National
എസ്.എഫ്.ഐ നേതാവിന്റെ മരണം:ബംഗാളില്‍ വ്യാപക പ്രതിഷേധം
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ എസ്എഫ് ഐ നേതാവ് സുദിപ്‌തോ ഗുപ്ത കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാളില്‍ വ്യാപക പ്രതിഷേധം.ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ആയിരക്കണക്കിന് പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.നെറ്റിയുടെ മധ്യഭാഗത്തും തലയുടെ പിന്‍ഭാഗത്തും മുറിവേറ്റിരുന്നതായും താടിയെല്ല് തകര്‍ന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്.രവീന്ദ്ര ഭാരതി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ സുദിപ്‌തോ ഗുപ്ത എസ്എഫ്‌ഐ യുടെ സംസ്ഥാന കമ്മറ്റിയംഗമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് ആറു മാസത്തേക്ക് നിര്‍ത്തിവെയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ പോലീസ് മര്‍ദ്ദനത്തിലാണ് സുദിപ്‌തോ കൊല്ലപ്പെട്ടതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് ഇവരെ ബസിലിട്ടും പുറത്തിട്ടും ക്രൂരമായി മര്‍ദ്ദിച്ചതായും ഇതിലാണ് സുദിപ്‌തോയ്ക്ക് പരിക്കേറ്റതെന്നുമാണ് എസ്എഫ്‌ഐ നേതാക്കള്‍ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ സുദിപ്‌തോ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. അതേസമയം സുദിപ്‌തോ ബസില്‍ നിന്ന് പുറത്തേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നെന്നും ഈ വീഴ്ചയാണ് മരണകാരണമായതെന്നുമാണ് പോലീസിന്റെ വിശദീകരണം. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റി പോലീസ് കമ്മീഷണറോട് അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റ മറ്റ് വിദ്യാര്‍ഥികളെ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഏത് മരണവും നിര്‍ഭാഗ്യകരമാണെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ സ്റ്റേഷനിലെത്തിച്ച ബസിന്റെ ഡ്രൈവര്‍ രാജു ദാസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.വൈകിട്ട് നടന്ന സുദിപ്‌തോയുടെ സംസ്‌കാരച്ചടങ്ങില്‍ ബുദ്ധദേവ് ഭട്ടാചാര്യ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.