Connect with us

Gulf

മെഡിക്കല്‍ ടൂറിസം പ്രദര്‍ശനവും രാജ്യാന്തര സമ്മേളനവും മസ്‌കത്തില്‍

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തെ പ്രഥമ മെഡിക്കല്‍ റൂറിസം രാജ്യാന്തര പ്രദര്‍ശനവും സമ്മേളനവും ഏപ്രില്‍ എട്ടു മുതല്‍ ഒമാന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വേള്‍ഡ് നാഷണല്‍ എക്‌സിഷന്‍ ആണ് സമ്മേളനം നടത്തുന്നത്. ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദിയുടെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം.
മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ലോക പ്രശസ്തരായ സെപെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഫിസിഷ്യന്‍മാരും പ്രബന്ധനങ്ങള്‍ അവതരിപ്പിക്കും. മെഡിക്കല്‍ രംഗത്ത് ലോകത്ത് വന്നു കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങളും കണ്ടു പിടിത്തങ്ങളും അവതരിപ്പിക്കപ്പെടും. ആശുപത്രികളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വിശദീകരണങ്ങള്‍ നടക്കും. ലോകത്ത് ലഭ്യമായ ചികിത്സാ രീതികളും സംവിധാനങ്ങളും സമ്മേളനത്തില്‍ പരിചയപ്പെടുത്തും. വിവിധ അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുക. സന്ദര്‍ശകര്‍ക്ക് ആരോഗ്യ മേഖലയിലെ പുതിയ രീതികളും സംവിധാനങ്ങളും പരിചയപ്പെടാന്‍ അവസരം ലഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ രാജ്യങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടും. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും ഗവര്‍മെണ്ട് തലത്തിലും സ്വാകാര്യ മേഖലയില്‍നിന്നും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സമ്മേളനത്തിലും പ്രദര്‍ശനത്തിലും പങ്കെടുക്കും. കൂടുതല്‍ ഒമാനികള്‍ ചികിത്സക്കായി പോകുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും പ്രദര്‍ശനത്തില്‍ വലിയ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ടൂറിസം പദ്ധതികളെയും അതോടൊപ്പം തന്നെ ചികിത്സാ പദ്ധതികളെയും ഒരു കേന്ദ്രത്തില്‍ ഒരുമിപ്പിക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം.
ഇന്ത്യക്കു പുറമെ ഇറാന്‍, തായ്‌ലാന്‍ഡ്, മലേഷ്യ, ജര്‍മനി, യു എ ഇ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 50ലധികം ആശുപത്രികളുടെയും ഹെല്‍ത്ത് സെന്ററുകളുടെയും പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ ഒമാനിലെ ആശുപത്രികളും ആരോഗ്യ മേഖലയിലെ മറ്റു സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

Latest