Malappuram
തിരുന്നാവായ ബേങ്ക് കവര്‍ച്ച; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

തിരൂര്‍: തിരുന്നാവായ സര്‍വീസ് സഹകരണ ബേങ്കില്‍ കവര്‍ച്ച നടത്തിയ കേസില്‍ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. പ്രതികളെ തിരൂര്‍ ഡി വൈ എസ് പി കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ആറ് ദിവസത്തേക്കാണ് തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
തമിഴ്‌നാട് തിരുട്ട് ഗ്രാമം സ്വദേശികളായ പെരുയമുരുകന്‍, വേലായുധന്‍ എന്നിവരെയാണ് തിരൂര്‍ ഡി വൈ എസ് പി കെ എം സൈതാലി കസ്റ്റഡിയില്‍ വാങ്ങിയത്. 2005 മെയ് അഞ്ചിന് തിരുന്നാവായ സര്‍വീസ് സഹകരണ ബേങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് 20 കിലോ സ്വര്‍ണവും 69,000 രൂപയും കവര്‍ന്നുവെന്നാണ് കേസ്. തമിഴ്‌നാട് ലാല്‍പേട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ തമിഴ്‌നാട് പോലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്തതില്‍ നിന്നും കാസര്‍ കോട് പെരിയ ബേങ്ക് കവര്‍ച്ച, തിരുന്നാവായ സര്‍വീസ് സഹകരണ ബേങ്ക് കവര്‍ച്ച എന്നിവകളടക്കം മലപ്പുറം, തൃശൂര്‍, കണ്ണൂര്‍. കാസര്‍കോട് ജില്ലകളിലായി നിരവധി കവര്‍ച്ചകള്‍ നടത്തിയായി സൂചന ലഭിച്ചിരുന്നു. തുടര്‍ ന്നാണ് തിരൂര്‍ പോലീസ് പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിച്ചത്. തിരൂര്‍ മജിസ്‌ട്രേറ്റിന്റെ പ്രൊഡക്ഷന്‍ വാറണ്ടുമായാണ് കേരള പോലീസ് ത്രിച്ചിയിലെത്തി പ്രതികളെ ഏറ്റെടുത്തത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വ്യാഴാഴ്ച ബേങ്കില്‍ തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു. തിരുന്നാവായ ബേങ്ക് കവര്‍ച്ചാ കേസില്‍ തമിഴ്‌നാട് സ്വദേശിനികളായ കൃഷ്ണമൂര്‍ത്തി, അണ്ണാദുരൈ, ചിന്നമുരുകന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.