Gulf
സലാലയില്‍ ചെമ്മീന്‍ കാലം; മത്സ്യത്തൊഴിലാളികള്‍ക്ക് സമൃദ്ധി
സലാല : ദോഫാറിന്റെ ഗ്രാമ പ്രദേശങ്ങളില്‍ കടല്‍ കനിഞ്ഞപ്പോള്‍ സമൃദ്ധിയുടെ നാളുകള്‍ക്ക് തുടക്കമായി. സലാലയുടെ മത്സ്യ വിപണിയുടെ തുടിപ്പിന് വഴിയൊരുക്കുന്ന വ്യത്യസ്ത ഇനം മത്സ്യങ്ങളുടെ ലഭ്യതയാണ് മത്സ്യ തൊഴിലാളികള്‍ക്ക് സമൃദ്ധിയുടെ നാളുകള്‍ സമ്മാനിക്കുന്നത്.
പ്രാദേശിക ഭാഷയില്‍ “ഷാറൂഖ്” എന്നറിയപ്പെടുന്ന ഒരിനം ചെമ്മീന്‍ ദോഫാറിലെ കടലോര ഗ്രാമ പ്രദേശങ്ങളില്‍ ലഭിക്കുന്നു. ഒരു കിലോക്ക് ആറു റിയാലാണ് വിപണിയില്‍ ഷാറൂഖിന്റെ വില. കര്‍ശന നിയന്ത്രണങ്ങളോടെ നിശ്ചയിക്കപ്പെട്ട മാസങ്ങളില്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് ഷാറൂഖ് ശേഖരണത്തിന് അനുമതിയുളളത്. ഇപ്പോള്‍ ഷാറൂഖ് പണിപ്പെട്ട് ശേഖരിച്ച് വരുമാനം കണ്ടെത്തുകയാണ് സദ വിലായത്തിലെ സ്വദേശികള്‍.
രണ്ട് പതിറ്റാണ്ടുകള്‍ മുമ്പുവരെ ഷാറൂഖിന്റെ വിപണി മൂല്യം അറിയാത്തതിനാല്‍ തൊഴിലാളികള്‍ ഇത് ഉപേക്ഷിക്കുകയായിരുന്നുവത്രേ പതിവ്. കൂടുകള്‍ ഉപയോഗിച്ചാണ് ഷാറൂഖ് ശേഖരിക്കുന്നത്. ചെറിയ ഷാര്‍ഖക്ക് രക്ഷപ്പെടാന്‍ ദ്വാരങ്ങളുളള കൂടാണ് ഉപയോഗിക്കേണ്ടതെന്ന് നിബന്ധനയുണ്ട്. അല്ലാത്ത കൂടുകള്‍ ഉപയോഗിക്കരുതെന്നാണ് നിയമം. മുട്ടകള്‍ ഉളളതോ ചെറിയതോ ആയ ഷാര്‍ഖകള്‍ ലഭിച്ചാല്‍ കടലിലേക്ക് തിരിച്ചു വിടണമെന്നും അധികൃതര്‍ അനുശാസിക്കുന്നു.
സ്‌പൈനി ലോബ്സ്റ്റര്‍ എന്നറിയപ്പെടുന്ന ഇനമാണ് ദോഫാറിലെ ദല്‍ഖൂത്ത് മുതല്‍ റാസല്‍ ഹദ്ദ് വരെയുളള പ്രദേശങ്ങളിലും മസീറ ദ്വീപിലും ലഭിക്കുന്നത്. പാനുലിറസ് ഹോമറസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. മൂന്ന് വര്‍ഷം വരെയാണ് ഇവയുടെ ആയുര്‍ ദൈര്‍ഘ്യം.
90 മീറ്റര്‍ വരെ ആഴത്തില്‍ കരയോട് ചേര്‍ന്നുളള പാറകളില്‍ പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. കൂടുകളിലേക്ക് ഇവകളെ ആകര്‍ഷിക്കാനായി കൂടിനുളളില്‍ മത്തി വെക്കാറുണ്ട്. ഷാറൂഖ് ദുബായിലേക്കാണ് കയറ്റി അയക്കുന്നതെന്ന് ഈ മേഖലകളിലുളളവര്‍ പറയുന്നു.
ഷാറൂഖ് ശേഖരണത്തിന് വല ഉപയോഗിക്കരുതെന്ന നിബന്ധനയുമുണ്ട്. ഈ നിബന്ധന വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഗ്രാമ പ്രദേശങ്ങളിലെ ജുമുഅ മസ്ജിദുകളിലെ നോട്ടീസ് ബോര്‍ഡുകളില്‍ സ്ഥാനം പിടിച്ചത് കാണാം.
ഷാറൂഖിന്റെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനാണ് അധികൃതര്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നത്. 1988 ല്‍ 2000 ടണ്‍ ആയിരുന്നു ഇവയുടെ ആകെ ലഭ്യത. എന്നാല്‍ 2011 ല്‍ ഇത് വെറും 158 ടണ്‍ ആയി കുറഞ്ഞു. കുറവ് പരിഹരിക്കുന്നതിനുളള നിര്‍ണായകമായ പദ്ധതികള്‍ അധികൃതര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്.
അറബ് രാജ്യങ്ങള്‍ക്കിടയില്‍ മത്സ്യ സമ്പത്തില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഒമാന്‍.