Connect with us

Kerala

കാര്യക്ഷമമാകാതെ മൃതസഞ്ജീവനി പദ്ധതി

Published

|

Last Updated

തൃശൂര്‍:സംസ്ഥാനത്ത് വൃക്ക രോഗികള്‍ക്ക് ഏറെ പ്രയോജനകരമാകുമായിരുന്ന, സര്‍ക്കാര്‍ രൂപം നല്‍കിയ മൃതസഞ്ജീവനി പദ്ധതി കാര്യക്ഷമമായില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായത്. വൃക്ക മാറ്റിവെക്കല്‍, ഡയാലിസിസ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപിപ്പിക്കുക ഇത്തരം ഉദ്യമത്തിന് സന്നദ്ധമാകുന്ന സ്വകാര്യ ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ എന്നിവക്ക് വേണ്ടിയാണ് പ്രത്യേക സമിതി രൂപവത്കരിച്ച് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഈ രംഗത്തെ വിദഗ്ധരായ ഡോ. രാംദാസ് പിഷാരടി, ഡോ. നോബിള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് സമിതി. എന്നാല്‍ ഉത്തരവ് വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സമിതിയുടെ യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല. സമിതിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതിനാല്‍ വൃക്ക രോഗികള്‍ക്കായുള്ള പദ്ധതി ഇഴയുകയാണ്. സ്വകാര്യ ആശുപത്രികളിലും ഏജന്‍സികളിലും വൃക്ക ദാനത്തിനുള്ള സമ്മതപത്രങ്ങള്‍ നിരവധി കെട്ടിക്കിടക്കുമ്പോഴും ഇത് സംബന്ധിച്ച രജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തുന്നില്ലെന്ന് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ സിറാജിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഓരോ വര്‍ഷവും വൃക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. കിഡ്‌നി സ്റ്റോണ്‍ പോലുള്ളവ ബാധിച്ച രോഗികളല്ലാതെ ഗുരുതരമായ രീതിയില്‍ വൃക്ക രോഗികളാകുന്നവരുടെ എണ്ണം പ്രതിവര്‍ഷം 300 മുതല്‍ 400 വരെ കൂടുന്നതായാണ് ഡോക്ടര്‍മാരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളും നടത്തിയ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വിവിധ ജില്ലകളില്‍ നിന്ന് ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ എറണാകുളത്തും കുറവ് വയനാട്ടിലുമാണ്. ആധുനിക കാലത്തെ ജീവിത, ഭക്ഷണ രീതികളാണ് വൃക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത്. രോഗികളുടെ എണ്ണത്തില്‍ പുരുഷന്‍മാരാണ് മുന്നില്‍. വൃക്ക രോഗികളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് സര്‍ക്കാര്‍ തലത്തില്‍ ഇവര്‍ക്ക് കുറഞ്ഞ ചെലവില്‍ വിദ്ഗധ ചികിത്സ ലഭ്യമാക്കാനാകാത്തതും വൃക്ക ദാനം ചെയ്യാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരാന്‍ തയ്യാറാകാത്തതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.
ജീവിച്ചിരിക്കുമ്പോള്‍ വൃക്ക ദാനം ചെയ്യാന്‍ ആളുകള്‍ ഭയക്കുന്നതിനാല്‍ പല ഏജന്‍സികളും മസ്തിഷ്‌ക മരണം സംഭവിക്കുമ്പോള്‍ വൃക്ക ദാനത്തിന് സന്നദ്ധമാകാനെങ്കിലും ജനങ്ങളെ ബോധവത്കരിക്കുന്ന പ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. സംസ്ഥാനത്ത് അപകടങ്ങളിലും മറ്റുമായി 12 മസ്തിഷ്‌ക മരണമെങ്കിലും ഒരു ദിവസം നടക്കുന്നതിനാല്‍ 24 രോഗികള്‍ക്ക് വൃക്ക മാറ്റിവെക്കാനാകും. കേരളത്തില്‍ ആകെ 5000ലേറെ വൃക്ക രോഗികളുണ്ടെന്നാണ് കണക്ക്. അങ്ങനെ കണക്കാക്കുമ്പോള്‍ മാറ്റിവെക്കുന്നതിന് ആവശ്യമായ വൃക്കകള്‍ ലഭ്യമാകുന്നതിന് പ്രയാസം നേരിടുകയില്ല. പകരത്തിന് പകരം(ക്രോസ് ഡൊണേഷന്‍) വൃക്ക നല്‍കുന്നത് സംബന്ധിച്ച് 30ഓളം നിയമപരമായ രേഖകള്‍ ആവശ്യമായിരുന്നത് 14 ആക്കി കുറച്ച സര്‍ക്കാര്‍ തീരുമാനം നിരവധി രോഗികള്‍ക്ക് വലിയ അനുഗ്രഹമായിട്ടുണ്ട്. ഡയാലിസിസിന് വിധേയരാകുന്ന രോഗികളില്‍ 10 ശതമാനത്തിന് മാത്രം രോഗം സുഖപ്പെടുമ്പോള്‍ വൃക്ക മാറ്റിവെക്കുന്നതിലൂടെ 80 ശതമാനം പേര്‍ക്കും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുന്നു
വൃക്ക മാറ്റിവെക്കുന്നതിന് മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് ലക്ഷം രൂപ ചെലവ് വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ 4.5 മുതല്‍ 5.5 ലക്ഷം വരെയാകുന്നുണ്ട്. മറ്റ് ചെലവുകളും വരുന്നതോടെ വൃക്ക ദാനം ചെയ്യാന്‍ ഉറ്റ ബന്ധുക്കള്‍ തയ്യാറായാല്‍ പോലും നിര്‍ധന കുംബങ്ങളിലെ രോഗികള്‍ക്ക് ചികിത്സ അപ്രാപ്യമാകുകയാണ്. വൃക്ക രോഗികളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ഇതിനായുള്ള ഫണ്ട് സ്വരൂപിക്കുന്നതിനും വേണ്ടി അന്താരാഷ്ട്ര തലത്തില്‍ 2006 മുതല്‍ ആചരിക്കുന്ന ലോക വൃക്ക ദിനം ഒരിക്കല്‍കൂടി ആഗതമാകുമ്പോള്‍ ഈ രംഗത്ത് ഗൗരവതരമായ ആലോചനകള്‍ കൂടുതല്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.

Latest