Kozhikode
പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ; കുറ്റിയാടി മേഖലയില്‍ ഒരാഴ്ചയായി കുടിവെള്ളമില്ല
കുറ്റിയാടി: ജലവിതരണ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായ കുറ്റിയാടിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. കുറ്റിയാടി പുഴയില്‍ നിന്നും കൊയ്യമ്പാറ ടാങ്കില്‍ വെള്ളമെത്തിക്കുന്ന പൈപ്പാണ് ആശുപത്രി പരിസരത്ത് നിരന്തരമായി പൊട്ടി വെള്ളം പാഴാകുന്നത്.
പൊട്ടിയ പൈപ്പ് ഒരു സ്ഥലത്ത് നന്നാക്കിയാല്‍ അടുത്ത ദിവസം തന്നെ മറ്റൊരിടത്ത് പൊട്ടുന്നത് പതിവായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റാത്തതാണ് തുടര്‍ച്ചയായി പൈപ്പ് പൊട്ടാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.
പൈപ്പ് പൊട്ടുന്നത് കാരണം കുടിവെള്ളം കിട്ടാതെ നിരവധി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. കിണറുകളും തോടുകളും വറ്റി വരണ്ടതിനെ തുടര്‍ന്ന് പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ വെള്ളം കിട്ടാതെ പെടാപ്പാടിലാണ്. കുറ്റിയാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ വേളം, കുന്നുമ്മല്‍ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം നിലച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ഓഫീസില്‍ ബന്ധപ്പെട്ടാലും കൃത്യമായ മറുപടി ലഭിക്കാത്ത സ്ഥിതിയാണെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു.
കുറ്റിയാടിയിലെ ജല അതോറിറ്റി ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയും നിലവിലുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊട്ടിയ പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണി നടത്താന്‍ ഇതുവരെ നടപടികളായിട്ടില്ല. പൊട്ടിയ പൈപ്പ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.