Sports
ഓസ്‌ട്രേലിയ നിലംപരിശായി; ഇന്ത്യക്ക് പരമ്പര
- രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച്
- അശ്വിന്‍ മാന്‍ ഓഫ് ദ സീരീസ്
ന്യൂഡല്‍ഹി: ആസ്‌ത്രേലിയയെ പരമ്പരയിലെ നാല് ടെസ്റ്റുകളിലും പരാജയപ്പെടുത്തി ഇന്ത്യ ചരിത്ര നേട്ടം കുറിച്ചു. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഒരു ദിനം അവശേഷിക്കെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഓസീസിനെതിരെ അവരുടെ നാട്ടില്‍ 4-0ത്തിന് ടെസ്റ്റ് പരമ്പര അടിയറവെച്ച് നാണംകെടേണ്ടി വന്ന ഇന്ത്യ സ്വന്തം മണ്ണില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി വീണ്ടെടുത്ത് മധുര പ്രതികാരം ചെയ്തു.
മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 155 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 82 റണ്‍സ് നേടി പുറത്താകാതെ നിന്ന ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ വിജയശില്പി. വിരാട് കോഹ്‌ലി 41 റണ്‍സ് നേടി. കൈക്കേറ്റ പരുക്ക് വക വെക്കാതെ ഉജ്ജ്വല ഇന്നിംഗ്‌സ് കെട്ടിപ്പടുത്ത പൂജാര ഒരറ്റത്ത് അപരാജിതനായി നില കൊണ്ടു. 92 പന്തുകള്‍ നേരിട്ട പൂജാര 11 ബൗണ്ടറികളുടെ പിന്‍ബലത്തിലാണ് 82റണ്‍സ് കണ്ടെത്തിയത്. കോഹ്‌ലി പുറത്തായതോടെ ക്രീസിലെത്തിയ സച്ചിനും പിന്നാലെ അജിങ്ക്യ രഹാനെയും ക്ഷണത്തില്‍ മടങ്ങി.
പിന്നീടെത്തിയ നായകന്‍ ധോണി അധികം നഷ്ടങ്ങളില്ലാതെ 12 റണ്‍സുമായി വിജയത്തില്‍ പൂജാരക്ക് കൂട്ടായി ക്രീസില്‍ നിന്നു. മാക്‌സ്‌വെല്ലിനെ ഒരോവറില്‍ മൂന്ന് ഫോറിന് ശിക്ഷിച്ച പൂജാര സ്‌കോര്‍ ഒപ്പമെത്തിച്ചപ്പോള്‍ വിജയ റണ്‍സ് നേടി നായകന്‍ പരമ്പരക്ക് രാജകീയമായി തിരശ്ശീലയിട്ടു. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പൂജര- കോഹ്‌ലി സഖ്യം 104റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. കോഹ്‌ലി 60 പന്തില്‍ നിന്നാണ് 41 എടുത്തത്. ഇന്ത്യക്ക് നഷ്ടപ്പെട്ട നാല് വിക്കറ്റുകള്‍ ലിയോണ്‍, മാക്‌സ്‌വെല്‍ എന്നിവര്‍ പങ്കിട്ടു.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 4-0ന് പരമ്പര സ്വന്തമാക്കുന്നത്. 1993-ലാണ് ഇന്ത്യ അവസാനമായി ഒരു പരമ്പര തൂത്തുവാരിയത്. മുഹമ്മദ് അസ്ഹറുദീന്റെ നായകത്വത്തില്‍ അന്ന് ഗ്രഹാം ഗൂച്ചിന്റെ നേതൃത്വത്തിലെത്തിയ ഇംഗ്ലണ്ടിനെ ഇന്ത്യ 3-0 ന് കീഴടക്കി പരമ്പര സ്വന്തമാക്കുകയായിരുന്നു. ആസ്‌ത്രേലിയയാകട്ടെ 43 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്. 1969-70 കാലഘട്ടത്തില്‍ ബില്‍ ലോറിന്റെ നേതൃത്വത്തിലെത്തിയ ആസ്‌ത്രേലിയ ദക്ഷിണാഫ്രിക്കയോടാണ് സമാനമായ തോല്‍വി വഴങ്ങിയത്.
നേരത്തെ സ്പിന്നര്‍മാരുടെ മികവില്‍ ആസ്‌ത്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യ 164 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഓസീസ് നിരയെ തകര്‍ത്തത്. ആര്‍ അശ്വിന്‍, പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി ജഡേജക്ക് ശക്തമായ പിന്തുണ നല്‍കി. 50 റണ്‍സ് നേടിയ പീറ്റര്‍ സിഡിലാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. സിഡില്‍ ആദ്യ ഇന്നിംഗ്‌സില്‍ 51 റണ്‍സ് നേടിയിരുന്നു. ഒമ്പതാമനായി ക്രീസിലെത്തി രണ്ട് ഇന്നിംഗ്‌സിലും അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സിഡില്‍ സ്വന്തം പേരിലാക്കി. സിഡിലിന് പുറമെ എഡ്‌കോവാന്‍ പൊരുതാന്‍ ശ്രമിച്ചെങ്കിലും ഇന്നിംഗ്‌സ് വലുതാക്കാന്‍ സ്പിന്നര്‍മാര്‍ സമതിച്ചില്ല. കോവാന്‍ 24 റണ്‍സ് കണ്ടെത്തി.
ആദ്യ ഇന്നിംഗ്‌സില്‍ എട്ടിന് 266 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യക്ക് ആറ് റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. രണ്ട് വിക്കറ്റും നഥാന്‍ ലിയോണ്‍ നേടി. ഇതോടെ 94 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് സ്വന്തമാക്കാനും ലിയോണിന് സാധിച്ചു.
ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 262 റണ്‍സ് നേടിയിരുന്നു.മത്സരത്തില്‍ ഏഴ് വിക്കറ്റ് നേടിയ ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയില്‍ നാല് അഞ്ച് വിക്കറ്റ് നേട്ടമടക്കം 29 വിക്കറ്റ് നേടിയ അശ്വിനാണ് മാന്‍ ഓഫ് ദ സീരീസ്. ടെസ്റ്റിലെ ആദ്യ മാന്‍ ഓഫ് ദ മാച്ച് പുസ്‌കാരമാണ് ജഡേജ സ്വമാക്കിയത്.
പരമ്പരയിലുടനീളം മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഓപണര്‍ മുരളി വിജയ് 61. 42 ശരാശരിയില്‍ 430റണ്‍സെടുത്തു. ഇതില്‍ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 419 റണ്‍സോടെ പൂജാര രണ്ടാം സ്ഥാനത്തുണ്ട്.
ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിനും ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 135 റണ്‍സിനും മൊഹാലിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ആറ് വിക്കറ്റിനും ഇന്ത്യ ജയിച്ചിരുന്നു.