Connect with us

Kerala

ബസുകളില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ വരുന്നു

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യമായി ബസുകളില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുന്നു. എല്ലാ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളിലും 10 ശതമാനം റിസര്‍വേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മുതിര്‍ന്ന പൗരന്‍മാരുടെ വിവിധ സംഘടകള്‍ നടത്തിയ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് ഉത്തരവ്. 20 ശതമാനം സീറ്റുകള്‍ക്ക് റിസവര്‍വേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് 10 ശതമാനവും മുതിര്‍ന്ന പുരുഷന്‍മാര്‍ക്ക് 10 ശതമാനവും നല്‍കും. നിലവില്‍ കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസ്സുകളിലെ ആകെ സീറ്റിന്റെ 10 ശതമാനം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കുന്നുണ്ട്. ഇതിനു പുറമെയാണ് കൂടുതല്‍ റിസര്‍വേഷന്‍ നല്‍കുന്നത്. പുതിയ ഭേദഗതിയനുസരിച്ച് വിവിധ വിഭാഗങ്ങള്‍ക്കായി ആകെ സീറ്റിന്റെ 50 ശതമാനമാണ് റിസര്‍വ് ചെയ്തിട്ടുള്ളത്. 25 ശതമാനം സീറ്റുകള്‍ നേരത്തെ തന്നെ സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ച് ശതമാനം വികലാംഗര്‍ക്കും . അതായത് 50 സീറ്റുകള്‍ ഉള്ള ബസ്സില്‍ 12 സീറ്റുകള്‍ സ്ത്രീകള്‍ക്കായിരിക്കും. നാല് സീറ്റുകളായിരിക്കും മുതിര്‍ന്ന സ്ത്രീകള്‍ക്ക് ലഭിക്കുക. ഒമ്പത് എണ്ണം മുതിര്‍ന്ന പൗരന്‍മാര്‍ക്കും രണ്ട് എണ്ണം വികലാംഗര്‍ക്കുമായിരിക്കും. അഞ്ച് ശതമാനം അന്ധര്‍ക്കും റിസര്‍വേഷന്‍ ഉണ്ട്. ഇത് എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും മുന്‍ഗണന നല്‍കിയാണ് നടപ്പാക്കുന്നത്.പുതിയ ഉത്തരവ് നടപ്പാക്കുന്നതിന് ബസുടമകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആര്‍ ടി ഒമാരെ ചുമതലപ്പെടുത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. വെഹിക്കിള്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധന നടത്തും. നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. നിര്‍ദേശങ്ങള്‍ പാലിക്കാത്ത വാഹനങ്ങളെ കണ്ടെത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ വൃദ്ധര്‍ക്ക് ഇനി പ്രയാസം കൂടാതെ ബസ്സില്‍ സഞ്ചരിക്കാം.

---- facebook comment plugin here -----

Latest