Connect with us

Kerala

കാട് കാണാന്‍ കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Published

|

Last Updated

കണ്ണൂര്‍: കാടിന്റെ കുളിര്‍മയും അതിലെ ജൈവ വൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചയും കാണാന്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുന്നു. വിദേശ ടൂറിസ്റ്റുകളെക്കാളും ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി കേരളം മാറുന്നു. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങി അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി കേരളത്തിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണമാണ് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വര്‍ധിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനവും മറ്റും മൂലം കേരളത്തിന്റെ സുഖശീതളമായ അന്തരീക്ഷം മാറിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സഞ്ചാരികള്‍ പ്രവഹിക്കുകയാണ്. മൂന്നാര്‍, തേക്കടി, പറമ്പിക്കുളം, നെല്ലിയാമ്പതി, വയനാട് തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് ഇക്കുറി സന്ദര്‍ശകര്‍ കൂടുതലായെത്തുന്നത്.

സര്‍ക്കാറിന്റെ കണക്കനുസരിച്ച് 2011ല്‍ 93,81,455 പേരായിരുന്നു സംസ്ഥാനത്തെത്തിയ ആഭ്യന്തര ടൂറിസ്റ്റുകളെങ്കില്‍ 2012ല്‍ ഇത് 1,00,76,854 ആയി ഉയരുകയായിരുന്നു. 2008 മുതല്‍ 2012 വരെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച വിദേശികളുടെയും തദ്ദേശീയരുടെയും കണക്കെടുത്താലും ഏറ്റവും കൂടുതല്‍ പേര്‍ കേരളം സന്ദര്‍ശിച്ചത് ഇക്കുറിയാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2012 ഡിസംബര്‍ 31വരെ സര്‍ക്കാറിന് ലഭിച്ച ആകെ റവന്യൂ വരുമാനം 30,436.13 കോടിയാണെങ്കില്‍ 21,000 കോടിയാണ് ടൂറിസത്തിലൂടെ ഇത്തവണ കേരളം വാരിക്കൂട്ടിയതെന്നും ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2008ല്‍ 75,91,250 തദ്ദേശീയര്‍ മാത്രമായിരുന്നു കേരളം സന്ദര്‍ശിച്ചതെങ്കില്‍ നാല് വര്‍ഷം കൊണ്ട് കാല്‍ ലക്ഷത്തിലേറെ ആഭ്യന്തര സഞ്ചാരികളാണ് ഇവിടെയെത്തിയത്. 2008ല്‍ വിദേശ, സ്വദേശ ടൂറിസ്റ്റുകള്‍ വഴി 13,130 കോടിയുടെ വരുമാനമാണ് ഉണ്ടായത്. നാല് വര്‍ഷം പിന്നിടുമ്പോഴേക്കും ഇതും വലിയ തോതിലാണ് വര്‍ധിച്ചിട്ടുള്ളത്.
വയനാട്ടിലും മൂന്നാറിലുമാണ് ഇക്കുറിയും സന്ദര്‍ശകര്‍ ഏറെയെത്തിയത്. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഉടുമ്പഞ്ചോല താലൂക്കുകളില്‍ വ്യാപിച്ചുകിടക്കുന്ന ചെറുതോണി, പെരിയാര്‍ നദികളുടെ മധ്യത്തിലുള്ള ഇടുക്കി വന്യമൃഗ സങ്കേതം സന്ദര്‍ശിക്കാനും ഇരവികുളം ദേശീയ ഉദ്യാനം സന്ദര്‍ശിക്കാനുമെത്തിയവരുടെ എണ്ണം ഇത്തവണയും ഏറെ കൂടിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരവികുളത്തെ വളരെ തണുത്ത കാലാവസ്ഥയിലുള്ള സഞ്ചാരം ഊട്ടിക്ക് തുല്യമായ തണുപ്പ് പകര്‍ന്നു നല്‍കാറുണ്ടെന്നതാണ് ഇവിടെ സന്ദര്‍ശകാധിക്യത്തിന് ഇടയാക്കിയത്.
പശ്ചിമ ഘട്ടത്തിലെ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ ഗവിയെന്ന നിത്യഹരിത വനപ്രദേശത്തും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സഞ്ചാരികള്‍ ഏറെയെത്തുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ കൊടുംവേനലില്‍ പോലും വൈകുന്നേരങ്ങളില്‍ ചൂട് പത്ത് ഡിഗ്രിയിലേക്കെത്തുന്നുവെന്നതും കാനനഭംഗി ആസ്വദിക്കാനാകുമെന്നതിനാലുമാണ് ഇവിടേക്ക് ആളുകള്‍ ഏറെയും എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വനപ്രദേശങ്ങളുള്ള വയനാട്ടിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഇത്തവണ കൂടിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശമെന്നതിനാല്‍ കര്‍ണാടകത്തില്‍ നിന്നുള്ള സഞ്ചാരികളും കേരളത്തില്‍ ഏറെയെത്തുന്നു. വയനാട്ടിലെ വന്യജീവി സങ്കേതങ്ങളില്‍ നിന്ന് യഥേഷ്ടം മൃഗങ്ങളെ കാണാനാകും എന്നതാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ വന്യജീവി സങ്കേതം, പേപ്പാറ വന്യജീവി സങ്കേതം, പൊന്‍മുടി സുഖവാസ കേന്ദ്രം, കൊല്ലത്തെ ചെന്തരുളി വന്യജീവി സങ്കേതം, സംസ്ഥാനത്തെ ആദ്യ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ തെന്‍മല, പാലരുവി വെള്ളച്ചാട്ടം, കോട്ടയത്തെ ഇലവീഴാപൂഞ്ചിറ, വേമ്പനാട്ട് കായലിലെ കിഴക്കെ തീരത്തുള്ള കുമരകം പക്ഷി സങ്കേതം, തൃശൂരുള്ള പീച്ചി, വാഴാനി വന്യജീവി സങ്കേതം, പാലക്കാട് സൈലന്റ്‌വാലി ദേശീയോദ്യാനം, നെല്ലിയാമ്പതി, ആറളം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇക്കുറിയും ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയിട്ടുള്ളത്.
ടൂറിസ്റ്റ് വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നേച്ചര്‍ ഗൈഡുകളുടെ സേവനമുള്‍പ്പെടെ ലഭിക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് കാടു കാണാന്‍ മാത്രമല്ല, കാടിനെ കുറിച്ച് അറിയാനും വലിയ അവസരങ്ങളാണ് ലഭിക്കുന്നതെന്ന് വനം വകുപ്പ് അധികൃതരും ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാര രംഗത്ത് മറ്റ് മേഖലകളെ അപേക്ഷിച്ച് ഇക്കോ ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ് കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് പ്രത്യേക പഠനം നടത്തിയിരുന്നു. ഇരവികുളം, പറമ്പിക്കുളം, നെയ്യാര്‍ വന്യമൃഗ സങ്കേതം എന്നിവ കേന്ദ്രീകരിച്ചായിരുന്നു പഠനം. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകാത്ത വിധം കൂടുതലായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ചായിരുന്നു ലോക ബേങ്ക് ധനസഹായത്തോടെ പഠനം നടത്തിയത്. ഇതേ തുടര്‍ന്ന് ഉണ്ടാക്കിയ നിര്‍ദേശങ്ങളും മറ്റും ഇക്കോ ടൂറിസം പദ്ധതിയുടെ വികസനത്തിന് പ്രയോജനപ്പെടുത്തിയതായും അധികൃതര്‍ പറയുന്നുണ്ട്.