Articles
ജനപ്രിയ സര്‍ക്കാറിന്റെ കാലത്ത് ആദിവാസിയുടെ ചേനക്കാര്യം

അരികിലേക്ക് തള്ളിമാറ്റപ്പെട്ടവരുടെ ജീവിതം പ്രകാശപൂര്‍ണമാക്കുന്നതിന് കൈക്കൊള്ളുന്ന നടപടികളാണ് ഒരു ജനാധിപത്യ സംവിധാനത്തെ അര്‍ഥവത്താക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലിടം ലഭിക്കാതെ പോയ ദളിതുകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയോടുള്ള സമീപനവും അവരുടെ പ്രശ്‌നങ്ങളോടുള്ള കരുതലുമാണ് ജനായത്ത സര്‍ക്കാറുകളുടെ ജനപക്ഷത്തിന്റെ അളവുകോല്‍. ആ നിലക്ക് ബദല്‍ സ്‌കൂളുകളെന്നും ഏകാധ്യാപക വിദ്യാലങ്ങളെന്നും വിളിക്കപ്പെടുന്ന, ആദിവാസി മേഖലകളിലെ സ്‌കൂളുകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അവിടെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം, മറ്റ് ആനുകൂല്യങ്ങള്‍, അവരുടെ സുരക്ഷ, ജോലിസ്ഥിരത, ജോലിയുടെ സ്വഭാവം എന്നിവയെല്ലാം പ്രത്യേക ശ്രദ്ധയോടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ ജില്ലകളൊഴിച്ചുള്ള 12 ജില്ലകളിലാണ് ബദല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്റര്‍ എന്നാണ് സാങ്കേതികമായ പേര്. ഇവ ഏകാധ്യാപക സ്‌കൂളുകള്‍ തന്നെ ആയിരിക്കണമെന്നില്ല. ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സാധാരണ സ്‌കൂളുകളില്‍ പഠിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരം സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്. ഈ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സാധാരണ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുണ്ടെങ്കിലും കൊഴിഞ്ഞുപോക്ക് രൂക്ഷമായിരുന്നു. വലിയ ദൂരം താണ്ടി വനത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ വരാന്‍ അവര്‍ വിമുഖത കാണിച്ചു. അപ്പോള്‍ അവരുടെ തൊട്ടടുത്ത് സംവിധാനമൊരുക്കുകയെന്ന പോംവഴിയാണ് വിദഗ്ധര്‍ മുന്നോട്ട് വെച്ചത്. ബദല്‍ സ്‌കൂളില്‍ നിന്ന് നാലാം ക്ലാസ് വരെ നേടേണ്ട നൈപുണ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണമെന്നാണ് വിഭാവനം ചെയ്തിട്ടുള്ളത്. പിന്നീട് ഇവര്‍ സാധാരണ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പ്രവേശനം നേടുന്നു. ഈ കുട്ടികള്‍ക്ക് ശരിയായ അക്ഷരജ്ഞാനവും ഗണിതജ്ഞാനവും മറ്റും പകര്‍ന്നു നല്‍കാന്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ എത്രമാത്രം പര്യാപ്തമാണ് എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ ഭേദമാണല്ലോ എന്തെങ്കിലും ഉണ്ടാകുന്നത്.
ഗോത്ര വര്‍ഗ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും ഇടനിലക്കാര്‍ ഇവയെല്ലാം തട്ടിയെടുക്കുന്നുവെന്ന ദുഃസ്ഥിതിയുടെ അടിസ്ഥാന കാരണം ഈ വിഭാഗങ്ങളില്‍ നിന്നുള്ള പുതു തലമുറ പോലും ശരിയായ അക്ഷരാഭ്യാസമോ ഗണിതനൈപുണ്യമോ നേടുന്നില്ലെന്നതാണ്. അടിസ്ഥാനപരമായ കഴിവുകളെങ്കിലും ഇവര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1997ല്‍ ബദല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചത്. അന്ന് അത് ഡി പി ഇ പിയുടെ കീഴിലായിരുന്നു. പിന്നീട് സര്‍വശിക്ഷാ അഭിയാന്റെ കീഴിലേക്ക് ഏകാധ്യാപക സ്‌കൂളുകളെ മാറ്റി. ഇപ്പോഴത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ്. സത്യത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണെന്ന് തീര്‍ത്തു പറയാനാകില്ല. വകുപ്പിന് ഇവയുടെ കാര്യത്തില്‍ വലിയ താത്പര്യമില്ല. ഈ സ്‌കൂളുകളുടെ ഭാവി സംബന്ധിച്ച് തീരുമാനങ്ങളുണ്ടാകേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം.
മുന്‍ഗണനകള്‍ തന്നെയാണ് പ്രശ്‌നം. വന്‍ തുക മുടക്കുന്ന, വന്‍ കമ്മീഷന് സാധ്യതയുള്ള, വലിയ വാര്‍ത്തകളാകുന്ന പദ്ധതികള്‍ക്കാണ് എല്ലാവര്‍ക്കും താത്പര്യം. ജനക്ഷേമകരവും ജനപ്രിയവും തമ്മില്‍ കൃത്യമായി വേര്‍തിരിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാറുകളെല്ലാം ജനപ്രിയമാകാനുള്ള തിരക്കിലാണ്. കൂലങ്കഷമായ ചര്‍ച്ചകള്‍ നടക്കുന്നത് മുഖ്യധാരക്ക് പ്രിയങ്കരമായ പ്രൊജക്ടുകള്‍ക്ക് വേണ്ടിയാണ്. സമൂഹത്തിലെ ഏറ്റവും മുകള്‍ത്തട്ടിന് അതിവേഗത്തില്‍ സഞ്ചരിക്കാനുള്ള ഗതാഗത സൗകര്യങ്ങളാണ് പ്രശ്‌നം. ഏറ്റവും ഉയര്‍ന്ന ഗ്രേഡില്‍ പാസ്സാകുന്ന വിദ്യാര്‍ഥികളുടെ തുടര്‍വിദ്യാഭ്യാസമാണ് പ്രശ്‌നം. സമ്പന്നത സൃഷ്ടിക്കുന്ന മാലിന്യങ്ങളാണ് പ്രശ്‌നം. ഈ “വലിയവ”രുടെയും “ഭൂരിപക്ഷ”ത്തിന്റെയും ഇടയില്‍ ഞെരിഞ്ഞമര്‍ന്നു പോയ മനുഷ്യരെയാണ് ബദല്‍ സ്‌കൂളുകള്‍ പ്രതിനിധാനം ചെയ്യുന്നത്. അതു കൊണ്ട് അവ അടച്ചു പൂട്ടിക്കൊണ്ടേയിരിക്കുന്നു. 2009ല്‍ 559 സെന്ററുകള്‍ ഉണ്ടായിരുന്നു. 2012ല്‍ അത് 446 ആയി. ആറളത്തെ ആറ് സ്‌കൂളുകള്‍ ഈയടുത്ത് പൂട്ടി. 12 ജില്ലകളിലായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കേവലം 365 സ്‌കൂളുകളാണ്. പഠന സാമഗ്രികള്‍ കൃത്യമായി എത്തിക്കാറില്ല. അധ്യാപകര്‍ക്കുള്ള ഓണറേറിയം കൃത്യമായി നല്‍കില്ല. ഉച്ചക്കഞ്ഞിക്കുള്ള അരി പോലും അടിച്ചുമാറ്റും.
ഭൂരിഭാഗവും സ്‌കൂളുകളും വനത്തിനുള്ളിലോ വനാതിര്‍ത്തിയിലോ ആണ്. ഇവിടെ ജോലി ചെയ്യുന്ന അധ്യാപകരില്‍ 80 ശതമാനവും സ്ത്രീകളുമാണ്. അത്യന്തം സങ്കീര്‍ണവും അപകടകരവുമായ സാഹചര്യത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. പൂയംകുട്ടി ആദിവാസി മേഖലയിലെ കുഞ്ചിപ്പാറ ബദല്‍ സ്‌കൂളിലെ അധ്യാപികയായ മാമലക്കണ്ടം കാക്കനാട്ട് ലിസി(48) കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഈ സങ്കീര്‍ണതകളിലേക്കുള്ള ചൂണ്ടുപലകയാകേണ്ടതാണ്. വെറുമൊരു മരണവാര്‍ത്തയായി പല പത്രങ്ങളും സംഭവത്തെ ചുരുക്കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ബദല്‍ സ്‌കൂളിലെ അധ്യാപികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ലിസി ടീച്ചര്‍. അടുത്ത ദിവസം ആരംഭിക്കുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ എടുക്കാന്‍ 50 കിലോമീറ്റര്‍ അകലെയുള്ള കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്ക് പോകാനായി പുലര്‍ച്ചെ ആറ് മണിയോടെ ഇറങ്ങിയതായിരുന്നു. വഴിയരികില്‍ വെച്ച് ആന ആക്രമിച്ചു വീഴ്ത്തിയ ലിസി അവിടെ വെച്ചു തന്നെ മരിച്ചു. ലിസിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. വലിയ കാര്യം.
ലിസിയെപ്പോലുള്ളവര്‍ വെറും അധ്യാപകരല്ല. ആദിവാസികള്‍ക്കും പ്രദേശത്തെ മറ്റുള്ളവര്‍ക്കുമായി ഉഴിഞ്ഞു വെച്ച ജീവിതമാണ് അവരുടെത്. ആദിവാസി മേഖലയിലെ വികസനത്തിനും ആരോഗ്യ പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും അവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. സര്‍ക്കാറിനും ആദിവാസികള്‍ക്കുമിടയിലെ പാലമാണ് പലപ്പോഴും അവര്‍. കുറേക്കൂടി വിശാലമായി പൊതു സമൂഹവുമായി ആദിവാസി വിഭാഗങ്ങളെ ബന്ധിപ്പിക്കുക കൂടി ചെയ്യുന്നു ഇവര്‍. കാടിന്റെ മക്കളുടെ സംശയനിവാരണ കേന്ദ്രങ്ങളാണ് ഈ അധ്യാപകര്‍. ലഹരിയടക്കമുള്ള കെട്ട വഴികളിലേക്ക് അവര്‍ സഞ്ചരിക്കുമ്പോള്‍ ബോധവത്കരണത്തിന്റെ വെളിച്ചം പരത്തുന്നു അവര്‍. അനാരോഗ്യത്തിന്റെ പ്രതിസന്ധികളില്‍ ആതുര സേവനത്തിന്റെയും ആരോഗ്യ നിര്‍ദേശങ്ങളുടെയും രൂപത്തില്‍ അവര്‍ കൈത്താങ്ങാകുന്നു. അങ്ങനെ ഈ അധ്യാപകര്‍ ഏകവചനത്തില്‍ നിന്ന് സേവന വൈവിധ്യത്തിന്റെ ബഹുവചനങ്ങളിലേക്ക് വളരുന്നു. പക്ഷേ ഇവര്‍ക്കുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും ഇന്നും തുച്ഛമാണ്. 3000 രൂപയാണ് ഓണറേറിയം. 500 രൂപ ഹില്‍ ട്രാക്ക് അലവന്‍സുമുണ്ട്. കഴിഞ്ഞു. ഈ സ്ഥിതി മാറണം. ഇവരുടെ സേവനവേതന വ്യവ്സ്ഥകള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവപൂര്‍ണമായ ആലോചന നടത്തണം. ഇത്തരം വിദ്യാലയങ്ങള്‍ നിലനിര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളണം. അവയുടെ സാധ്യതകളും പരിമിതികളും വിശകലനവിധേയമാക്കണം.