്റില്‍ പറത്തുകയാണ്. ലൈസന്‍സ് നല്‍കാനുള്ള നിയമം പഞ്ചായത്തിന് കൊടുക്കണോ സര്‍ക്കാറിന് കൊടുക്കണോ തുടങ്ങിയ ചില്ലറ പ്രശ്‌നങ്ങിലാണ് തര്‍ക്കം. നിയമങ്ങളും നയന്ത്രണങ്ങളുമൊക്കെ വളരെ വിശാലമായി എഴുതി വെച്ചിട്ടുണ്ട്. കാര്യമായി ഒന്നും നടക്കുന്നില്ലെന്ന് മാത്രം. ഇറക്കുമതിയും കള്ളവാറ്റും അതിരു കടക്കുകയല്ലേ? കുടിച്ച് കൂത്താടുന്നതിന് ഒരു കുറവുമില്ല. ഡ്രൈവര്‍മാരുടെ കുടിയും മയക്കുമരുന്ന് ഉപയോഗവും മുറ തെറ്റാതെ നടക്കുന്നു. എക്‌സൈസ് വകുപ്പിന്റെ വക ഇപ്പോള്‍ ബോധവത്കരണ ക്ലാസുകളുണ്ട്. കുടിക്കുമ്പോള്‍ എങ്ങനെ കുടിക്കണം, എപ്പോള്‍ കുടിക്കണം, എന്തൊക്കെ ചേര്‍ക്കാം എന്നൊക്കെ ഉപദേശിക്കാനാണ് എക്‌സൈസുകാരെ ഏല്‍പ്പിച്ചിട്ടുള്ളത്. കാരണം കുടിക്കുന്നവര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാലേ എക്‌സൈസുകര്‍ക്കും ഗുണമുള്ളു. അല്ലാതെ കുടി നിറുത്തണമെന്ന് ആരും പറയുന്നില്ല. ഇത് ക്വാണ്ടം കമ്പനിക്കാരുടെ ഉപദേശം പോലെയാണ്. ഇവര്‍ വ്യഭിചരിക്കരുതെന്ന് പറയില്ല. ധൈര്യമായി എങ്ങനെ വ്യഭിചരിക്കാം എന്നതാണ് ഇവരുടെ പരസ്യം. വ്യഭിചാരത്തിന് കൂടുതല്‍ സുരക്ഷിതത്വം നല്‍കാനാണ് ഇപ്പോഴത്തെ നിയമം. കുടുംബ ഭദ്രത, സാമൂഹിക ഭദ്രത എന്നിവയൊക്കെ ചില ആചാരങ്ങളുടെ ഭാഗം മാത്രമാണ്. മനുഷ്യന്‍ ഉപഭോഗ സംസ്‌കാരത്തിന്റെ കറവപ്പശുവാണല്ലോ?
കേരള സംസ്‌കാരം ശക്തമായ കുടുംബ സാമൂഹിക ഭദ്രതയുടെ അടിസ്ഥാനത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജനസാന്ദ്രത കൂടുതലുള്ളതു കൊണ്ട് ശക്തമായ വിട്ടുവീഴ്ചകള്‍ എര്‍പ്പെടുത്തിയാണ് സാമൂഹിക കൂട്ടായ്മ നിലനിറുത്തുന്നത്. ക്ഷേത്രങ്ങളും ചര്‍ച്ചുകളും പള്ളികളും അവരവരുടെ നിയമങ്ങളുസരിച്ച് ഈ ഭദ്രത നിലനിറുത്തിയിരുന്നു. പക്ഷേ ഇന്ന് മത സ്ഥാപനങ്ങളധികവും പ്രമാണിത്തത്തിന്റെയും രാഷ്ട്രീയക്കാരുടെയും കൈയിലമര്‍ന്നതിനാല്‍ മദ്യം പോലുള്ള തിന്‍മകള്‍ക്കെതിരെ കാര്യമായി ശബ്ദമുയര്‍ത്തുന്നില്ല. അതുകൊണ്ടാണ് ആരാധനാലയങ്ങളുടെ വേദികളില്‍ നിന്ന് മദ്യത്തിനെതിരെ ശക്തമായ ശബ്ദം ഉയര്‍ന്നു കേള്‍ക്കാത്തത്. സമുദായ സമൂഹങ്ങളും സാംസ്‌കാരിക സംഘടനകളും ഒന്നിച്ച് ശബ്ദിച്ചാല്‍ മദ്യ നിരോധത്തിന് സര്‍ക്കാര്‍ മുന്നോട്ട് വന്നേക്കും. ആരെ സന്തോഷിപ്പിക്കാനാണ് മത സംഘടനകളൊക്കെ മിണ്ടാതിരിക്കുന്നത്? പിഞ്ചുകുഞ്ഞുങ്ങള്‍ വരെ പീഡനങ്ങള്‍ക്കടിമപ്പെടുമ്പോള്‍ കുറെ അധര വ്യായാമം നടത്തിയത് കൊണ്ട് മാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
പീഡനക്കാരെ പോലീസ് പിടികൂടിയെന്ന് വരും. എന്നാലെന്താ, അവര്‍ക്ക് ജയിലില്‍ കുഷിയായി കഴിയാം. ഒരു സുഖ ചികിത്സ കഴിഞ്ഞ് വരുന്നതു പോലെ അവര്‍ക്ക് സത്യത്തില്‍ ജയിലില്‍ നിന്ന് തിരിച്ചു വരാം. പഴയത് പോലുള്ള ചവിട്ടി ഉഴിച്ചിലും പിഴിച്ചിലും ഉരുട്ടലും കുറവാണെന്നേ ഉള്ളു. അതിനുള്ള ആരോഗ്യമൊന്നും ഇന്നത്തെ പോലീസുകാര്‍ക്കില്ല. ഒരു ഗതിയുമില്ലാതെ വണ്ടിയില്‍ തെണ്ടി നടന്നിരുന്ന ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോഴാണ് ജയില്‍വാസത്തിന്റെ സുഖം അദ്ദേഹം അറിഞ്ഞത്. ഈയിടെ ജയിലില്‍ നിന്ന് ഇവന്‍ കോടതിയില്‍ വന്നത് ഒരു ശുജായിയെപ്പോലെ ആയിരുന്നല്ലോ. ചുക്കിച്ചുളിഞ്ഞ ആ ശരീരം എത്ര കണ്ട് മാറിയിരുന്നു. പീഡിതരേക്കാള്‍ സുഖം ഇപ്പോഴും പീഡകര്‍ക്ക് തന്നെ.

hussainrandathani3@gmail.com

---- facebook comment plugin here -----

Latest