Gulf
ദേശീയ മരം നടീല്‍ കാമ്പയിന് സലാലയില്‍ തുടക്കമായി
സലാല: “നമുക്കൊരു മരം നടാം” എന്ന ശീര്‍ഷകത്തില്‍ ക്യാമ്പയിന്‍ ആചരണത്തിന് ദോഫാര്‍ യൂനിവേഴ്‌സിറ്റി കാമ്പസില്‍ തുടക്കമായി. ദോഫാര്‍ ഗവര്‍ണറും മന്ത്രിയുമായ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദി വൃക്ഷത്തൈ നട്ടു കൊണ്ട് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. എന്‍വിറോണ്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്റെ ആഭിമുഖ്യത്തില്‍ ദേശീയ മരം നടല്‍ കാമ്പയിന്റെ രണ്ടാം ഘട്ടമാണിത്.
സ്വദേശി വൃക്ഷങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന് രാജ്യത്തുട നീളം ബോധവത്ക്കരണം നടത്തുന്നതിനാണ് കാമ്പയിന്‍ ആചരിക്കുന്നത്. കാമ്പയിന്‍ കാലയളവില്‍ 12,000 വൃക്ഷങ്ങള്‍ 2,50,000 സ്‌ക്വയര്‍ മീറ്റര്‍ പ്രദേശത്ത് വെച്ചു പിടിപ്പിക്കും. ദോഫാറിലെ മരുഭൂമി, മലമ്പ്രദേശങ്ങള്‍, സമതലങ്ങള്‍, തീര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത്.
കാമ്പയിനിലൂടെ ആഗോള താപനത്തെയും അത് ഭൂമിയിലുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും സ്വദേശികളെയും രാജ്യത്ത് താമസിക്കുന്നവരെയും ബോധവത്ക്കരിക്കുമെന്ന് ഒമാന്‍ എന്‍വിയോണ്‍മെന്റ് സൊസൈറ്റി ബോര്‍ഡ് മെംബര്‍ ഡോ മുഹ്‌സിന്‍ മുസല്ലം അല്‍ അംരി പറഞ്ഞു. പ്രസന്റേഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോര്‍ട്ട് ഓഫ് സലാല, ഫോര്‍ഡ് മോട്ടോര്‍ കമ്പനി പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കും. നാലു ദിവസത്തെ കാമ്പയിന്‍ കാലയളവില്‍ വൃക്ഷത്തൈ നടല്‍ മത്സരയോട്ടം, ചിത്ര രചനാ മത്സരം, അവാര്‍ഡ് ദാനം, സെമിനാറുകള്‍ എന്നിവ നടക്കും.
സലാല കോളേജ് ഓഫ് ടെക്‌നോളജ്, ദിവാന്‍ സ്‌കൂളുകള്‍, ജബല്‍ സംഹാന്‍ നാച്വറല്‍ വിസിറ്റേഴ്‌സ് സെന്റര്‍, ഡെപ്യൂട്ടി വാലി ഓഫീസ്, ദല്‍ഖൂത്ത്, റഖ്‌യൂത്ത്, റബ്കൂത്ത് എന്നി പ്രദേശങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് സെമിനാറുകള്‍ നടക്കുന്നത്.
സലാല പോര്‍ട്ടില്‍ 2009 മുതല്‍ സ്വിച്ച് എന്ന പേരില്‍ നടപ്പാക്കി വരുന്ന പദ്ധതിയിലൂടെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പ്രസാരണം 25 ശതമാനം കുറക്കാനായെന്ന് പോര്‍ട്ട് ഓഫ് സലാല സി ഇ ഒ പീറ്റര്‍ ഫോര്‍ഡ് പറഞ്ഞു. ഉദ്ഘാടന സെഷനില്‍ രാജ്യത്തെ പ്രമുഖര്‍ പങ്കെടുത്തു.