Kerala
സുനാമി ഫണ്ട് വകമാറ്റിയതിനെതിരെ സി എ ജിയുടെ രൂക്ഷ വിമര്‍ശം
തിരുവനന്തപുരം: സുനാമി പുനരധിവാസ ഫണ്ട് വകമാറ്റി ചെലവഴിച്ചതിന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) നിശിത വിമര്‍ശം. സുനാമി നാശം വരുത്തിയത് അഞ്ച് ജില്ലകളില്‍ മാത്രമാണെങ്കിലും ഒമ്പത് തീരദേശ ജില്ലകളില്‍ പദ്ധതി നടപ്പാക്കിയത് ഫണ്ട് വകമാറ്റുന്നതിന് വഴിെയാരുക്കി. പദ്ധതിക്ക് കീഴിലുള്ള ഭവന നിര്‍മാണ ഘടകത്തിന്റെ ഗുണഭോക്താക്കളെ തീരുമാനിച്ചത് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുവദനീയമായ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 11,000 വീടുകള്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ 9,123 വീടുകളുടെ നിര്‍മാണം ഏറ്റെടുത്തെങ്കിലും 8,549 വീടുകള്‍ മാത്രമേ നിര്‍മിക്കാനായുള്ളൂ. 2012 ജൂലൈ വരെയുള്ള വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയായ വീടുകളുടെ എണ്ണമാണ് 8,549. ചില വീടുകള്‍ നിര്‍മിച്ചത് ഗുണഭോക്താക്കളുടെ ജോലിസ്ഥലത്തു നിന്ന് അകലെയായതിനാല്‍ പൂര്‍ത്തീകരിച്ച വീടുകള്‍ അനുവദിക്കാനും കഴിഞ്ഞിട്ടില്ല. സുനാമി പുനരധിവാസ പദ്ധതി (ടി ആര്‍ പി) പ്രകാരം 1,441.75 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത്.
സംസ്ഥാനത്ത് ഭൂരഹിത ആദിവാസികളുടെ എണ്ണം ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്ന് സി എ ജി വ്യക്തമാക്കുന്നു. 2012 മാര്‍ച്ചിലെ കണക്കനുസരിച്ച് ഭൂമി വിതരണത്തിനായി കണ്ടെത്തിയ 17,294 കുടുംബങ്ങളില്‍ 6,777 പേര്‍ക്ക് (39 ശതമാനം) 8,943 ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ 4,913 കുടുംബങ്ങള്‍ക്ക് ഇനിയും ഭൂമി ലഭിക്കാനുണ്ട്. പാലക്കാട് 1,826ഉം കാസര്‍കോട് 1,215ഉം കുടുംബങ്ങള്‍ ഇപ്പോഴും ഭൂരഹിതരാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലും ഭൂരഹിതരായ ആദിവാസികളുണ്ട്.
മാനദണ്ഡ പ്രകാരം സംസ്ഥാനത്ത് ആവശ്യമായ അങ്കണ്‍വാടികളുടെ എണ്ണം 41,734 ആണെങ്കിലും 2012 മാര്‍ച്ച് വരെ 32,986 അങ്കണ്‍വാടികളാണ് സ്ഥാപിച്ചിച്ചത്. നിലവില്‍ സംസ്ഥാനത്ത് 8619 അങ്കണ്‍വാടികളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ആറ് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 27 മുതല്‍ 39 വരെ ശതമാനം പേര്‍ക്ക് പോഷകാഹാര കുറവുണ്ടെന്ന് സംയോജിത ശിശു വികസന പദ്ധതികളുടെ ഓഡിറ്റിംഗില്‍ സി എ ജി കണ്ടെത്തിയിട്ടുണ്ട്. 2011-12ല്‍ 1,180 കുട്ടികള്‍ മരിച്ചതില്‍ 110 കുട്ടികള്‍ക്ക് പോഷകാഹാര കുറവായിരുന്നു. ഇടുക്കി, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളെയാണ് സി എ ജി പരിശോധനക്ക് വിധേയമാക്കിയത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ പോളിയോ, ഡി പി ടി പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതില്‍ വന്‍ വീഴ്ച സംഭവിച്ചു. അങ്കണ്‍വാടികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും പോഷകാഹാര പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുകയും വേണമെന്ന് സി എ ജി നിര്‍ദേശിക്കുന്നു.