Connect with us

Sports

ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം:ബാഴ്‌സയും പാരീസും നേര്‍ക്കുനേര്‍

Published

|

Last Updated

പാരീസ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ ആദ്യ പാദത്തിന് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ബാഴ്‌സലോണ, പാരീസ് സെന്റ് ജര്‍മൈനെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ഇറ്റാലിയന്‍ ശക്തിയായ ജുവന്റസിനെ സ്വന്തം മണ്ണില്‍ നേരിടാനിറങ്ങും.
പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ പോരാട്ടത്തില്‍ എ സി മിലാനോട് 2-0ത്തിന് പരാജയപ്പെട്ട് പുറത്താകല്‍ ഭീഷണി മുന്നില്‍ കണ്ട് രണ്ടാം പാദത്തില്‍ 4-2ന് വിജയം പിടിച്ചാണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ വരവ്. വലന്‍സിയയെ കീഴടക്കി വരുന്ന പി എസ് ജി മിന്നുന്ന ഫോമിലാണ്. ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അവര്‍ക്ക് ബാഴ്‌സയുമായി കരുത്തുറ്റ പോരാട്ടം നടത്തേണ്ടി വരുമെന്ന് ഉറപ്പ്. മുന്‍ ബാഴ്‌സലോണ താരമായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും മധ്യനിരയില്‍ പരിചയസമ്പന്നനായ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാമിന്റെ സാന്നിധ്യവും അവര്‍ക്ക് കരുത്ത് പകരുന്നു. ഗോളുകള്‍ അടിച്ചു കൂട്ടി റെക്കോര്‍ഡുകള്‍ മുഴുവന്‍ തന്റെ പേരിലെഴുതി ചേര്‍ത്ത് കുതിക്കുന്ന സൂപ്പര്‍ താരം ലയണല്‍ മെസിയെ മുന്നില്‍ നിര്‍ത്തി വരുന്ന ബാഴ്‌സയെ പിടിച്ചുകെട്ടുക എന്നത് പി എസ് ജിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
1995ലാണ് പി എസ് ജി അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണുന്നത്. അന്ന് ബാഴ്‌സലോണയോട് 3-2ന് പരാജയപ്പെട്ടതിന്റെ ചരിത്രം തിരുത്തിക്കുറിക്കാനും അവര്‍ക്ക് പദ്ധതിയുണ്ടാകും. മറുവശത്ത് ബാഴ്‌സലോണ മൂന്ന് തവണ ചാമ്പ്യന്‍മാരായ ടീമാണ്. അര്‍ബുദ ചികിത്സ പൂര്‍ത്തിയാക്കി പരിശീലകന്‍ ടിറ്റോ വില്ലനോവ ബാഴ്‌സലോണ ടീമിനൊപ്പം ചേര്‍ന്നത് അവരുടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും. സ്പാനിഷ് ലാ ലീഗയിലെ അവസാന പോരാട്ടത്തില്‍ സമനില പാലിക്കേണ്ടി വന്നെങ്കിലും ബാഴ്‌സയുടെ കരുത്ത് ചോര്‍ന്നിട്ടുണ്ടാകില്ലെന്ന് ഉറപ്പിക്കാം. ലീഗിലെ എല്ലാ ടീമുകള്‍ക്കെതിരെയും തുടര്‍ച്ചയായി ഗോളുകള്‍ നേടി പുതിയൊരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ലോക ഫുട്‌ബോളര്‍ ലയണല്‍ മെസി പാരീസിലെത്തുന്നത്. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ഷാവിയും ജോര്‍ദി ആല്‍ബയും ടീമില്‍ തിരിച്ചെത്തിയതും ബാഴ്‌സക്ക് കരുത്താകും. അതേ സമയം പ്രതിരോധത്തിലെ കരുത്തനായ നായകന്‍ കാര്‍ലോസ് പുയോളും അഡ്രിയാനോയും പരുക്കേറ്റതിനാല്‍ ഇന്ന് കളിക്കാനിറങ്ങില്ല. മറ്റൊരു താരമായ പെഡ്രോ സസ്പന്‍ഷനിലുമാണ്.
തിയാഗോ മോട്ടയുടെ അസാന്നിധ്യത്തിലാകും പി എസ് ജി ഇറങ്ങുക. ലൂകാസ് മൗറ, ലാവേസി എന്നിവര്‍ തിരിച്ചെത്തും. മുന്‍ ടീമായ ബാഴ്‌സലോണയെ നേരിടുന്നതില്‍ തനിക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് ഇബ്രാഹിമോവിച്ച് പറഞ്ഞു. വളരെ പ്രത്യേകതകള്‍ നിറഞ്ഞ പോരാട്ടമായിരിക്കും തനിക്കിതെന്നും അദ്ദേഹം വാചാലനായി. ലോകത്തെ ഏറ്റവും മികച്ച ടീമിനെ നേരിടാന്‍ മികച്ച തന്ത്രങ്ങളാണ് പരിശീലകന്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേകതകള്‍ നിറഞ്ഞ മത്സരമായിരിക്കും വരാനിരിക്കുന്നതെന്നും ഇബ്ര കൂട്ടിച്ചേര്‍ത്തു. മത്സരത്തെക്കുറിച്ച് ഏറെ സ്വപ്നം കാണുന്നതായി പി എസ് ജിയുടെ തിയാഗോ സില്‍വയും പറഞ്ഞു.
സാധ്യതാ ടീം: ബാഴ്‌സലോണ- വിക്ടര്‍ വാല്‍ഡസ് (ഗോളി), ആല്‍ബ, മഷെറാനോ, ആല്‍വ്‌സ്, പിക്വെ (പ്രതിരോധം), ഷാവി, ബുസ്‌കെറ്റ്‌സ്, ഇനിയെസ്റ്റ (മധ്യനിര), മെസി, വിയ, ഫാബ്രിഗസ് (മുന്നേറ്റം).
പി എസ് ജി- സിരിഗു (ഗോളി), വിയല്‍, അലക്‌സ്, സില്‍വ, മാക്‌സ്‌വെല്‍ (പ്രതിരോധം), മൗറ, വെററ്റി, മറ്റിയൂദി, പാസ്റ്റോര്‍ (മധ്യനിര), ഇബ്രാഹിമോവിച്ച്, ലാവേസി(മുന്നേറ്റം).
ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടത്തിനോടടുത്തു നില്‍ക്കുന്ന ബയേണ്‍ മ്യൂണിക്കും ഇറ്റാലിയന്‍ സീരി എ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ജുവന്റസും തമ്മില്‍ നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ ദിവസം അലയന്‍സ് അരീനയില്‍ അരങ്ങേറിയ ലീഗ് പോരാട്ടത്തില്‍ ഹാംബര്‍ഗിനെ രണ്ടിനെതിരെ ഒമ്പത് ഗോളുകള്‍ക്ക് കശാപ്പു ചെയ്തതിന്റെ കത്തുന്ന ആത്മവിശ്വാസത്തില്‍ അതേ മൈതാനത്താണ് ഇന്ന് ബയേണ്‍ ജുവന്റസിനെ നേരിടാനിറങ്ങുന്നത്. സ്വന്തം മണ്ണിന്റെ ആനുകൂല്യം അവരെ തുണക്കുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ ദിവസം നടന്ന സീരി എ പോരില്‍ കരുത്തരായ എ സി മിലാനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ജുവന്റസിന്റെ വരവ്.
ബയേണ്‍ 4-2-3-1 ശൈലിയിലും ജുവന്റസ് 3-5-2 ശൈലിയിലുമായിരിക്കും ഇന്ന് മൈതാനത്ത് വിന്യസിക്കുക. ആന്ദ്രെ പിര്‍ലോ നേതൃത്വം നല്‍കുന്ന മധ്യനിരയാണ് ജുവന്റസിന്റെ താളം. ബുണ്ടസ് ലീഗയില്‍ 20 പോയിന്റിന്റെ വ്യക്തമായ മുന്‍തൂക്കത്തോടെ കിരീടം ഏതാണ്ട് ഉറപ്പിച്ച് കളിക്കാനിറങ്ങുന്ന ബയേണ്‍ ലീഗില്‍ ഇതുവരെ 78 ഗോളുകളാണ് അടിച്ചു കൂട്ടിയത്. വഴങ്ങിയതാകട്ടെ 13 എണ്ണവും. എതിരാളികളെ ഞെട്ടിക്കുന്ന തരത്തില്‍ ഗോളുകള്‍ അടിച്ചു കൂട്ടുന്ന ശൈലി ജുവന്റസിന്റെ മുന്നില്‍ വിലപ്പോകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ജുവന്റസിന്റെ വല കാക്കുന്നത് മികച്ച ഗോളിയും അവരുടെ നായകനുമായ ബുഫണാണ്. ഇന്നത്തെ മത്സരം യഥാര്‍ഥത്തില്‍ ബയേണിന്റെ ആക്രമണ നിരയും ജുവന്റസിന്റെ പ്രതിരോധ നിരയും തമ്മിലാണെന്ന് പറയാം.
പ്രീക്വാര്‍ട്ടറില്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തിയ പോരാട്ടത്തില്‍ ടീമിലില്ലാതിരുന്ന ജെറോം ബോട്ടെംഗും മധ്യനിരയുടെ തുരുപ്പ്ചീട്ട് ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗറും ബയേണ്‍ നിരയില്‍ തിരിച്ചെത്തും. മുമ്പ് ആറ് തവണ തമ്മില്‍ കണ്ടപ്പോള്‍ വിജയത്തിന്റെ കാര്യത്തില്‍ ജുവന്റസാണ് മുന്നില്‍ നില്‍ക്കുന്നത് മൂന്ന് തവണ അവര്‍ വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ബയേണിനെ നേരിടുന്നതില്‍ തെല്ലും ഭയമില്ലെന്ന് ജുവന്റസ് പരിശീലകന്‍ അന്റോണിയോ കോണ്ടെ പറഞ്ഞു. മികച്ച ആത്മവിശ്വാസത്തോടെയാണ് തങ്ങള്‍ മ്യൂണിക്കിലേക്ക് യാത്ര തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധ്യതാ ടീം: ബയേണ്‍ മ്യൂണിക്ക്- നൂയര്‍ (ഗോളി), ലാം, ബോട്ടെംഗ്, ഡാന്റെ, അലാബ (പ്രതിരോധം), ഗുസ്താവോ, ഷൈ്വന്‍സ്റ്റീഗര്‍ (മധ്യനിര), മുള്ളര്‍, റിബറി, ക്രൂസ്, മാന്‍സൂകിച്ച് (മുന്നേറ്റം).
ജുവന്റസ്- ബുഫണ്‍ (ഗോളി), ബര്‍സാഗ്ലി, ചെല്ലിനി, ബൊനുസി (പ്രതിരോധം), പിര്‍ലോ, ലസ്റ്റിനര്‍, വിദാല്‍, മര്‍ച്ചീസിയോ, അസമോവ (മധ്യനിര), മാട്രി, ക്വാഗ്ലിയാരെല്ല (മുന്നേറ്റം).

Latest