Kozhikode
പൈപ്പ് പൊട്ടി കുറ്റിയാടി താലൂക്ക് ആശുപത്രി റോഡ് 'പുഴയായി'
കുറ്റിയാടി: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതിനെ തുടര്‍ന്ന് കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡ് “പുഴയായി” മാറി. വന്‍ ശബ്ദത്തോടെയാണ് പൈപ്പ് പൊട്ടി വെള്ളം ചീറ്റിയത്. ഇതോടെ വാഹന ഗതാഗതം ദുഷ്‌കരമായി തീര്‍ന്നു. പൊതുജനം മുട്ടോളം വെള്ളത്തില്‍ ഇറങ്ങിയാണ് യാത്ര ചെയ്യുന്നത്.
ഇരുചക്രവാഹനയാത്രയാണ് ഏറെയും ദുഷ്‌കരമായത്. ആശുപത്രി കവാടത്തിന് മുന്നില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളടക്കം ഏറെ പാടുപെട്ടാണ് ആശുപത്രിയിലേക്ക് പോവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഭീമന്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ ജെ സി ബി ഉപോയഗിച്ച് റോഡ് കീറിയിരുന്നു. ഇതിനിടയില്‍ പഴയ പൈപ്പ് പൊട്ടി റോഡ് ചളിക്കുളമായി തീര്‍ന്നിരുന്നു. രാത്രിയില്‍ നേരിയ വെളിച്ചത്തില്‍ പൈപ്പ് സ്ഥാപിക്കുന്നതിന് റോഡിലെ മണ്ണെടുത്ത് മാറ്റുമ്പോള്‍ പഴയ പൈപ്പില്‍ തട്ടി പൊട്ടുന്നത് പതിവാണ്.