Kerala
സൂര്യനെല്ലി: മുഖ്യപ്രതി ധര്‍മരാജന് ഹൈക്കോടതി നോട്ടീസയച്ചു
കൊച്ചി: സൂര്യനെല്ലികേസില്‍ തടവില്‍ കഴിയുന്ന മുഖ്യപ്രതി ധര്‍മരാജന് ഹൈക്കോടതി നോട്ടീസയച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ധര്‍മരാജന് ജയില്‍ സൂപ്രണ്ട് മുഖേന നോട്ടീസ് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
വിചാരണക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ ധര്‍മരാജന്‍ സമര്‍പ്പിച്ച അപ്പീല്‍ വാദം നടത്താന്‍ അഭിഭാഷകന്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. വാദത്തിനായി ധര്‍മരാജന്‍ അഭിഭാഷകനെ നിയോഗിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ നിയോഗിക്കണമെന്ന് ജസ്റ്റിസ്മാരായ കെ ടി ശങ്കരന്‍ എം എല്‍ ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
അതെ സമയം സൂര്യനെല്ലി കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാ വിധി നടപ്പാക്കുന്നത് തടയണമെന്നും അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ വാദം പൂര്‍ത്തിയായി. പ്രതികളുടെ ജാമ്യാപേക്ഷകള്‍ വ്യാഴാഴ്ചയിലേക്ക് മാറ്റി.
ഹൈക്കോടിതിക്ക് മുമ്പാകെ കീഴടങ്ങാതെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സൂര്യനെല്ലി കേസിലെ സാമൂഹിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് വിചാരണക്കോടതി ശിക്ഷിച്ച പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ നേരത്തെ അപ്പീല്‍ പരിഗണിച്ച കാലയളവില്‍ തങ്ങള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെന്നും അക്കാലയളവില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും പ്രതികള്‍ ബോധിപ്പിച്ചു.