Connect with us

Kerala

യോഗ്യതയുണ്ടായിട്ടും തഴയപ്പടുന്നതായി അധ്യാപകന്റെ പരാതി

Published

|

Last Updated

കൊച്ചി: നിരവധി ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ലക്ഷദ്വീപിലെ പ്രഗല്‍ഭനായ അധ്യാപകന്‍ അര്‍ഹതപ്പെട്ട പ്രമോഷന്‍ നിഷേധിക്കുന്ന ദ്വീപ് അധികൃതരുടെ നടപടിക്കെതിരെ രാഷ്ട്രപതിയെയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തെയും സമീപിക്കാനൊരുങ്ങുന്നു. അഗത്തി ദ്വീപിലെ സെന്റര്‍ ജെ ബി സ്‌കൂള്‍ അധ്യാപകനായ എം ഐ ഹംസക്കോയക്ക് അര്‍ഹതപ്പെട്ട പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ നല്‍കാതെ വിദ്യാഭ്യാസ വകുപ്പ് മനപൂര്‍വം ബുദ്ധിമുട്ടിക്കുന്നതായാണ് പരാതി.
അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കുമ്പോള്‍ 50 ശതമാനം ഡിഗ്രിയും ബി എഡും ഉള്ളവര്‍ക്കും 50 ശതമാനം സീനിയോറിട്ടി അനുസരിച്ചും നല്‍കണമെന്നാണ് 2002ലെ ഗവണ്‍മെന്റ് ഓര്‍ഡറില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ മാസം അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കിയപ്പോള്‍ സീനിയോറിറ്റിക്കാരെ മാത്രമാണ് പരിഗണിച്ചത്. 2006ലെ ഉത്തരവ് തന്നെ പോലുള്ള സീനിയര്‍ അധ്യാപകര്‍ക്ക് പ്രമോഷന്‍ വൈകിക്കുമെന്ന് മനസിലാക്കി ഹംസക്കോയ 2006ല്‍ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മലയാളം ഐച്ഛിക വിഷയമായെടുത്ത് ഡിഗ്രി നേടുകയും 2009ല്‍ സുല്‍ത്താന്‍ബത്തേരിയിലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററില്‍ നിന്ന് ബി എഡ് നേടുകയും ചെയ്തു. സര്‍വസില്‍ നിന്ന് അവധിയെടുത്താണ് അദ്ദേഹം കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഇപ്പോഴദ്ദേഹം കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയാണ്. ബി എ ബി എഡ് കരസ്ഥമാക്കി വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും സ്ഥാനക്കയറ്റത്തിന് അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല.
സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടുന്നവരില്‍ 31 വര്‍ഷത്തെ സര്‍വീസും ബി എ ബി എഡ് യോഗ്യതയുമുള്ള ലക്ഷദ്വീപിലെ ഏക അധ്യാപകന്‍ ഹംസക്കോയയാണ്. എന്നാല്‍ 2002ലെ ഉത്തരവിന് വിരുദ്ധമായി വിദ്യാഭ്യാസ യോഗ്യത നോക്കാതെ സീനിയോറിറ്റി മാത്രം നോക്കിയാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ നിയമനങ്ങള്‍ നടത്തുന്നത്. ഇതിനെതിരെ ഹംസക്കോയയുടെ ജൂനിയറായ ആന്ത്രോത്ത ദ്വീപിലെ റഫീക്ക് എന്ന അധ്യാപകന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും 2002ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വേണം അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനെന്ന് സി എ ടി ഉത്തരവിടുകയും ചെയ്‌തെങ്കിലും കോടതി ഉത്തരവ് കാറ്റില്‍ പറത്തുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. ഇതിനെതിരെ നിയമനടപടി പരിഗണനയിലുണ്ടെന്ന് ഹംസക്കോയ പറഞ്ഞു. ഹെഡ്മാസ്റ്റര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്ന ജെ ബി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജുമാണ് ഹംസക്കോയ.
2012ല്‍ ഏറ്റവും നല്ല പ്രൈമറി അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയിട്ടുള്ള ഹംസക്കോയ 2006ല്‍ സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള രാജീവ് ഗാന്ധി മാനവസേവാ പുരസ്‌കാരവും 2007ല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ അവാര്‍ഡും 2012ല്‍ ഇന്ദിരാഗാന്ധി സംരസ്ഥാ ഗോള്‍ഡന്‍ അവാര്‍ഡും നേടിയിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന സാഹിത്യകാരനുമാണ്. 2009ല്‍ ഏറ്റവും നല്ല ചെറുകഥാ സമാഹാരത്തിനുള്ള ലക്ഷദ്വീപ് സാഹിത്യ കലാ അക്കാദമി അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു.

 

 

Latest