Ongoing News
ചേലേമ്പ്ര ബേങ്ക് കവര്‍ച്ചാ കേസില്‍ മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവ്

മഞ്ചേരി: ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ ബേങ്ക് കവര്‍ച്ചാ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവ്. നാലാം പ്രതി കനകേശ്വരിക്ക് അഞ്ച് വര്‍ഷം കഠിന തടവും മഞ്ചേരി ഒന്നാം അതിവേഗ കോടതി ശിക്ഷ വിധിച്ചു. കോട്ടയം മേലുകാവ് ഉള്ളനാട് വാണിയമ്പുറയ്ക്കല്‍ ജോസഫ് എന്ന് ജയ്‌സണ്‍, ഉല്ലൂര്‍ തൈക്കാട്ടുശ്ശേരി കടവില്‍ ഷിബു എന്ന രാഗേഷ്, കൊയിലാണ്ടി നങ്ങലത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് പത്ത് വര്‍ഷം കഠിന തടവ് ലഭിച്ചത്. രാധാകൃഷ്ണന്റെ ഭാര്യയാണ് കനകേശ്വരി. പ്രതികള്‍ ഇരുപതിനായിരം രൂപ വീതം പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മൂന്ന് മക്കളുടെ അമ്മ എന്ന നിലയിലാണ് കനകേശ്വരിക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
നാല് പേരും കുറ്റക്കാരാണെന്ന് ജഡ്ജി എസ് സതീശ്ചന്ദ്രബാബു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അഞ്ചാം പ്രതി വയനാട് പാലയ്ക്കല്‍ വൈത്തിരിക്കുന്നത്ത് സൈനുദ്ദീനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
2007 ഡിസംബര്‍ 31നാണ് ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ ബേങ്കില്‍ കവര്‍ച്ച നടത്തിയത്. ഹോട്ടല്‍ നടത്താനെന്ന് പറഞ്ഞ് കെട്ടിടത്തിന്റെ താഴത്തെ നില വാടകക്കെടുത്ത ശേഷം ബേങ്കിന്റെ സ്‌ട്രോംഗ് റൂമിന്റെ തറ തുരന്നാണ് മോഷണം നടത്തിയത്. എണ്‍പത് കിലോയോളം സ്വര്‍ണവും 25 ലക്ഷം രൂപയുമാണ് കവര്‍ച്ച നടത്തിയത്.