Articles
ചോദ്യങ്ങള്‍ തെറ്റാകുമ്പോള്‍ ഉത്തരങ്ങളുടെ പ്രസക്തി?
ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് ചോദ്യപ്പേപ്പറില്‍ പതിനൊന്നാം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും അനേകം തെറ്റുകള്‍. അമ്പതിനായിരം വരെ ശമ്പളം വാങ്ങുന്ന ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപകരെക്കാള്‍ യോഗ്യരാണ് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന കോളജ് അധ്യാപകര്‍ എന്ന തെറ്റിദ്ധാരണയില്‍ നിന്നോ മുന്‍വിധിയില്‍ നിന്നോ ഉടലെടുത്ത വികാരമാണ് ചോദ്യപ്പേപ്പര്‍ പതിനൊന്നിലും പന്ത്രണ്ടിലും റെഗുലര്‍ കോളജ് ഇംഗ്ലീഷ് അധ്യാപകരിട്ടാല്‍ അത് ശുദ്ധമാകും എന്ന തെറ്റിദ്ധാരണ. ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര സര്‍ക്കാറിന്റെ ആറാം പേ കമ്മീഷനാണ് മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്കും പി ജി മാത്രം കൈമുതലായുള്ള റെഗുലര്‍ കോളജ് അധ്യാപകര്‍ക്കും ഒരേ പേ സ്‌കെയില്‍ കൊടുക്കണം എന്ന് തീരുമാനിച്ചത്. ഇത്രയും അപകടകരമായതും യുക്തിപൂര്‍ണമല്ലാത്തതുമായ തീരുമാനം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടില്ല. U G C യുടെ നോംസ് പോലും കാറ്റില്‍ പറത്തി ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ വരെ വാങ്ങുന്ന അധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ഡറി ചോദ്യങ്ങള്‍ തെറ്റ് കൂടാതെ ഉണ്ടാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
“The school is decided….” എന്നത് തെറ്റാണ് എന്ന് കുട്ടികളില്‍ പലര്‍ക്കും അറിയാം. ” The school has decided….” ആണ് ശരിയെന്ന് ചോദ്യപ്പേപ്പര്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍ കുട്ടികളില്‍ ചിലര്‍ പിറുപിറുത്തു. “In the notice board” എന്ന് ചോദ്യപ്പേപ്പറില്‍ കണ്ടപ്പോള്‍ പല കുട്ടികളും അത് “On the notice board” എന്ന് തിരുത്തിയത് ഈ ലേഖകന്‍ നേരിട്ട് കണ്ടതാണ്. അബൂദബിയിലും ഖത്തറിലും ജിദ്ദയിലുമായി 15 വര്‍ഷം ഇന്ത്യന്‍ സിലബസിലും ബ്രിട്ടീഷ് സിലബസിലും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ചയാള്‍ക്ക് ഈ തെറ്റ് സ്വാഭാവികമായി കാണാന്‍ കഴിയില്ല. “അദ്ദേഹം സ്വിസ് വാച്ച് കെട്ടി പുറത്തു പോയി ” എന്ന മലയാള വാചകത്തില്‍ തെറ്റില്ല. വാച്ച് കെട്ടുകയെന്നത് മലയാളത്തിന്റെ ശൈലിയാണ്. പക്ഷേ, ആ വാചകത്തെ ഇംഗ്ലീഷിലേക്ക് മാറ്റുമ്പോള്‍ “tie the watch” എന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ പരിഹാസത്തോടെ കാണും. “wear the watch” എന്നതാണ് ഇംഗ്ലീഷിന്റെ ശൈലി. “The blind girl on the Train” എന്ന പ്രസിദ്ധമായ കഥയെഴുതിയ റസ്‌കിന്‍ ബോണ്ടിന് usage തെറ്റിപ്പോയി എന്ന് പറഞ്ഞ് ബഹളം വെച്ച ഇംഗ്ലീഷ് അധ്യാപകരോട് “The oxford Advanced Learners Dictionary” യുടെ ഏറ്റവും പുതിയ എഡിഷന്‍ തുറന്ന് on എന്ന പദത്തില്‍ 54 usage (പ്രയോഗങ്ങളും) വായിച്ചു നോക്കാന്‍ പറയുക. on the Train, on the ship, on the aircraft തുടങ്ങിയ ശൈലികളെല്ലാം ശരിയാണ്. തീവണ്ടിയും കപ്പലും two- tier ആണ്. യാത്ര ചെയ്യുന്നവര്‍ സീറ്റിലോ ബര്‍ത്തിലോ ആണ് ഇരിക്കുന്നതെന്ന് മനസ്സിലാക്കണം. in the car എന്നേ പറയാവൂ. കാരണം, car റ്റൂടിയര്‍ അല്ല. ഇത്തരം കാര്യങ്ങള്‍ ഒന്നും മനസ്സിലാക്കാതെ എന്തെഴുതിയാലും ആശയങ്ങള്‍ മനസ്സിലായാല്‍ മതി എന്ന് പറയുന്നവര്‍ അവരുടെ അജ്ഞതക്ക് ന്യായീകരണം തേടുകയാണ് ചെയ്യുന്നത്. കോവളത്തെ കടപ്പുറത്ത് കടല വില്‍ക്കുന്ന ചെറുപ്പക്കാര്‍ ഒഴുക്കോടെ ഇംഗ്ലീഷ് പറയുന്നതും, മുംബൈ ഫുട്പാത്തിലെ ഓറഞ്ച് വില്‍പ്പനക്കാര്‍ ഹിന്ദി അനായാസമായി സംസാരിക്കുന്നതും ഷേക്‌സ്പിയറും പ്രേംചന്ദും പഠിച്ചിട്ടല്ല എന്ന് പറയുന്നവരോട് തിരിച്ചു ചോദിക്കാനുള്ളത് പതിനൊന്നിലും പന്ത്രണ്ടിലും രണ്ട് വര്‍ഷം എന്താണ് ക്ലാസില്‍ ചെയ്യുന്നത്? ഹിന്ദി ഒഴുക്കോടെ പറയുക എന്നത് മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ കുട്ടികളെ മൂന്ന് മാസം ഭോപ്പാലിലോ അലിഗഢിലോ വിട്ടാല്‍ മതി. അറബി വീടുകളില്‍ “ആയമാര്‍” അല്ലെങ്കില്‍ “ഗദ്ദാമമാര്‍” ആയി ജോലി ചെയ്യുന്നവര്‍ക്ക് അറബി എഴുതാന്‍ അറിയില്ലെങ്കിലും തുലാവര്‍ഷത്തിലെ മഴവെള്ളം പോലെ പറയാന്‍ കഴിയും. ഇത്രയും മതിയോ? ഗള്‍ഫില്‍ ജോലി ചെയ്ത ഗദ്ദാമമാരെ സ്‌കൂള്‍- കോളജുകളില്‍ അറബി അധ്യാപകരായി നിയമിച്ചാലോ? ബിരുദവും ബിരുദാനന്തര ബിരുദവും സെറ്റും കഴിഞ്ഞ് വരുന്ന ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഏതാനും വാചകങ്ങള്‍ തെറ്റുകൂടാതെ എഴുതാന്‍ കഴിയാത്തതും റെഗുലര്‍ കോളജില്‍ രാത്രി മനഃപാഠം പഠിച്ചത് രാവിലെ ഉരുവിട്ട് റെഡിമെഡ് ക്ലാസെടുക്കുന്ന യു ജി സി പ്രൊഫസറും ഈ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതല്ലേ ഉചിതം.
ഹൈസ്‌കൂള്‍ ക്ലാസ്മുറികളിലെ ഇംഗ്ലീഷിന്റെ നിലവാരത്തകര്‍ച്ചയാണോ ഈ വര്‍ഷത്തെ പത്താം തരം ഇംഗ്ലീഷ് ചോദ്യക്കടലാസില്‍ തെറ്റുകള്‍ പെറ്റുപെരുകാന്‍ കാരണം? ചോദ്യങ്ങള്‍ക്ക് കൊടുത്ത Hints ( സൂചനകള്‍) പോലും തെറ്റായിട്ടാണ് നല്‍കിയത്.
വളരെ അലസമായി, ശ്രദ്ധയില്ലാതെ പ്രിപ്പയര്‍ ചെയ്ത ചോദ്യപ്പേപ്പറാണ് ഈ തവണ പൊതു പരീക്ഷക്ക് പത്താം ക്ലാസുകാര്‍ക്ക് നല്‍കിയത്. പാരമ്പര്യവാദികളുടെ കടുംപിടിത്തമാണ് വിദ്യാര്‍ഥികളെ ഇംഗ്ലീഷ് ഭാഷയുടെ രാജവീഥിയില്‍ നിന്ന് അകറ്റിമാറ്റിയതെന്ന് വാദിക്കുന്നവര്‍ അറിയാതെ പോകുന്ന ഒരു കാര്യം “യൂസേജും” സ്‌പെല്ലിംഗും വിട്ടുകളഞ്ഞാല്‍ പിന്നെ അവശേഷിക്കുന്നത് ലിപി മാത്രമായിരിക്കും. ഇനി ലിപി മാത്രം പഠിപ്പിച്ചാല്‍ പോരെ?
കൂടാതെ ഈ വര്‍ഷത്തെ സാമൂഹ്യശാസ്ത്രം ചോദ്യപേപ്പര്‍ പത്താം ക്ലാസിലെ പൊതു പരീക്ഷക്ക് തന്നെ തയ്യാറാക്കിയതായിരുന്നോ എന്ന് സംശയിച്ചുപോകും. അനേകം തെറ്റുകളും സിലബസില്‍ നിന്ന് ഒഴിവാക്കിയ ഭാഗത്ത് നിന്നും ചോദ്യം വന്നതും ഇതിനകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഈ തവണ പത്താം ക്ലാസ് പൊതു പരീക്ഷ എഴുതിയ കുട്ടികള്‍ ഏറ്റവും കൂടുതല്‍ വിയര്‍ത്തത് സാമൂഹ്യശാസ്ത്രം പരീക്ഷ എഴുതുമ്പോഴാണ്. സാമൂഹ്യശാസ്ത്രം അധ്യാപകര്‍ക്കും ഇതൊരു ഞെട്ടലുണ്ടാക്കി. “മതനവീകരണം” (Reformation) ക്രിസ്ത്യന്‍ സമൂഹത്തെ ആക്ഷേപിക്കുന്നതാണ് എന്ന വിമര്‍ശം ഉയര്‍ന്നപ്പോള്‍ ആ ഭാഗം വിട്ടുകളയാന്‍ നേരത്തെ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ചോദ്യം പോലും മതനവീകരണം എന്ന ചാപ്റ്ററില്‍ നിന്ന് ചോദിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ തവണ അതേ ചാപ്റ്ററില്‍ നിന്ന് നാല് മാര്‍ക്കിന്റെ ചോദ്യം ചോദിച്ച് കുട്ടികളെ അസ്വസ്ഥതയുടെ മുള്‍മുനയില്‍ നിര്‍ത്തിയതിന് ഇത് തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്.
സാമൂഹ്യപാഠത്തിലെ മറ്റു ചോദ്യങ്ങളും കുട്ടികളെ ഇരുണ്ട കാനനത്തിനകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന തരത്തിലാണുള്ളത്. സിലബസില്‍ പ്രാധാന്യമില്ലാത്ത ചില കാര്യങ്ങള്‍ ടെക്സ്റ്റ് ബുക്കിന്റെ ഏതെങ്കിലും മൂലയില്‍ നിന്ന് പെറുക്കിയെടുത്ത് അതിനെ “high light” ചെയ്ത് പാരഗ്രാഫും എസ്സേയും എഴുതാന്‍ ചോദിച്ചതായി കാണുന്നു. യുക്തിയില്ലാത്ത ഒരാളോ ഒരു സംഘം ആളുകളോ ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത ഒരു അസംബന്ധ നാടകമായി ഈ ചോദ്യപ്പേപ്പറിനെ മാറ്റിയവര്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. കഴിഞ്ഞ കുറേ വര്‍ഷമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കാലിടറി വീഴുന്നത് സാമൂഹ്യശാസ്ത്രത്തിലാണ്. ഈ കൂട്ടത്തോല്‍വിക്ക് കാരണം പാഠഭാഗങ്ങളുടെ ബാഹുല്യമാണ്. രണ്ട് പടുകൂറ്റന്‍ ടെക്സ്റ്റ് ബുക്കുകളില്‍ ലോകത്തുള്ള എല്ലാ വിജ്ഞാനശാഖകളും കുത്തിനിറച്ചിരിക്കുന്നു. പശ്ചിമേഷ്യയിലെ മരുഭൂമി മേഖലയിലെ പൂഴിയുടെ നിറവും അറ്റ്‌ലാന്‍ഡിക് ഓഷ്യനില്‍ സാധാരണ കാണപ്പെടുന്ന മത്സ്യങ്ങളുടെ തൊലിപ്പുറ സാദൃശ്യവും കുട്ടികള്‍ പഠിക്കണം. പിക്കാസോവിന്റെ ഗുര്‍ണിക്കയും ആല്‍ബേര്‍കാമുവിന്റെ outsider (അന്യന്‍) എന്ന വിഖ്യാത നോവലും ക്ലാസ്മുറികളില്‍ ചര്‍ച്ചാവിഷയമാകുന്നു. പോസ്റ്റ് മോഡേണിസവും ടി എസ് എലിയട്ടിന്റെ ക്ലാസിക്കല്‍ ഔട്ട്‌ലുക്കും കുട്ടികള്‍ പഠിച്ചിരിക്കണം. പരസ്പര ബന്ധമില്ലാത്ത അനേകം പാഠങ്ങള്‍ ഒരു ചാക്കില്‍ കുത്തിനിറച്ച ഈ പുസ്തകങ്ങള്‍ തന്നെ കുട്ടികളുടെ മുതുകില്‍ 200 കിലോ ഭാരം വരുന്ന ഉപ്പ് ചാക്കുകള്‍ വെച്ചുകൊടുത്തത് പോലെയാണ്. മുക്കിയും മൂളിയും കുട്ടികളും സോഷ്യല്‍ സയന്‍സ് അധ്യാപകരും നീങ്ങുന്നതിനിടയിലാണ് ഈ വര്‍ഷത്തെ അമ്പരപ്പിക്കുന്ന ചോദ്യങ്ങള്‍! ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സിലും തെറ്റുകള്‍ ഒരുപാട്. ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സില്‍ ഇല്ലാത്ത ചാപ്റ്ററില്‍ നിന്ന് ചോദ്യങ്ങള്‍ പൊങ്ങിവന്നിരിക്കുന്നു. എല്ലാം തമോ മയം തന്നെ!