Connect with us

Gulf

സലാലയില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍

Published

|

Last Updated

സലാല: സലാലയില്‍ കനത്ത  മഴ പെയ്തു. രാത്രിയുണ്ടായ മഴയെത്തുടര്‍ന്ന്  റോഡുകളില്‍ വെളളം കെട്ടി നില്‍ക്കുന്നുണ്ട്. ഇത് ഗതാഗത കുരുക്കിന് കാരണമായി. ചില സ്ഥലങ്ങളില്‍ വീടുകളില്‍ വെളളം കയറിയിട്ടുണ്ട്. മഴക്ക് അകമ്പടിയായി  ഇടിയും മിന്നലും ഉണ്ടായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഗതാഗതക്കുരുക്കില്‍ ജോലി സ്ഥലങ്ങളിലെത്താന്‍ പലരും വിഷമിച്ചു.
അതിനിടെ സലാലയില്‍ ബാ അലവി മസ്ജിദിന് എതിര്‍ വശം ബംഗ്ലാദേശ് സ്വദേശികള്‍ നടത്തുന്ന അബായ ഷോപ്പുകളില്‍ ചിലതിന് മഴയില്‍ കേടുപാടുകള്‍ സംഭവിച്ചു. കടകളുടെ സണ്‍ഷൈഡുകള്‍ അടര്‍ന്നു വീണിട്ടുണ്ട്.
ദോഫാറിലെ ഗ്രാമ പ്രദേശങ്ങളിലും പരക്കെ മഴ ലഭിച്ചു. സദ വിലായത്തിലെ ഹദ്ബീനില്‍ ഇന്നലെ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മഴ പെയ്തതിനാല്‍ ഇവിടെ വാദിയില്‍ നിന്നും ചെറിയ രൂപത്തില്‍ വെള്ളം വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഖ്‌യൂത്ത് വിലായത്തിലെ ശഹബ് സഈബില്‍ രാത്രിയുണ്ടായ മഴയെത്തുടര്‍ന്ന് രാവിലെ ഗതാഗത തടസം അനുഭവപ്പെട്ടു. ഉച്ചയോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. വാദിയില്‍ വെളളം നിറഞ്ഞതിനാല്‍ ഇവിടെ നിന്നും രാവിലെ സലാലയിലേക്ക് വാഹനങ്ങള്‍ പോയിരുന്നില്ല. മുനിസിപ്പാലിറ്റി ജീവനക്കാര്‍ മണിക്കൂറുകള്‍ പണിപ്പെട്ട് റോഡില്‍ നിന്നും വെളളം നീക്കിയതിനാല്‍ പിന്നീട് ഗതാഗതം സാധാരണ നിലയിലായി.
സദ വിലായത്തിലെ ജൂഫയിലും ലജ്ജയിലും നല്ല മഴ ലഭിച്ചിരുന്നു. സമീപ പ്രദേശമായ മിര്‍ബാത്തില്‍ മൂടിക്കെട്ടിയ ആകാശമാണ്. ഗ്രാമ പ്രദേശങ്ങളില്‍ ഏതാണ്ടെല്ലാ പ്രദേശത്തും ചാറ്റല്‍ മഴ ലഭിച്ചത് കുട്ടികള്‍ക്ക് സന്തോഷം പകര്‍ന്നു. മഴ വെളളത്തില്‍ കളിക്കാനിറങ്ങി ആസ്വദിക്കുന്നത് സ്വദേശി കുട്ടികളാണ്. ദോഫാറില്‍ പൊതുവെ ആകാശം മേഘാവൃതമാണ്. മഴയെതുടര്‍ന്ന് അന്തരീക്ഷ താപം കുറഞ്ഞതും മേഘാവൃതമായ ആകാശവും ഖരീഫ് സീസണെ അനുസ്മരിപ്പിച്ചു.
ചാറ്റല്‍ മഴയെത്തുടര്‍ന്ന് അന്തരീക്ഷത്തില്‍ പുതുമണ്ണിന്റെ മണം പരന്നത് മലയാളികളില്‍ ഗൃഹാതുരത്വ ചിന്തകള്‍ ഉണര്‍ത്തി. ഗ്രാമ പ്രദേശങ്ങളിലെ ഉണക്കക്കുന്നുകളില്‍ വരും നാളുകളില്‍ പുല്‍ക്കൊടികളുടെ പുതുനാമ്പുകള്‍ കിളിര്‍ക്കും. ഇത് കാലികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പോലെ സന്തോഷം സമ്മാനിക്കും.
അതിനിടെ കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ മഴയില്‍ തകര്‍ന്ന റോഡുകള്‍ പൂര്‍വ സ്ഥിതിയിലാക്കുന്നതിന് ശ്രമം നടന്നു വരുന്നതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. റോഡുകളിലെ വെള്ളം മാറ്റിയും റോഡിലെ കുഴികള്‍ അടച്ചുമാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്. ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ മറിഞ്ഞു വീണ മരങ്ങളും നീക്കം ചെയ്തു. മഴക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ പോലീസ് നേരത്തെ തന്നെ ജാഗ്രത പാലിച്ചിരുന്നു. അപകടസ്ഥലങ്ങളില്‍ വേഗമെത്തുന്നതിനും പോലീസ് ശ്രമം നടത്തി. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്ത വിധം അടിയന്തര സേവനങ്ങളെത്തിക്കുന്നതിന് കഴിഞ്ഞതായും പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest