Connect with us

Kozhikode

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരത്തിലിട്ട് കത്തിക്കുന്നു

Published

|

Last Updated

കോഴിക്കോട്:മാലിന്യമുക്ത കോഴിക്കോടെന്ന പ്രഖ്യാപനം പ്രഹസനമായതിനു പുറമെ നഗരത്തിലെങ്ങും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു. പ്രധാന പാതയോരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉയരുന്ന വിഷപ്പുകയിലൂടെയാണ് ജനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നത്.

മാലിന്യം നീക്കാന്‍ നിയോഗിക്കപ്പെട്ട കുടുംബശ്രീ യൂനിറ്റുകള്‍ തന്നെയാണ് മിക്കയിടത്തും മാലിന്യങ്ങള്‍ കത്തിക്കുന്നത്. പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് കഴുകി വൃത്തിയാക്കി വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂനിറ്റിലെത്തിക്കണമെന്നാണ് കുടുംബശ്രീ യൂനിറ്റുകള്‍ക്ക് നല്‍കിയ നിര്‍ദേശമെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. രണ്ടാഴ്ച മുമ്പാണ് വെസ്റ്റ്ഹില്ലില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂനിറ്റ് സ്ഥാപിച്ചത്. എന്നാല്‍ മിക്കവാറും നഗരത്തിലെ കുടുംബശ്രീ യൂനിറ്റുകളെല്ലാം ഇപ്പോഴും എടുക്കുന്ന മാലിന്യങ്ങള്‍ റോഡരികിലിട്ട് കത്തിക്കുകയാണ്.
റീസൈക്ലിംഗ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി എന്നതല്ലാതെ മാലിന്യങ്ങള്‍ ശേഖരിക്കാനും അവ തരം തിരിച്ച് റീസൈക്ലിംഗ് യൂനിറ്റില്‍ എത്തിക്കാനുമുള്ള നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. എരഞ്ഞിപ്പാലം ബൈപ്പാസ് പരിസരം, തൊണ്ടയാട് ബൈപ്പാസ്, ബീച്ചിലെ ലയണ്‍സ് പാര്‍ക്ക് പരിസരം മുതല്‍ പുതിയാപ്പ വരെ, ഫ്രാന്‍സിസ് റോഡ് ഇവിടങ്ങളിലെല്ലാം വ്യാപകമായ രീതിയില്‍ പ്ലാസ്റ്റിക്കുകള്‍ കത്തിക്കുന്നുണ്ട്.
എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിനുള്ളിലെ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം ആളുകളുടെ കണ്ണുവെട്ടിച്ച് പലസ്ഥലങ്ങളിലായി കത്തിക്കുകയാണ്. എരഞ്ഞിപ്പാലം ബൈപ്പാസില്‍ സരോവരം ബയോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ മാസങ്ങളായി തുടരുന്ന കത്തിക്കല്‍ കാരണം കണ്ടലുകളടക്കം നിരവധി മരങ്ങളും പച്ചപ്പുകളുമാണ് കത്തി നശിച്ചിരിക്കുന്നത്.
ഇതിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി വാദികളോ അധികൃതരോ രംഗത്തെത്തിയിട്ടില്ല. ബൈപ്പാസ് പരിസരങ്ങളിലെ വലിയ പരസ്യബോര്‍ഡുകള്‍ കാണാനായി രാത്രി കാലങ്ങളില്‍ മരം വെട്ടി നശിപ്പിക്കുന്നതും തീയിടുന്നതിനും പുറമേയാണ് പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ പേരിലുള്ള അതിക്രമം.
അരയിടത്തുപാലത്ത് നിന്ന് എരഞ്ഞിപ്പാലം ജംഗ്്ഷനിലേക്ക് പോകുമ്പോള്‍ ഇടതുവശത്തായാണ് വ്യാപകമായി പ്ലാസ്റ്റിക്കുകള്‍ തീയിടുന്നത്. ഇതിന് നേതൃത്വം നല്‍കുന്നതാകട്ടെ കുടുംബശ്രീ യൂനിറ്റുകളും. കണ്ടലുകളുടെ ചുവട്ടിലായി നിരന്തരം തീയിടുമ്പോള്‍ വലിയ കണ്ടല്‍ച്ചെടികളടക്കം കരിഞ്ഞുപോകുകയാണ്. മാലിന്യങ്ങള്‍ കത്തിക്കുന്നതിന് എതിര്‍പ്പുണ്ടാകുമ്പോള്‍ ഇവ പലഭാഗങ്ങളിലും കൂട്ടിയിട്ടുപോകുന്നതും പതിവായിട്ടുണ്ട്.
കുടുംബശ്രീ ജീവനക്കാര്‍ തന്നെ കാണിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കുടുംബശ്രീ ജീവനക്കാര്‍ പണം നല്‍കിയാല്‍ പോലും മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യുന്നില്ലെന്ന പരാതിയും ഉണ്ട്.