Connect with us

Kollam

ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; ഭവന നിര്‍മാണത്തിന് മുന്‍ഗണന

Published

|

Last Updated

ചവറ: ഭവനനിര്‍മാണത്തിന് മുന്‍ഗണന നല്‍കി ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ 2013-14 വര്‍ഷത്തേക്കുള്ള ബജറ്റ് വൈ. പ്രസിഡന്റ് ടി ബീന അവതരിപ്പിച്ചു. 29,93,70,320 രൂപ വരവും, 29,88,93,000 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ജനകീയാസൂത്രണ പദ്ധതിപ്രകാരം സര്‍ക്കാരില്‍ നിന്ന് ജനറല്‍ സെക്ടറില്‍ 2,44,68000 രൂപയും, പ്രത്യേക ഘടക പദ്ധതിപ്രകാരം 90,86000 രൂപയും വരുമെന്ന് പ്രതീക്ഷിക്കുന്നു.
നിര്‍മല്‍ ഗ്രാമ പുരസ്‌കാരങ്ങള്‍ വഴി 2011-ല്‍ 19,50,000രൂപ അധികമായി ലഭിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ഐ എ വൈ, സമ്പൂര്‍ണ ശുചിത്വം, തൊഴിലുറപ്പ്, എസ് ജി എസ് വൈ എന്നിവയില്‍ നിന്ന് 19,04,26,320 രൂപയും പ്രതീക്ഷിക്കുന്നുണ്ടെന്നും ബീന പറഞ്ഞു. 1,15000 രൂപയാണ് തനത് ഫണ്ട്.
നിര്‍മല്‍ പുരസ്‌ക്കാരം തുകയില്‍ മിച്ചമുള്ള 12 ലക്ഷം രൂപ വിനിയോഗിച്ച് മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഐ എ വൈ ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവയുള്‍പ്പെടെ ഭവന നിര്‍മാണത്തിന് 9,52,50000 രൂപ നീക്കിവച്ചിട്ടുണ്ട്. കാര്‍ഷിക, മൃഗ സംരക്ഷണം, ആരോഗ്യപരിപാലനം, പട്ടികജാതിക്ഷേമം എന്നീ മേഖലയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലക്ക് 10 ലക്ഷവും, മൃഗസംരക്ഷണത്തിന് 20 ലക്ഷവും ആരോഗ്യ മേഖലക്ക് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
റോഡുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിന് പശ്ചാത്തല മേഖലയില്‍ 90 ലക്ഷവും, മത്സ്യ മേഖലയ്ക്ക് 7,61000 രൂപയും, പരമ്പരാഗത ചുമതലകള്‍, ദൈനംദിന ചെലവുകള്‍ എന്നിവക്ക് 26,43000 രൂപയും, ശിശുക്കളുടെ ഉന്നമനത്തിന് 12,25000 രൂപയും, തൊഴില്‍ പരിശീലനത്തിന് ഒരു ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോലത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈനാസുമേഷ്, കെ ചന്ദ്രമോഹന്‍, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ ബി ജയകുമാര്‍, എം സുശീല, മുംതാസ്, ജോളിക്കുട്ടി ആറാടന്‍, രശ്മി ജോസഫ്, നിജ അനില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest