Connect with us

Kerala

എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിന് ബേങ്കുകള്‍ സഹായം നല്‍കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ ബേങ്കുകള്‍ സാമ്പത്തിക സഹായം നല്‍കാന്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസ പാക്കേജിനും ആരോഗ്യ പരിരക്ഷക്കും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ബേങ്കുകള്‍ സഹകരിക്കണം. കൃഷി, വിദ്യാഭ്യാസ ലോണുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണമെന്നും ഇരു മേഖലകള്‍ക്കും ബേങ്കുകള്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബി പി എല്‍ വിഭാഗത്തിനായി നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ വായ്പകളുടെ അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അപേക്ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്. 2009ന് ശേഷമുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. എന്നാല്‍ 2004 മുതല്‍ 2009വരെയുള്ള വായ്പകളെ കൂടി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വന്നത്. ഇതനുസരിച്ച് ഇതില്‍ ബി പി എല്‍കാര്‍ക്ക് സബ്‌സിഡി കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ട് എല്ലാവര്‍ക്കും പ്രയോജനമില്ലാത്തതിനാ ല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഇത് മൂന്ന് ലക്ഷം രൂപ വരെ വരുമാനപരിധിയുള്ളവര്‍ എന്നാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ഥിയോ കുടുംബനാഥനോ മരിച്ചാല്‍ വായ്പ ഒഴിവാക്കാന്‍ ബേങ്കുകള്‍ തയ്യാറാകണം. പ്രത്യേക പരിഗണന ആവശ്യപ്പെട്ട് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുന്ന കേസുകളില്‍ അനുകൂലമായ നടപടി ബേങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.
കയര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് വായ്പ നല്‍കിയ ബേങ്കുകളുടെ തിരിച്ചടവ് സംബന്ധിച്ച പരാതി ലഭിച്ചാല്‍ പരിഹരിക്കും. ബി പി എല്‍ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ സബ്‌സിഡിയായി വിവിധ ജില്ലകളിലെ ബേങ്കുകള്‍ക്കുള്ള തുക നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസത്തിനായി 50 ലക്ഷം രൂപ നല്‍കാന്‍ തയ്യാറാണെന്ന് കാനറാ ബേങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍ കെ ദുബെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പാക്കേജില്‍ ബേങ്കുകള്‍ പങ്കാളികളാകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.