Kerala
എം.കെ പ്രേംനാഥിനെ സോഷ്യലിസ്റ്റ് ജനത വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
കോഴിക്കോട്/തിരുവനന്തപുരം:സോഷ്യലിസ്റ്റ് ജനതാ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഡ്വ. എം കെ പ്രേംനാഥിനെ പാര്‍ട്ടി പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പുറത്താക്കി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിമത യോഗം വിളിച്ചു ചേര്‍ക്കുകയും വീരേന്ദ്രകുമാറിനും മകന്‍ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എക്കുമെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതാണ് നടപടിക്ക് കാരണമായത്. വിമത യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന കൗണ്‍സില്‍ അംഗം കൂട്ടിക്കട അശ്‌റഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
അതേസമയം തനിക്കെതിരെയുള്ള നടപടി കണക്കിലെടുക്കില്ലെന്ന് പ്രേംനാഥ് പറഞ്ഞു. ടി വി ചാനലില്‍ കണ്ടാണ് നടപടിയെ കുറിച്ചറിഞ്ഞത്. നേരിട്ട് അറിയിച്ചിട്ടില്ല. പാര്‍ട്ടിയിലെ നേതാക്കളുമായി അന്വേഷിക്കാത്ത നടപടി സംഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. പാര്‍ട്ടി വിരുദ്ധമായ ഒന്നും താന്‍ ചെയ്തിട്ടില്ല. ആശയസമരം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പരാജയപ്പെട്ടതിന് ശേഷം മുന്‍ എം എല്‍ എ കൂടിയായ പ്രേംനാഥ് പാര്‍ട്ടി നേതൃത്വവുമായി ഏറ്റുമുട്ടലിലായിരുന്നു. തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുവന്ന മനയത്ത് ചന്ദ്രനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തതും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതുമായിരുന്നു പ്രേംനാഥിനെ ചൊടിപ്പിച്ചിരുന്നത്. വടകരയില്‍ തനിക്കെതിരെ പരസ്യമായി രംഗത്തു വന്ന മനയത്ത് ചന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് പ്രേംനാഥ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തന്റെ ആവശ്യം പരിഗണിക്കാതിരുന്ന പാര്‍ട്ടി പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ മനയത്ത് ചന്ദ്രനെ ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്തത് പ്രേംനാഥിനെ കൂടുതല്‍ പ്രകോപിതനാക്കി. ഇതേ തുടര്‍ന്ന് വടകരയില്‍ പ്രേംനാഥ് അനുകൂലികള്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുകയും നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് വടകരയിലെ പരസ്യമായ ഭിന്നത ഒഴിവാക്കിയത്.
പിന്നീട് കോഴിക്കോട് നടന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ പ്രേംനാഥിനോടൊപ്പം നില്‍ക്കുന്ന സമ്മേളന പ്രതിനിധികളെ സമ്മേളന ഹാളിലേക്ക് കയറ്റിയില്ലെന്നാരോപിച്ച് പ്രേംനാഥ് ഹാളിന് പുറത്ത് കുത്തിയിരുപ്പ് നടത്തിയതും വാര്‍ത്തയായിരുന്നു. പിന്നീട് ശ്രേയംസ്‌കുമാര്‍ ഇടപെട്ട് ഇവരെ അകത്ത് കടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനിടെ മനയത്ത് ചന്ദ്രനെ ജില്ലാ ബേങ്ക് പ്രസിഡന്റും കേര ഫെഡ് ചെയര്‍മാനുമാക്കിയതും പ്രേംനാഥിനെ പ്രകോപിപ്പിച്ചു. ഇതാണ് നേതൃത്വത്തിനെതിരെ രംഗത്തു വരാനും നടപടി ഏറ്റുവാങ്ങാനും പ്രേംനാഥിനെ പ്രേരിപ്പിച്ചത്. വീരേന്ദ്രകുമാറിനും മകനുമെതിരെ സമാനമായി ചിന്തിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നും വരും ദിവസങ്ങളില്‍ അവരും നിലപാട് വ്യക്തമാക്കുമെന്നാണ് പാര്‍ട്ടിയോടടുത്തവര്‍ സൂചിപ്പിക്കുന്നത്.