Articles
ജലമാണ് ജീവന്‍; ജലമില്ലെങ്കില്‍ നമ്മളില്ല
കേരളം അതീവ ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് നിസ്സംഗ ഭാവത്തോടെയാണെങ്കിലും നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തിന്റെ വരള്‍ച്ചാ ദുരിതമകറ്റാനുള്ള ഉപചാരപരമായ നടപടികളും ഭരണതലങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞതിന്റെ സൂചനകളുണ്ട്. അവ “മുറ”പോലെ നടക്കുമെന്നല്ലാതെ ഫലപ്രദമാകുന്നതില്‍ ഏറെ പ്രതീക്ഷക്കു വകയില്ല. എല്ലാം പ്രസ്താവനകളിലൊതുങ്ങിയേക്കും.
എന്നാല്‍ വരള്‍ച്ചയെ നേരിടുന്നതിനായി “മുട്ടുശാന്തി”ക്കപ്പുറം ക്രിയാത്മക നടപടികളും ജാഗ്രത്തായ നീക്കങ്ങളും ജനങ്ങളുടെ ഭാഗത്ത് രൂപപ്പെട്ടുവരേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ ആണ്ടുതോറുമുള്ള ആചരണങ്ങള്‍ക്ക് തീരെ പഞ്ഞമില്ല. ഇന്ന്(മാര്‍ച്ച് 22) അന്താരാഷ്ട്ര ജലദിനമാണ്. കൊടും വരള്‍ച്ചയും ജല ക്ഷാമവും ഇതു മൂലമുള്ള ഭവിഷ്യത്തുകളും അഭിമുഖീകരിക്കാന്‍ പോകുന്ന മലയാളികള്‍ക്ക് ഇതൊരു ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും അവസരമായെങ്കിലെന്ന് ആശിക്കാനേ തരമുള്ളൂ. ജലദിനം കേവല ആചരണത്തിലപ്പുറം യാതൊരു തരത്തിലുള്ള ഗുണങ്ങളും പ്രദാനം ചെയ്യുകയില്ലെന്ന തിരിച്ചറിവു തന്നെ കാരണം.
എല്ലാ കെടുതികള്‍ക്കും പ്രകൃതിയെ പ്രതിസ്ഥാനത്തു നിര്‍ത്തി രക്ഷപ്പെടുന്നതില്‍ മുന്നിലാണ് സമൂഹം. പ്രകൃതി മനുഷ്യ നന്മക്കും ക്ഷേമത്തിനും അനുഗ്രഹമായി സംവിധാനിക്കപ്പെട്ടതാണ്. “”ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ (മനുഷ്യര്‍)ക്കു വേണ്ടി സൃഷ്ടിച്ചതാണെന്ന്”” വിശുദ്ധ ഖുര്‍ആന്‍ സ്പഷ്ടമായി തന്നെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രകൃതിയും പ്രകൃതി വിഭവങ്ങളും മനുഷ്യനു വേണ്ടിയാണെന്ന് ചുരുക്കം. പക്ഷേ ഭൗതിക ജീവിതത്തോടും സുഖ സൗകര്യങ്ങളോടുമുള്ള മനുഷ്യന്റെ അത്യാര്‍ത്തി അവനെ പ്രകൃതി വിരുദ്ധനും ചൂഷകനുമാക്കി മാറ്റുകയാണ്. എങ്ങനെയെങ്കിലും തനിക്കു(മാത്രം)ജീവിക്കണം, സുഖിക്കണം, സമ്പാദിക്കണം എന്നതാണ് ജീവിതത്തിന്റെ സന്ദേശമെന്ന് മാനവികതയുടെ വിരുദ്ധ സംസ്‌കാരങ്ങള്‍ പഠിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ നാം പ്രകൃതി സംരക്ഷണമടക്കമുള്ള മാനുഷിക മൂല്യങ്ങളെത്തൊട്ട് ഷണ്ഡീകരിക്കപ്പെടുന്നു. ഇതിന്റെ പരിണതിയായി പ്രകൃതി നമ്മോട് കണക്കുതീര്‍ക്കുകയാണിപ്പോള്‍. ഇരിക്കും കൊമ്പ് നമ്മളാല്‍ തന്നെ മുറിക്കപ്പെടുന്നു. നാം തന്നെ പ്രകൃതിയുടെയും നമ്മുടെ തന്നെയും ശത്രുക്കളായി മാറുന്നു. ഇവിടെ നാം തന്നെയാണ് മുഖ്യ പ്രതികള്‍.
കേരളത്തില്‍ മഴയുടെ ലഭ്യതയില്‍ വന്ന ക്രമാതീതമായ കുറവും ഭൂഗര്‍ഭ ജലത്തിന്റെ താഴ്ചയുമാണ് ജല ദൗര്‍ലഭ്യത്തിന്റെയും വരള്‍ച്ചയുടെയും പ്രധാന കാരണങ്ങള്‍. ഓരോ വര്‍ഷം കഴിയും തോറും മഴയുടെ തോത് കുറഞ്ഞു വരികയാണ്. ഭൂഗര്‍ഭ ജലത്തിന്റെ തോതും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് ഉള്‍വലിഞ്ഞു കൊണ്ടിരിക്കുന്നു. നമ്മുടെ തെറ്റായ രീതികള്‍ മൂലം പെയ്യുന്ന മഴവെള്ളമത്രയും കുത്തിയൊലിച്ചു പോകുകയാണിന്ന്. മഴവെള്ള സംഭരണത്തിന് പുല്ലു വില പോലും നാം കല്‍പ്പിക്കുന്നില്ല. പഴയ കാലത്ത് പറമ്പുകളും പുരയിടങ്ങളും തൊടികളായും തട്ടുകളായും തിരിച്ച് വരമ്പിട്ട് വെള്ളം ഒലിച്ചു പോകാതെ തടഞ്ഞു നിര്‍ത്തി ഭൂമിയിലേക്ക് താഴ്ന്നിറങ്ങാനുള്ള സംവിധാനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പറമ്പുകളിലും പുരയിടങ്ങളിലും വെള്ളം കെട്ടി നില്‍ക്കാനനുവദിക്കാതെ റോഡുകളിലേക്കും തോടുകളിലേക്കും ഒഴുക്കി വിടുന്നു. വെള്ളം കെട്ടി നില്‍ക്കാന്‍ സഹായിക്കുന്ന പാടങ്ങളും ചതുപ്പുനിലങ്ങളുമെല്ലാം നാം മണ്ണിട്ടു നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുകയുമാണ്. മഴവെള്ളത്തിന്റെ 60 ശതമാനവും ഭൂമിയിലേക്കിറങ്ങാതെ കുത്തിയൊലിച്ചു പോകുന്നുവെന്നതാണ് പുതിയ കണക്കുകള്‍. ഭൂഗര്‍ഭ ജലവിതാനം കൂടെക്കൂടെ താഴ്ന്നു പോകാനുള്ള കാരണവും മറ്റൊന്നല്ല.
മൊത്തം മഴയുടെ അളവില്‍ 26 ശതമാനം കുറവുണ്ടായെന്നും വരള്‍ച്ചാ കാര്യത്തില്‍ കേരളം അതീവ ഗുരുതരമായ സാഹചര്യത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ തന്നെയാണ് രാജ്യത്ത് കുടിവെള്ളത്തില്‍ കൂടുതല്‍ മാലിന്യം കലര്‍ന്നിരിക്കുന്നത് കേരളത്തിലാണെന്ന ഔദ്യോഗിക വിവരവും വരുന്നത്. സംസ്ഥാനത്തെ 34 ശതമാനം ജലസ്രോതസ്സുകളും മലിനമാണത്രേ. ജില്ലാ തല കണക്കുകളില്‍ കോഴിക്കോടാണ് മുന്നില്‍; 54 ശതമാനം. ജീവനു തുല്യം നാം പരിരക്ഷിക്കേണ്ട കുടിവെള്ളം മലിനമാക്കുന്നതു നമ്മുടെ തെറ്റായ ജീവിത രീതിയും സംസ്‌കാരവുമാണ്. മാലിന്യങ്ങള്‍ യഥേഷ്ടം വലിച്ചെറിയുകയാണ് നമ്മുടെ രീതി. ശാസ്ത്രീയമായ സംസ്‌കരണ സമ്പ്രദായം നമ്മുടെ നാട്ടില്‍ പ്രാബല്യത്തിലില്ല.
മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന കൊടുംക്രൂരതകളും കൃത്യവിലോപങ്ങളും കാരണം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും വരള്‍ച്ചയും നമ്മുടെ ആവാസ വ്യവസ്ഥക്കു തന്നെ ഭീഷണിയായി മാറുകയും ജീവജാലങ്ങളുടെ ജീവ ഘടകമായ വെള്ളം യഥോചിതം സംരക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമസ്ത കേരള സുന്നി യുവജനസംഘം- എസ് വൈ എസ് – മലയാളിയുടെ മനഃസാക്ഷിയെ തട്ടിയുണര്‍ത്തി ജല സംരക്ഷണ ബോധവത്കരണ പദ്ധതി നടപ്പാക്കുകയാണ്. “വെള്ളം അമൂല്യമാണ്, കുടിക്കുക; പാഴാക്കരുത്” എന്ന സന്ദേശവുമായി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ പ്രാദേശിക ഘടകങ്ങളില്‍ തുടക്കം കുറിച്ചുകഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ജലദിനമായ ഇന്ന് ജല ബോധവത്കരണ ദിനമായും ആചരിക്കുകയാണ്. ബോധവത്കരണത്തോടൊപ്പം ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ശുദ്ധ ജലവിതരണവും ഉള്‍പ്പെടുന്നതാണ് പദ്ധതി. ഒപ്പം “വെള്ളമടിക്കുന്ന”തില്‍ മുന്നിലും വെള്ളം കുടിക്കുന്നതില്‍ ഏറെ പിന്നിലുമായ മലയാളിയെ വെള്ളം കുടിക്കാന്‍ പ്രചോദിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
കേവല നിയമങ്ങള്‍ കൊണ്ട് മാത്രം നമുക്കിടയില്‍ നിലവിലുള്ള സമ്പ്രദായങ്ങളെ അപ്പാടെ മാറ്റിയെടുക്കുക സാധ്യമല്ല. വെള്ളത്തിന്റെ കാര്യത്തില്‍ തന്നെ പല രാജ്യങ്ങളിലും പരമ്പരാഗത മാര്‍ഗത്തില്‍ മഴവെള്ള സംരക്ഷണം ഉറപ്പു വരുത്താന്‍ സംവിധാനങ്ങളുള്ളപ്പോഴും ഇവിടെ ഇന്നും അത്തരം സംവിധാനങ്ങള്‍ നടപ്പിലായിട്ടില്ല.
വീടുകളും കെട്ടിടങ്ങളും മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പേരിന് പോലും ഇത് പാലിക്കപ്പെടുന്നില്ല. നിയമത്തെയും വ്യവസ്ഥകളെയും മറി കടക്കാനുള്ള പഴുതുകള്‍ നമ്മുടെ നാട്ടില്‍ ഏറെയാണ്. മുഖം നോക്കാതെയുള്ള നടപടികളില്ലാത്തതു തന്നെയാണ് നിയമവ്യവസ്ഥകള്‍ പാലിക്കപ്പെടാതിരിക്കാനുള്ള പ്രധാന കാരണം. ശക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ വെള്ളത്തിന്റെ പ്രാധാന്യവും അത് എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടണമെന്ന തിരിച്ചറിവും സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. ഈ മഹത്ദൗത്യമാണ് ഉത്തരവാദപ്പെട്ട ഒരു ജനകീയ സംഘടന എന്ന നിലയില്‍ എസ് വൈ എസ് ഏറ്റെടുത്ത് നടപ്പാക്കുന്നത്.
ജലമാണ് ജീവന്‍; ജലമില്ലെങ്കില്‍ നമ്മളില്ല എന്ന ഗൗരവതരമായ സത്യം ഇനിയും നാം തിരിച്ചറിയാതിരിന്നുകൂടാ. ജീവന്റെ പ്രഥമ ഘട്ടവും മനുഷ്യ ശരീരത്തിന്റെ സിംഹ ഭാഗവും ജലമാണ്. ഭൂമിയുടെ ഉപരിതലത്തില്‍ മുക്കാല്‍ ഭാഗവും വെള്ളമാണ്. ഭൂമിയുടെ ആവാസവ്യവസ്ഥയെ പരിപാലിക്കുന്നതിനും സന്തുലിതമായി നിലനിര്‍ത്തുന്നതിനുമായി അല്ലാഹുവിന്റെ കരുണാകടാക്ഷമായാണ് മഴയും അനുബന്ധ ജല സ്രോതസ്സുകളും അവന്‍ സംവിധാനിച്ചിരിക്കുന്നത്. അത് മലിനപ്പെടുത്താതെ, പാഴാക്കാതെ സംരക്ഷിക്കേണ്ടതും മനുഷ്യന്റെ ബാധ്യതയാണ്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രഭാഷണങ്ങളിലൂടെയും ജനസമ്പര്‍ക്കത്തിലൂടെയും സംഘടന ഇക്കാര്യം മുഴുവനാളുകളെയും ബോധ്യപ്പെടുത്തും.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വെള്ളം വിശ്വാസത്തിന്റെ അവിഭാജ്യഘടകം കൂടിയാണ്. ശുദ്ധിയുടെയും ആരാധനകളുടെയും നിര്‍ബന്ധ ഘടകമായ അംഗശുദ്ധിയും കുളിയും ഉദാഹരണമാണ്. അത് കൊണ്ട് തന്നെ ജലം വിനിയോഗിക്കുന്നതിലും അമിതോപയോഗം തടയുന്നതിലും മതത്തിന് കര്‍ശനമായ നിയന്ത്രണങ്ങളും നിലപാടുകളുമുണ്ട്. പക്ഷേ ജലദുര്‍വിനിയോഗത്തിനെതിരെ ഇനിയും ശക്തമായ ജാഗ്രത മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. “”നദിയില്‍ വെച്ചാണ് അംഗശുദ്ധി വരുത്തുന്നതെങ്കിലും നിങ്ങള്‍ അമിതമാക്കരുത്”” എന്ന് പഠിപ്പിച്ച പ്രവാചകര്‍ (സ)യുടെ അനുയായികളാണു മുസ്‌ലിംകള്‍. പക്ഷേ, വെള്ളം ഏറ്റവും കൂടുതല്‍ ദുര്‍വ്യയം ചെയ്യുന്നത് മുസ്‌ലിംകളാണെന്ന് ആക്ഷേപവും തള്ളിക്കളയാനൊക്കുമോ?
വെള്ളം തനിക്കുമാത്രമല്ല, ജീവജാലങ്ങള്‍ക്കും പ്രകൃതിയിലെ എല്ലാറ്റിനും അവകാശപ്പെട്ടതാണെന്നും നാളെക്കു കൂടി കരുതി വെക്കേണ്ടതാണെന്നുമുള്ള ബോധമാണ് ഈ വരള്‍ച്ചാ കാലം നമ്മെ തര്യപ്പെടുത്തുന്നത്. എസ് വൈ എസ് പദ്ധതി ഇതിനു പ്രചോദനമാകുമെന്നുറപ്പാണ്. കുളിക്കാനും കഴുകാനും മറ്റാവശ്യങ്ങള്‍ക്കും ധാരാളമായും അമിതമായും വെള്ളമുപയോഗിക്കുന്ന മലയാളികള്‍ പക്ഷേ, ആവശ്യത്തിന് വെള്ളം കുടിക്കുന്ന കാര്യത്തില്‍ ഏറെ പിന്നിലാണ്. വെള്ളം പാഴാക്കരുതെന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം വെള്ളം ധാരാളമായി കുടിക്കണമെന്ന സന്ദേശം കൂടി നല്‍കുകയാണ് എസ് വൈ എസ്.
ക്രിയാത്മകമായ ബോധവത്കരണ പരിപാടികള്‍ക്കൊപ്പം പൊതുസ്ഥലങ്ങളില്‍ വാട്ടര്‍ ടാപ്പുകളും മറ്റു സംവിധാനങ്ങളുമൊരുക്കാനും വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്താനും പദ്ധതിയുണ്ട്. പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിലാണ് ഇവ സംഘടിപ്പിക്കുന്നത്. നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലുമെല്ലാം കുളങ്ങളും കിണറുകളും നീര്‍ത്തടങ്ങളും ഉള്‍പ്പെടെ എത്രയോ ജലസ്രോതസ്സുകള്‍, ജലസംരക്ഷണ കാര്യത്തില്‍ നമുക്കുള്ള നിസ്സംഗതയും അലംഭാവവും വിളിച്ചറിയിച്ചു കൊണ്ട് കാടുപിടിച്ച്, ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ട്. ഇവ കണ്ടെത്തി വൃത്തിയാക്കി സംരക്ഷിക്കുന്നത് നാം പ്രകൃതിയോടും സമൂഹത്തോടും ചെയ്യുന്ന ഏറ്റവും വലിയ നീതിയായിരിക്കും. ശ്രമദാനം വഴി ഇത്തരം ജലാശയങ്ങള്‍ സംരക്ഷിക്കാനും സംഘടനക്ക് കര്‍മപരിപാടികളുണ്ട്. എല്ലാതരം നന്മയുടെയും നീരുറവകള്‍ വറ്റിവരണ്ടു കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് കുടിനീര്‍ സംരക്ഷണം സ്വന്തം ബാധ്യതയും സംസ്‌കാരവുമായി ഏറ്റെടുത്ത് പ്രകൃതിയോടും വരും തലമുറയോടും നീതി പുലര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാകുക. “”നിങ്ങള്‍ കുടിക്കാറുള്ള വെള്ളത്തെക്കുറിച്ച് എന്തുപറയുന്നു, നിങ്ങളാണോ മേഘത്തില്‍ നിന്നു അത് താഴെയിറക്കിയത് അല്ല നാമാണോ?”” “”പറയുക, നിങ്ങള്‍ക്കു ലഭ്യമായിക്കൊണ്ടിരിക്കുന്ന വെള്ളം താഴേക്ക് ഉള്‍വലിഞ്ഞാല്‍ നിങ്ങള്‍ക്കാര് ശുദ്ധജലം കൊണ്ടുതരും?”” (വിശുദ്ധ ഖുര്‍ആന്‍)