Connect with us

Gulf

കപ്പലോടിക്കാന്‍ സലാലയിലെ സ്വദേശി യുവാക്കള്‍ റെഡി

Published

|

Last Updated

സലാല: സലാല തുറമുഖത്ത് ആദ്യമായി സ്വദേശി കപ്പിത്താന്‍മാര്‍ സേവന രംഗത്ത്. മുഹമ്മദ് ഉജൈലി, അലി ബര്‍ഹാം എന്നീ സ്വദേശി യുവാക്കള്‍ കപ്പലോടിക്കുന്നതിനുളള ലൈസന്‍സ് കരസ്ഥമാക്കി. ഉമര്‍ അല്‍ കഥീരി എന്ന മറ്റൊരു സ്വദേശി യുവാവ് പരിശീലനം പൂര്‍ത്തിയാക്കി ഉടനെ ലൈസന്‍സ് കരസ്ഥമാക്കും. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ ഉള്‍പ്പെടെ നിയന്ത്രിക്കാനുളള പരിശീലനവും യോഗ്യതയും കൈവരിച്ചാണ് യുവാക്കള്‍ കര്‍മരംഗത്തിറങ്ങുന്നത്. സ്വദേശി തൊഴിലാളികളെ സൃഷ്ടിക്കുന്നതിന് സലാല പോര്‍ട്ട് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികളുടെ ഭാഗമായാണ് യുവാക്കള്‍ക്ക് മികച്ച പരിശീലനം നല്‍കിയത്. തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ മികച്ച പരിശീലനം നല്‍കുന്ന രാജ്യത്തെ ഏക തുറമുഖമാണ് സലാല പോര്‍ട്ടെന്നും യുവാക്കള്‍ക്ക് ഉന്നത നിലവാരത്തിലുളള സാങ്കേതിക പരിശീലനം നല്‍കി മികവ് തെളിയിക്കാന്‍ അവസരം നല്‍കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പോര്‍ട്ട് ഓഫ് സലാല സി ഇ ഒ പീറ്റര്‍ ഫോര്‍ഡ് പറഞ്ഞു.

ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയിലെ അറബ് അക്കാദമി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ആന്റ് മരിടൈം ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്നാണ് യുവാക്കള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. അവസാന ഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പുതിയ പൈലറ്റുമാര്‍ ജോര്‍ദാനിലെ ജോര്‍ദാന്‍ അക്കാദമി ഓഫ് മരിടൈം സ്റ്റഡീസിലേക്ക് പോകും.
സലാലയില്‍ മികച്ച വിദേശി പൈലറ്റുമാരുടെ കീഴില്‍ നാല് വര്‍ഷത്തെ പരിശീലനം വിവിധ ഘട്ടങ്ങളിലായി നല്‍കിയിരുന്നു. ക്യാപ്റ്റന്‍ അലി ബര്‍ഹാം സലാല പോര്‍ട്ടില്‍ 1998 മുതല്‍ ജോലി ചെയ്തു വരുന്നുണ്ട്. ക്യാപ്റ്റന്‍ മുഹമ്മദ് ഉജൈലി ബിരുദ പഠനം പൂര്‍ത്തിയാക്കി 2005 മുതലാണ് സലാല പോര്‍ട്ടില്‍ ജോലിയാരംഭിച്ചത്. രണ്ടു പേര്‍ക്കും 2008 മുതല്‍ പൈലറ്റുമാരായി സ്ഥാനക്കയറ്റം ലഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കണ്ടയ്‌നര്‍ കപ്പലുകള്‍ നങ്കൂരമിടുന്ന രാജ്യത്തെ വലിയ തുറമുഖമാണ് സലാല. 1737 കണ്ടയ്‌നര്‍ കപ്പലുകളാണ് 2012 ല്‍ സലാല തുറമുഖത്തെത്തിയത്. മാസത്തില്‍ 144 ഉം ദിവസേന അഞ്ചും ചരക്കു കപ്പലുകളാണ് ശരാശരി സലാലയിലെത്തുന്നത്. സലാല തുറമുഖത്തെ കാര്‍ഗോ ടെര്‍മിനലില്‍ 2012 ല്‍ 1478 ചരക്കു കപ്പലുകളെത്തി. ഇതിനിടെ ലോകത്തെ മികച്ച 30 പോര്‍ട്ടുകളുടെ പട്ടികയില്‍ സലാല തുറമുഖം ഇടം നേടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest