Connect with us

Kerala

എന്‍ഡോസള്‍ഫാന്‍: ചര്‍ച്ച പരാജയം

Published

|

Last Updated

തിരുവനന്തപുരം: വിഷമഴയുടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍കോട്ട് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. കടബാധ്യത തള്ളണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വസ്തുതകള്‍ പഠിച്ച ശേഷം മാത്രമേ മറുപടി നല്‍കാനാകൂ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അതിനാല്‍ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ആവശ്യം സംബന്ധിച്ച് ഈ മാസം 25ന് സര്‍ക്കാരിന്റെ തീരുമാനമറിയിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കൃഷി മന്ത്രി കെ പി മോഹനന്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ഒരു മാസത്തിലേറെയായി സമരസമിതി നേതൃത്വത്തില്‍ കാസര്‍കോടെ ഒപ്പുമരച്ചോട്ടില്‍ അനിശ്ചിതകാലനിരാഹാര സമരം നടന്നു വരികയാണ്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത്.
നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ മന്ത്രിസഭാ സമിതിയിലെ കെ പി മോഹനന്‍, വി എസ് ശിവകുമാര്‍, എം കെ മുനീര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെങ്കിലും ദുരിതബാധിതര്‍ക്ക് അനുകൂലമായ നിലപാടുകള്‍ ഉണ്ടായില്ലെന്നും വര്‍ഷങ്ങളായി പഠിക്കാത്ത കാര്യമാണ് മൂന്ന് ദിവസം കൊണ്ട് പഠിച്ച് തീരുമാനിക്കാമെന്ന് പറഞ്ഞതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍ 25ന് നടക്കുന്ന ഒദ്യോഗിക ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് സമരസമിതി അറിയിച്ചു.

Latest