Gulf
വാഹനങ്ങള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും ഒമാനില്‍ വില കൂടുതല്‍
മസ്‌കത്ത് : ജി സി സി രാഷ്ട്രങ്ങളില്‍ വാഹനങ്ങള്‍ക്കും വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ക്കും ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് ഒമാനിലെന്ന് പഠനം. ബഹ്‌റൈന്‍ മിനിസ്ട്രി ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴില്‍ ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ വാഹന പാര്‍ട്‌സുകളുടെ വില കണക്കുകള്‍ അവതരിപ്പിക്കുന്നത്.
ജി സി സി രാഷ്ട്രങ്ങളില്‍ കാറുകളും പാര്‍ട്‌സുകളും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത് സഊദിയിലാണ്. മുഴുവന്‍ രാജ്യങ്ങളിലേയും വിവിധ കമ്പനികള്‍ വ്യത്യസ്ത കാറുകള്‍ക്ക് ഈടാക്കി വരുന്ന വില വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടന്നത്.
അന്താഷ്ട്ര കാര്‍ കമ്പനികള്‍ കാറുകള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും വിവിധ രാജ്യങ്ങളില്‍ ഈടാക്കി വരുന്ന വിലയും രാജ്യങ്ങളുടെ വിനിമയ നിരക്കുകളും പരിശോധിച്ചാണ് പഠനം പൂര്‍ത്തിയാക്കിയതെന്ന് പഠനസംഘം പറഞ്ഞു. വിവിധ രാഷ്ട്രങ്ങള്‍ക്കനുസരിച്ച് കമ്പനികള്‍ നിര്‍മാണത്തില്‍ വ്യത്യാസം വരുത്തുന്നതായും സംഘം വ്യക്തമാക്കി.
ഇന്‍ഷ്വറന്‍സ് പരിരക്ഷയടക്കമുള്ള കാര്യങ്ങള്‍ക്കും കൂടുതല്‍ തുക ആവശ്യം വരുന്നത് ഒമാനിലാണ്.
രാജ്യത്തെ കാലാവസ്ഥക്കനുസരിച്ച് കൂടുതല്‍ കാലം നിലനില്‍ക്കാത്ത പാര്‍ട്‌സുകളായതിനാലും ഇടക്കിടെ വലിയ വില നല്‍കി മാറ്റേണ്ടി വരുന്നതും രാജ്യത്തെ കാര്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടം വരുത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍പന നടന്നത് ഒമാനില്‍ തന്നെയാണ്. വര്‍ധിച്ചു വരുന്ന അപകടങ്ങളാണ് രാജ്യത്ത് സ്‌പെയര്‍ പാര്‍ട്‌സുകളുടെ അധിക വില്‍പനക്ക് ഇടയാക്കുന്നത്. ജി സി സി രാഷ്ട്രങ്ങളില്‍ അപകട നിരക്ക് ഏറ്റവും കൂടുതല്‍ ഒമാനിലാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വാഹനങ്ങള്‍ വാങ്ങുന്നതിന് ഏജന്‍സികള്‍ മുഖാന്തിരം സമീപിക്കുന്ന ഉപഭോക്താവിനാണ് ഏറ്റവും കൂടുതല്‍ തുക നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഇത്തരം ഏജന്‍സികള്‍ വഴി സമീപിച്ചാല്‍ കൂടുതല്‍ കാലത്തേക്ക് തവണകളായി പണമടക്കുന്നതിന് സൗകര്യം ലഭ്യമാകുമെന്നത് ആവശ്യക്കാര്‍ ഏജന്‍സികളെ സമീപിക്കുന്നതിന് ഇടയാക്കുന്നു.
വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ വില്‍പന നടത്തുന്നതിന് ലൈസന്‍സ് ലഭ്യമാകാന്‍ സമയവും കൂടുതല്‍ നടപടികളും ആവശ്യമായി വരുന്നതും ഒമാനിലാണ്.
സഊദിയിലാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സ്‌പെയര്‍ പാര്‍ട്‌സ് വില്‍പനക്ക് അനുമതി ലഭ്യമാകുന്നത്. രാജ്യത്ത് സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പുകള്‍ കുറയുന്നതും വില വര്‍ധിക്കാന്‍ കാരണമാകുന്നതായി പഠന സംഘം പറയുന്നു. ഖത്തറിലാണ് സഊദി കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പാര്‍ട്‌സുകള്‍ ലഭ്യമാകുന്നത്. മൂന്നാം സ്ഥാനത്ത് ബഹ്‌റൈന്‍, നാലാമത് യു എ ഇ. എന്നാല്‍ ഒമാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് കുവൈത്തിലാണ്.