Kerala
ഫോറസ്റ്റ് ഗാര്‍ഡിനെ കൊലപ്പെടുത്തിയ കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം
കല്‍പ്പറ്റ: ഫോറസ്റ്റ് ഗാര്‍ഡിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഗാര്‍ഡായിരുന്ന കോഴിക്കോട് ജില്ലയിലെ കുറ്റിയാടി കായക്കൊടി നീലിയേച്ച്കുന്നുമ്മല്‍ പവിത്രന്‍(39) കൊല്ലപ്പെട്ട കേസിലാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഫെലിക്‌സ് മേരിദാസ് ശിക്ഷ വിധിച്ചത്.
വെള്ളമുണ്ട പഞ്ചായത്ത് മംഗലശേരി കോളനിയിലെ ബാബു(45), ഭാര്യ ഗീത (37) എന്നിവര്‍ക്കാണ് ശിക്ഷ. കൊലക്കുറ്റം ഗൂഡാലോചന എന്നിവയ്ക്ക് ജീവപര്യന്തവും അരലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവും, തെളിവ് നശിപ്പിച്ചതിന് അഞ്ചു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവും ആണ് ശിക്ഷ. പിഴയടച്ചാല്‍ പകുതിതുക മരിച്ച പവിത്രന്റെ ഭാര്യയ്ക്ക് കൊടുക്കുവാനും കോടതി ഉത്തരവിട്ടു.
2008 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യയും രണ്ട് കുട്ടികളും ഉള്ള പവിത്രന് ഗീതയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം.
മംഗലശേരി മലയിലേക്ക് പവിത്രനെ ഗീത ഫോണില്‍ വിളിച്ച് വരുത്തിയ ശേഷം കൊല നടത്തുകയായിരുന്നു. ആറ് ദിവസങ്ങള്‍ക്ക് ശേഷം വെള്ളമുണ്ട സെക്ഷനില്‍ പെട്ട മംഗലശേരി മലയിലെ വനത്തിലാണ് പവിത്രന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രോസിക്യൂഷന് വേണ്ടി ജോസഫ് സക്കറിയാസ് ഹാജരായി.