Connect with us

Malappuram

അത്ഭുത ദ്വീപില്‍ നിന്ന് കാരാഗ്രഹത്തിലേക്ക്‌

Published

|

Last Updated

മഞ്ചേരി:സിനിമാ കമ്പക്കാരനായ കൊയിലാണ്ടി സ്വദേശി രാധാകൃഷ്ണന്‍ പാലക്കാട് താമസിച്ച് വരുന്നതിനിടെ ഭാര്യയെയും മക്കളെയും കൊണ്ട് സിനിമാ ഷൂട്ടിംഗ് കാണാന്‍ പോയതായിരുന്നു. ഒത്താല്‍ മക്കള്‍ക്ക് സിനിമയില്‍ ചാന്‍സ് കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന സിനിമയുടെ ലൊക്കേഷനില്‍ എത്തിയത്.

പാലക്കാട് ഒരു ഉള്‍നാട്ടിലായിരുന്നു ചിത്രീകരണം.ബൈക്ക് മോഷണക്കേസില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് ഇനി അല്‍പ്പം വിനോദമാവാം എന്ന് കരുതിയാണ് സുഹൃത്തുക്കളായ കോട്ടയം സ്വദേശി ജോസഫും തൃശൂര്‍ സ്വദേശി ഷിബുവും അത്ഭുത ദ്വീപ് ഷൂട്ടിംഗ് കാണാനെത്തിയത്. ഇവിടെ വെച്ച് പരിചയപ്പെട്ട ഇരു കൂട്ടരും തങ്ങള്‍ ഒരേ ചിന്താഗതിക്കാരാണെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് ഷിബുവിന് കാര്‍ അപകടത്തില്‍ പരുക്കേറ്റപ്പോള്‍ രാധാകൃഷ്ണന്‍ തന്റെ ഭാര്യയെ ഷിബുവിനെ പരിചരിക്കാനയച്ചതും സൗഹൃദം ദൃഢമാവാനിടയാക്കി. നാലംഗ സംഘത്തിന്റെ ചര്‍ച്ചകള്‍ പിന്നീട് പണം സമ്പാദിക്കാനുള്ള കുറുക്കുവഴികള്‍ തേടുകയായിരുന്നു. ഒരു യാത്രക്കിടയിലാണ് ജോസഫിന്റെ മനസ്സില്‍ ബേങ്ക് കവര്‍ച്ചയെന്ന ആശയം ഉടലെടുത്തത്.
ഏറെ നാളത്തെ ഗൂഢാലോചനക്കൊടുവില്‍ ചേലേമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ ബേങ്ക് തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബേങ്ക് കെട്ടിടത്തിന് താഴെ പ്രവര്‍ത്തിക്കുന്ന സുഹൈമ എന്ന ഹോട്ടല്‍ നടത്തുന്ന മൊയ്തീന്‍കുട്ടി ഹാജിയെ സമീപിച്ച് ഹോട്ടല്‍ വില്‍ക്കുന്നുണ്ടോയെന്ന് അന്വേഷിച്ചു. ബിസിനസ്സില്‍ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന ഹാജിക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അദ്ദേഹം തന്നെ കെട്ടിടയുടമയെ കണ്ട് 50000 രൂപ അഡ്വാന്‍സിന് കച്ചവടം ഉറപ്പിച്ചു. ഉടന്‍ തന്റെ ആഭരണങ്ങളുമായി മാനാഞ്ചിറ മുത്തൂറ്റ് ബേങ്കിലെത്തിയ കനകേശ്വരി ഇതിന് വേണ്ട പണം വാങ്ങി. പിന്നീട് ഹോട്ടലില്‍ പണി നടക്കുകയാണെന്നും ഉടന്‍ തുറക്കുമെന്ന ബോര്‍ഡ് സ്ഥാപിക്കാനുള്ള ബുദ്ധിയുദിച്ചത് ജോസഫിനാണ്. സ്‌ട്രോംഗ് റൂമിന്റെ സ്ഥാനം കണ്ടുപിടിച്ച ഇവര്‍ കൊയമ്പത്തൂരില്‍ നിന്നും കൊണ്ടുവന്ന മാര്‍ബിള്‍ കട്ടര്‍, ഡ്രില്ലര്‍ എന്നിവ ഉപയോഗിച്ച് അകത്ത് നിന്നും മുകളിലേക്ക് തുരക്കുകയായിരുന്നു. മുകളിലെത്തിയ സംഘത്തിന് ലഭിച്ചത് 3341 പാക്കറ്റുകളിലാക്കി സൂക്ഷിച്ച 79660.674 ഗ്രാം സ്വര്‍ണ്ണവും 2493810 രൂപയും. തെളിവുകള്‍ ബാക്കിവെക്കാതെ മുങ്ങിയ സംഘം പിന്നീട് പൊങ്ങുന്നത് ഹൈദരാബാദിലെ ഡക്കാന്‍ റസിഡന്‍സിയില്‍. ഇവിടെ വെച്ച് അന്വേഷണം വഴി തിരിക്കാന്‍ ചില പൊടിക്കൈകള്‍. മോഷ്ടിച്ച മുതലുകളില്‍ ചിലത് മുറിയില്‍ ഉപേക്ഷിച്ച ഇവര്‍ ഭിത്തിയില്‍ ജയ് മാവോ എന്നെഴുതാനും മറന്നില്ല. ചില ആന്ധ്ര പത്രങ്ങളിവിടെയിടാനും ബുദ്ധി കാണിച്ചു. തുടര്‍ന്ന് ഡി വൈ എസ് പി മനോഹരകുമാറിനെ വിളിച്ച് ഇവര്‍ തന്നെ വിവരം നല്‍കിയ ശേഷം അവിടെനിന്നും മുങ്ങി. നേരെ വിട്ടത് ചെന്നൈയിലേക്ക്. ജോസഫിന്റെ സഹോദരീപുത്രന്‍ സിനോജോയിയെ സമീപിച്ച് തങ്ങള്‍ ബേങ്കില്‍ നിന്നും ലേലം വിളിച്ചെടുത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായം അഭ്യര്‍ഥിച്ചു. ഇതിനിടയില്‍ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പത്രത്തില്‍ പരസ്യവും നല്‍കി.
ലഭിച്ച പണവുമായി പിന്നീട് പോയത് ബാംഗ്ലൂരിലേക്ക്. ഇവിടെ ബിജു ഡൊമിനിക്ക് എന്ന ബ്രോക്കറുടെ സഹായത്തോടെ ജോസഫിന്റെ ഭാര്യയുടെയും ഭാര്യ മാതാവിന്റെയും ഷിബുവിന്റെയും പേരില്‍ മൂന്ന് പ്ലോട്ടുകള്‍ വാങ്ങി. മറ്റൊരു പ്ലോട്ടിന് അഡ്വാന്‍സ് കൊടുത്തു. ഈ സ്വത്തുക്കള്‍ പിന്നീട് ചേലേമ്പ്ര ബേങ്കിന് നല്‍കി കൊണ്ട് തിരൂര്‍ കോടതി ഉത്തരവാകുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം ജോസഫും ഷിബുവും ഫെബ്രുവരി 27ന് കോട്ടുളിയിലെ വാടക വീട്ടില്‍ വെച്ചും രാധാകൃഷ്ണനും ഭാര്യയും കോഴിക്കോട്ടെ വാടക വീട്ടില്‍ വെച്ചും അറസ്റ്റിലായതോടെയാണ് നാല്‍വര്‍ സംഘം കാരാഗ്രഹത്തിലേക്കുള്ള പാതയിലായത്.

---- facebook comment plugin here -----

Latest