Connect with us

Ongoing News

ജലസഹകരണ വര്‍ഷാചരണത്തിന്റെ പ്രാധാന്യം

Published

|

Last Updated

ജലത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ജല സംരക്ഷണത്തിന് അവരെക്കൂടി പങ്ക് ചേര്‍ക്കുന്നതിനും 2013 അന്താരാഷ്ട്ര ജല സഹകരണ വര്‍ഷമായി (International Year of Water Cooperation 2013) ആചരിക്കുകയാണ്. 2010 ഡിസംബറില്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും അര്‍ഹമായ ജലം കാത്തുസൂക്ഷിക്കാനുള്ള വര്‍ഷമെന്ന ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം 2013 നെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നു. ജലത്തിന്റെ പ്രാധാന്യവും സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച്…
വ്യക്തികളും ദേശങ്ങളും രാജ്യങ്ങളും പരസ്പരം ജലസംബന്ധമായ എല്ലാ കാര്യത്തിലുമുള്ള പരമാവധി സഹകരണമാണ് ജല സഹകരണ വര്‍ഷാചരണം എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നാം ഓരോരുത്തരും ചെയ്യേണ്ടത് അമിതവും അനാവശ്യവുമായി വെള്ളം ഉപയോഗിക്കാതിരിക്കുകയും ജല സ്രോതസ്സുതകള്‍ മലിനമാക്കാതിരിക്കുകയും മലിനമാക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ വര്‍ഷാചരണത്തിന്റെ ഭാഗമായി ഈ ചുമതലകള്‍ നാം നിര്‍വഹിക്കേണ്ടതുണ്ട്.

ഘടന

ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ പദാര്‍ഥമാണ് ജലം. മണമോ രുചിയോ നിറമോയില്ലാത്ത ദ്രാവകം. രാസപരമായി ഓക്‌സിജന്‍, ഹൈഡ്രജന്‍ എന്നീ ആറ്റങ്ങള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതാണ് ജലത്തിന്റെ തന്മാത്രകള്‍. ഓക്‌സിജന്റെ ഒരു ആറ്റവും രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളും ചേര്‍ന്നതാണ് ഒരു ജല തന്മാത്ര. ഖരാവസ്ഥയില്‍ ഹിമമായും വാതകാവസ്ഥയില്‍ നീരാവിയായും ജലം കാണപ്പെടുന്നു. H2O എന്നാണ് ജലത്തിന്റെ രാസവാക്യം. മൂന്ന് അവസ്ഥകളിലും പ്രകൃതിയില്‍ കാണപ്പെടുന്ന ഒരേ ഒരു വസ്തുവാണ് ജലം. വസ്തുക്കളെ ലയിപ്പിക്കാനുള്ള ഇതിന്റെ കഴിവിനെ കണക്കാക്കി ജലം സാര്‍വത്രിക ലായകം (universal solvent) എന്നും അറിയപ്പെടുന്നു.
നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവിനെപ്പറ്റി അറിയാമോ? പുരുഷന്മാരില്‍ 60-65 ശതമാനവും സ്ത്രീകളില്‍ 50-60 ശതമാനവും ജലാംശമുണ്ട്. ചില അവസരങ്ങളില്‍ നമുക്ക് ക്ഷീണം അനുഭവപ്പെടാറില്ലേ? പലപ്പോഴും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാന്‍ കാരണം ജലാംശത്തിന്റെ കുറവാണ്. ജലാംശം കുറയുമ്പോള്‍ ഊര്‍ജത്തിന്റെ ഉത്പാദനം ഗണ്യമായി കുറയും. ഈ കൂറവാണ് നമുക്ക് ക്ഷീണം അനുഭവപ്പെടാന്‍ ഹേതുവാകുന്നത്. അതിനാല്‍ ജലം ഏറ്റവും അത്യാവശ്യമായ ഘടകമാണ്. കുടാതെ അലക്കാന്‍, കുളിക്കാന്‍, കുടിക്കാന്‍… തുടങ്ങി മനുഷ്യന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ജലം അത്യാവശ്യമാണ്.

ജലവും സ്രോതസ്സും

കിണറുകള്‍, പുഴകള്‍, നദികള്‍, തടാകങ്ങള്‍, സമുദ്രങ്ങള്‍, മഴ എന്നിവയാണ് പ്രധാനമായും ജലം ലഭ്യമാകുന്ന മാര്‍ഗങ്ങള്‍. ഭൂതലത്തിന്റെ 71 ശതമാനം ജലത്താല്‍ ആവൃതമാണ്. ലോകത്തിലെ മൊത്തം വെള്ളത്തിന്റെ 97ശതമാനം ഉപ്പ് രസമുള്ള സമുദ്രങ്ങളിലാണുള്ളത്. വളരെ കുറച്ച് മാത്രമേ ഉപ്പിന്റെ അംശം നീക്കം ചെയ്യുന്ന പ്രവര്‍ത്തനമായ ഡിസലൈനേഷന്‍ (desalination) വഴി ശുദ്ധീകരിച്ചുപയോഗിക്കുന്നുള്ളൂ. ശേഷിക്കുന്ന 3% മാത്രമേ ഉപയോഗിക്കാന്‍ പാകത്തിലുള്ളൂ. ഇതില്‍ തന്നെ മിക്കവാറും ജല ഉറവിടങ്ങളും മലിനപ്പെട്ടുകിടക്കുകയാണ്. അതുകൊണ്ട് ലോകം രൂക്ഷമായ തോതിലാണ് ജലക്ഷാമം അനുഭവിക്കുന്നത്.

നാം ചെയ്യേണ്ടത്

കൂട്ടുകാരൊന്നു ചിന്തിച്ചുനോക്കൂ… എത്രയധികം ജലമാണ് നാം അനാവശ്യമായി കളയുന്നത്. നിരവധി ജലസ്രോതസ്സുകളല്ലേ നമ്മുടെ മുന്നില്‍ മലിനമാകുന്നത്? എന്നാല്‍, കൂട്ടുകാര്‍ ഇപ്പോള്‍ത്തന്നെ ഒരു പ്രതിജ്ഞയെടുക്കണം. “”എന്റെ കാരണത്താല്‍ ഒരു തുള്ളി വെള്ളം പോലും പാഴാകില്ല, എന്റെ കണ്‍മുന്നില്‍ ഒരു ചെറു പുഴ പോലും മലിനമാക്കപ്പെടില്ല. ഇത്തരം പ്രവൃത്തിക്ക് മുതിരുന്നവരെ അതില്‍ നിന്നും ഞാന്‍ പിന്തിരിപ്പിക്കും.” ഇപ്രകാരം നമ്മളോരുരുത്തരും ഈ പുതുവര്‍ഷത്തില്‍ തന്നെ ദൃഢനിശ്ചയമെടുത്താല്‍ ഭാവിയില്‍ ഒരു പരിധിവരെ ജലക്ഷാമമുണ്ടാകുന്ന അവസ്ഥക്ക് പരിഹാരം കണ്ടെത്താം. അതിനുപുറമെ, നമുക്ക് ചെയ്യാന്‍ കഴിയുന്ന മറ്റു പല കാര്യങ്ങളുമുണ്ട്. ഉപയോഗശൂന്യമായ ജലസ്രോതസ്സുകളെല്ലാം വൃത്തിയാക്കി ഉപയോഗപ്പെടുത്താം. അതിനുപുറമെ മലിനീകരണത്തിനുള്ള കാരണം കണ്ടെത്തി ഉചിതമായ പരിഹാരം ആവിഷ്‌കരിക്കേണ്ടതുമാണ്.
.

 

Latest