Lokavishesham
കൊറിയന്‍ സംഘര്‍ഷത്തിന്റെ പ്രായോജകര്‍
ഒരു യുദ്ധവും ഇനി അതിര്‍ത്തികള്‍ക്കും നിയമങ്ങള്‍ക്കും വിധിവിലക്കുകള്‍ക്കും ഇടയില്‍ ഒതുങ്ങി നില്‍ക്കുകയില്ല. അതിന്റെ തന്ത്രങ്ങളും അവ വരുത്തിവെക്കുന്ന കെടുതികളും അതിര്‍ത്തികള്‍ കീറിമുറിച്ച് സഞ്ചരിക്കും. അങ്ങനെ അതിര്‍ത്തികള്‍ അപ്രസക്തമാകുന്നതിനാണല്ലോ ആഗോളവത്കരണം എന്ന് പറയുന്നത്. യുദ്ധത്തിന്റെ ആഗോളവത്കരണം സ്വാഭാവികമായി സംഭവിക്കും. അതിന് നയങ്ങളുടെയോ നിയമങ്ങളുടെയോ ഉദാരവത്കരണത്തിന്റെയോ ആവശ്യമില്ല. ഇന്ന് പക്ഷേ യുദ്ധങ്ങളില്ല. ഭീകരവിരുദ്ധ യുദ്ധമെന്ന് അമേരിക്കയും സഖ്യകക്ഷികളും പറയുന്നുണ്ടാകാം. പറയുന്ന അവര്‍ക്ക് തന്നെ അറിയാം അത് യുദ്ധമല്ല ശുദ്ധ ആക്രമണമാണെന്ന്. തീര്‍ത്തും ഏകപക്ഷീയമാണ് ഈ സൈനിക നീക്കങ്ങള്‍. യുദ്ധം അങ്ങനെയല്ല. അത് ഇരു വശത്തേക്കും സംഭവിക്കുന്നതാണ്. ആക്രമണവും പ്രത്യാക്രമണവും ഉണ്ട്. എന്നാല്‍, അഫ്ഗാനിലും ഇറാഖിലും വിയറ്റ്‌നാമിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമൊക്കെ നടന്നതും നടക്കുന്നതുമെല്ലാം ആക്രമണങ്ങളും പ്രതിരോധങ്ങളുമാണ്. ആഭ്യന്തരമായ പ്രതിസന്ധികളില്‍ കക്ഷി ചേര്‍ന്ന് നടത്തുന്ന കടന്നു കയറ്റങ്ങളായാലും തങ്ങളുടെ സുരക്ഷിതമായ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന സായുധ സംഘങ്ങള്‍ നിങ്ങളുടെ മണ്ണില്‍ ഒളിച്ചു കഴിയുന്നുവെന്ന് ആരോപിച്ച് നടത്തുന്ന നരഹത്യകളായാലും ഇസ്‌റാഈലിന്റെ കാര്യത്തിലെന്ന പോലെ സഖ്യകക്ഷികളുടെ “സുരക്ഷിതത്വ”ത്തിനായി നടത്തുന്ന ആക്രമണങ്ങളായാലും അവിടെയെല്ലാം ഒരു വശത്ത് സാമ്രാജ്യത്വ ശക്തികളുണ്ട്. അഥവാ അമേരിക്കയുണ്ട്. ഇങ്ങനെ പറയുന്നത് ഒരു ക്ലീഷേ ആയ കാലമാണിത്. എന്ത് പറഞ്ഞാലും അമേരിക്ക. ലോകത്തെ ഏത് പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോഴും അമേരിക്ക. ആകാശത്തും കടലിലും ഭൂഗര്‍ഭത്തിലും അമേരിക്ക. സാമ്രാജ്യത്വം എന്ന പദം റദ്ദാക്കണമെന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ഏത് പ്രതിസന്ധിയിലും അമേരിക്കന്‍ സാന്നിധ്യമെന്നത് ശീതസമരാനന്തര ലോകത്തിന്റെ യാഥാര്‍ഥ്യമാണ്. ഏകധ്രുവ ലോകമെന്ന് പറയുന്നതിന്റെ അര്‍ഥമതാണ്.
ഒരു മുഴം മുമ്പേ
ഏറ്റവും ഒടുവില്‍ ദക്ഷിണ- ഉത്തര കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം നോക്കൂ. ഏത് നിമിഷവും യുദ്ധത്തിലേക്ക് നീങ്ങാവുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വശത്ത് ഉത്തര കൊറിയ തങ്ങളുടെ ആണവ നിലയങ്ങള്‍ അതിവേഗം പ്രവര്‍ത്തനസജ്ജമാക്കുന്നു. ദക്ഷിണ കൊറിയ, ശാന്ത സമുദ്രം, ഗ്വാം, ഹവായ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ചെറുതും വലുതുമായ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. ഇനി ഒരു നിമിഷം നോക്കി നില്‍ക്കാനാകില്ലെന്ന് ഉത്തരകൊറിയന്‍ മേധാവി കിം ജോംഗ് ഉന്‍ തീര്‍ത്തു പറയുന്നു. ദക്ഷിണ കൊറിയയുമായുള്ള ഹോട്ട്‌ലൈന്‍ ബന്ധം വിച്ഛേദിച്ചു. 2009ല്‍ യുദ്ധഭീതി ഉരുണ്ടു കൂടിയപ്പോഴും ഹോട്ട്‌ലൈന്‍ ബന്ധം വിച്ഛേദിച്ചിരുന്നു. റെഡ്‌ക്രോസ് ഹോട്ട് ലൈനും അറുത്തു. നേരത്തേ അടച്ചു പൂട്ടിയ യോംഗ്‌ബ്യോണ്‍ ആണവ നിലയം തുറക്കാന്‍ ഉത്തര കൊറിയ തീരുമാനിച്ചിരിക്കുന്നു. ഇരു കൊറിയകളും തമ്മിലുള്ള സഹകരണത്തിന്റെ ഉദാത്ത മാതൃകയെന്ന് വിശേഷിപ്പിക്കാവുന്ന കെയ്‌സൂംഗ് വ്യവസായ പാര്‍ക്കില്‍ നിന്ന് ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ഉത്തര കൊറിയ ഉത്തരവിട്ടുവെന്നതാണ് പോര്‍വിളിക്കിടയില്‍ സംഭവിച്ച ഏറ്റവും ഭീകരമായ കാര്യം. ഇവിടെ നിന്ന് 800 ദക്ഷിണ കൊറിയന്‍ മാനേജര്‍മാര്‍ പിന്‍വാങ്ങിക്കഴിഞ്ഞു. സാധാരണ തൊഴിലാളികള്‍ അടക്കം 52,000 ദക്ഷിണ കൊറിയക്കാര്‍ ഈ വ്യവസായ പാര്‍ക്കില്‍ ഉണ്ടെന്നാണ് കണക്ക്. ഈ നിലക്ക് പോയാല്‍ അതിര്‍ത്തിയില്‍ 2004ല്‍ സ്ഥാപിച്ച ഈ പാര്‍ക്ക് അടച്ചു പൂട്ടേണ്ട സ്ഥിതി വരും. ഇരു കൊറിയകള്‍ക്കും നൂറ് കണക്കിന് ഡോളര്‍ നേട്ടമുണ്ടാക്കുന്ന പാര്‍ക്ക് അടച്ചു പൂട്ടുന്നത് വലിയ സാമ്പത്തിക ആഘാതമായിരിക്കും സൃഷ്ടിക്കുക.
യുദ്ധ സന്നാഹമൊരുക്കുന്ന ഉത്തര കൊറിയന്‍ നേതൃത്വത്തിന് പിന്തുണ അറിയിച്ച് ലക്ഷങ്ങള്‍ പ്യോംഗ്‌യാംഗ് അടക്കമുള്ള വന്‍ നഗരങ്ങളില്‍ തെരുവിലിറങ്ങി. അമേരിക്കന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ പോലും ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകളും ആണവ ശേഷിയുള്ള ആയുധങ്ങളും കൈവശമുണ്ടെന്ന് ഉത്തര കൊറിയ പ്രഖ്യാപിക്കുമ്പോള്‍ അവിടുത്തെ ജനത കൂടുതല്‍ ആത്മവിശ്വാസത്തിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര കൊറിയക്കകത്ത് നിന്നുള്ള വിവരങ്ങളില്‍ എക്കാലത്തുമുള്ള നിഗൂഢത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിന്റെ ആയുധ ശേഷിയെക്കുറിച്ചുള്ള വിലയിരുത്തലുകളിലും ഒരു തരം തിട്ടമില്ലായ്മ നിലനില്‍ക്കുന്നുണ്ട്. ഏതായാലും മനഃശാസ്ത്ര യുദ്ധത്തില്‍ ഒട്ടും പിറകില്‍ പോകാത്തവിധം ഭീഷണികളും മുന്നറിയിപ്പുകളും ആണവ പരീക്ഷണം അടക്കമുള്ളവയുടെ വാര്‍ത്തകളും നിരന്തരം പുറത്തുവിടാന്‍ അവര്‍ ശ്രദ്ധിക്കുന്നു. കൗമാരം വിട്ട് നവയൗവനത്തിലേക്ക് കാലെടുത്തുവെക്കുന്ന കിം ജോംഗ് ഉന്‍ ചുറ്റുമുള്ളവര്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് കാലൂന്നി നില്‍ക്കുന്നത്. ആ നില്‍പ്പിലും ഉന്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ആഭ്യന്തരമായി ആവേശമുണര്‍ത്തുന്നു. അവ അന്താരാഷ്ട്രീയമായ സമ്മര്‍ദ തന്ത്രത്തിന് ഉപയുക്തമാകുകയും ചെയ്യുന്നു.
പ്രതികരണം/ പ്രകോപനം
ഇനി സംഭവവികാസങ്ങളുടെ മറുവശം നോക്കാം. ഉത്തര കൊറിയ ഏകപക്ഷീയമായി യുദ്ധപ്രഖ്യാപനം നടത്തുകയാണോ? അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി അവരുടെ കൂട്ടാളികളായ ഏതെങ്കിലും രാജ്യം പ്രകോപനം സൃഷ്ടിക്കുകയാണോ? രണ്ടുമല്ല. ഉത്തര കൊറിയയുടെത് പ്രതികരണമാണ്. പക്ഷേ, ദക്ഷിണ കൊറിയയോടുള്ള പ്രതികരണമല്ല അത്. അമേരിക്കയോടാണ് അവര്‍ പ്രതികരിക്കുന്നത്. ഇറാനടക്കമുള്ള രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന “തിന്‍മയുടെ അച്ചുതണ്ടി”ലാണ് ഉത്തര കൊറിയയെ അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രൂരമായ ഉപരോധങ്ങളാണ് അവര്‍ അനുഭവിക്കുന്നത്. യു എന്നും യു എസും ചേര്‍ന്ന് പുതിയ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. മുന്‍ പ്രസിഡന്റ് കിം ജോംഗ് ഇല്ലിന്റെ കാലത്ത് 2007ല്‍ അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ച ഫലം കണ്ടതായിരുന്നു. ഉപരോധം നീക്കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചു. ഭീകരപ്പട്ടികയില്‍ നിന്ന് ഉത്തര കൊറിയയെ നീക്കാനും തീരുമാനമായി. പകരം യോംഗ്‌ബ്യോണ്‍ ആണവ നിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു. നിലയത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം പൊളിച്ചു നീക്കി. ജീവനക്കാരെ പിരിച്ചുവിട്ടു. പക്ഷേ, അമേരിക്ക വാക്ക് പാലിച്ചില്ല. അവര്‍ പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. ദക്ഷിണ കൊറിയക്ക് കൂടുതല്‍ ആയുധങ്ങളും പണവും നല്‍കാനും തുടങ്ങി. ഈ ചതിയുടെ ഏറ്റവും ഒടുവിലത്തെ മുഖമാണ് ഈയടുത്ത് ആരംഭിച്ച ദക്ഷിണ കൊറിയ- യുഎസ് സംയുക്ത സൈനിക അഭ്യാസം. ഈ അഭ്യാസത്തിന്റെ മറവില്‍ സൈനിക സാമഗ്രികള്‍ വന്‍ തോതില്‍ പെസഫിക് മേഖലയില്‍ എത്തിച്ചു കഴിഞ്ഞു. ആണവവാഹക ശേഷിയുള്ള ബി-2 രഹസ്യ പോര്‍വിമാനങ്ങള്‍, ബി-52, എഫ് -22 യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയും ഇവയില്‍ പെടും. യു എസ് സ്റ്റെല്‍ത്ത് (അദൃശ്യ) വിമാനങ്ങള്‍ ദക്ഷിണ കൊറിയയില്‍ എത്തിച്ചു കഴിഞ്ഞു. യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിക്കുന്നത് യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ ആണ്. ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി യുന്‍ ബ്യാംഗുമായി യു എസ് വിദേശകാര്യ മന്ത്രി ജോണ്‍ കെറി ചര്‍ച്ച നടത്തുന്നു. ജപ്പാന്‍ സന്ദര്‍ശിച്ച് കരുതിയിരിക്കാന്‍ പറയുന്നു. മിസൈല്‍ കവച സന്നാഹമൊരുക്കുമെന്നാണ് ഏറ്റവും ഒടുവില്‍ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഉത്തര കൊറിയയുടെ സുഹൃത്തുക്കളെന്ന് വിശേഷിപ്പാക്കാവുന്ന റഷ്യയും ചൈനയും ഈ ഘട്ടത്തില്‍ പക്ഷം ചേര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്. സംഘര്‍ഷം ഒഴിവാക്കണമെന്നാണ് ഇരു രാഷ്ട്രങ്ങളും ആവശ്യപ്പെട്ടിട്ടുള്ളത്.
യുദ്ധമുണ്ടാകുമോ?
അമേരിക്ക പ്രകോപനപരമായി ഇടപെടുകയും ഉത്തര കൊറിയ രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുമ്പോഴും ഇരു കൂട്ടരും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. ശീതസമരകാലത്തിന്റെ തുടര്‍ച്ചയായാണ് അമേരിക്ക കൊറിയന്‍ സംഘര്‍ഷത്തെ കാണുന്നത്. മേഖലയില്‍ ചൈന നേടിയെടുക്കുന്ന സ്വാധീനത്തിന് തടയിടാനും അവിടെ ഇറങ്ങിക്കളിക്കാനും ഉത്തര കൊറിയന്‍ ഭീതി നിലനില്‍ക്കണം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ കൊറിയന്‍ ഉപദ്വീപിന്റെ ദക്ഷിണ ഭാഗം അമേരിക്കയുടെ നിയന്ത്രണത്തിലും ഉത്തര ഭാഗം റഷ്യയുടെ നിയന്ത്രണത്തിലുമായിരുന്നു. റഷ്യ പിന്നീട് പൂര്‍ണമായി പിന്‍വാങ്ങി. പക്ഷേ, അമേരിക്കന്‍ സാന്നിധ്യം ദക്ഷിണ കൊറിയയില്‍ സൈനികമായും സാമ്പത്തികമായും നിലനിന്നു. 1950 മുതല്‍ 1953 വരെ നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ ഇരു കൊറിയകളും സമാധാന കരാര്‍ ഒപ്പ് വെച്ചെങ്കിലും യുദ്ധ വിരാമ കരാര്‍ ഇന്നും നിലവില്‍ വന്നിട്ടില്ല. സാങ്കേതികമായി ഇരുരാജ്യങ്ങളും ഇന്നും യുദ്ധത്തിലാണ്. പലപ്പോഴും യുദ്ധവിരാമ കരാറിന് വഴി തെളിഞ്ഞിരുന്നു. അപ്പോഴൊക്കെ ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സാന്നിധ്യത്തില്‍ തട്ടിയാണ് അവ തകര്‍ന്നത്. ഇരു രാജ്യങ്ങളിലും ഇപ്പോഴും പുനരേകീകരണ വകുപ്പ് ഉണ്ടെന്ന് ഓര്‍ക്കണം. കെയ്‌സൂംഗ് വ്യവസായ പാര്‍ക്ക് മാത്രം മതി ഈ രാജ്യങ്ങള്‍ക്കിടയില്‍ ശാശ്വത സമാധാനത്തിന്റെ സാധ്യത തിരിച്ചറിയാന്‍. പക്ഷേ, അമേരിക്ക അനുവദിക്കില്ല. മേഖലയിലെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി കൊറിയന്‍ സംഘര്‍ഷം അണയാതെ സൂക്ഷിക്കുകയാണ് അവര്‍.
ചൈനയില്‍ പുതിയ ഭരണ നേതൃത്വം വന്നിരിക്കുന്നു. ബ്രിക്‌സ് അടക്കമുള്ള സംവിധാനങ്ങളിലൂടെയും ചട്ടക്കൂടുകളൊന്നുമില്ലാതെയും മേഖലയില്‍ ചൈനീസ് നേതൃത്വം നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളെ അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. കൊറിയകള്‍ക്കിടയില്‍ യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കുകയെന്നതാണ് ഈ ആശങ്കക്കുള്ള ഒരേയൊരു മറുമരുന്ന്. യുദ്ധ പ്രതീതി സൃഷ്ടിക്കുക. ആയുധ കച്ചവടം പൊടിപൊടുക്കുക. ജപ്പാനെയും മറ്റും കൂടെ നിര്‍ത്തുക. ചൈനയും റഷ്യയും എന്ത് നിലപാടെടുക്കുമെന്ന് പരിശോധിക്കുക. അത്രയേയുള്ളൂ. ഒരു യുദ്ധത്തിലേക്ക് നീങ്ങാവുന്ന സാമ്പത്തിക സ്ഥിതിയിലല്ല അമേരിക്ക. അഫ്ഗാനില്‍ നിന്ന് അവര്‍ പിന്‍വാങ്ങുന്നത് അതുകൊണ്ടാണ്. വിദേശ യുദ്ധ മുന്നണികളില്‍ നിന്ന് അമേരിക്കന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങളുമായി വരുന്ന ശവപ്പെട്ടികളാണ് ഇന്ന് അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. ആക്രമണത്തിലേക്ക് എടുത്തു ചാടിയാല്‍ ഫ്രാന്‍സ്, ബ്രിട്ടന്‍ പോലുള്ള കൂട്ടാളികള്‍ ഈ ഘട്ടത്തില്‍ സഹായിക്കില്ലെന്ന് അമേരിക്ക ഭയക്കുന്നുമുണ്ട്. മറുഭാഗത്ത് യുദ്ധം യാഥാര്‍ഥ്യമായാല്‍ ചൈനയും റഷ്യയും ഇപ്പോഴുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കില്ലെന്നും ഉത്തര കൊറിയന്‍ പക്ഷത്ത് നിലയുറപ്പിക്കുമെന്നും അമേരിക്ക ആശങ്കപ്പെടുന്നു.
ഇനി ഉത്തര കൊറിയക്ക് ഒരു യുദ്ധം നടത്തിക്കളയാമെന്ന പൂതിയുണ്ടോ? ഒട്ടുമില്ല. കിം ജോംഗ് ഉന്‍ എന്ന “പയ്യന്” ആഭ്യന്തരമായി പേരെടുക്കണം. ജനങ്ങളുടെ രക്ഷകനും കണ്ണിലുണ്ണിയുമാകണം. അതിന് അക്രമാസക്ത ദേശീയത വിജൃംഭിപ്പിക്കണം. വാഴ്ത്തു പാട്ടുകളില്‍ അവന്‍ നിറയണം. അതിനാണ് ഈ കടുത്ത പ്രതികരണം. ഉപരോധങ്ങളിലും യുദ്ധഭീതിയിലും തകര്‍ന്നടിയുന്ന ഉത്തര കൊറിയന്‍ ജനതയാണ് ഇരകള്‍. അതിര്‍ത്തിക്കിരുവശവുമായി വകഞ്ഞു മാറ്റപ്പെട്ട മനുഷ്യരാണ് സഹതാപമര്‍ഹിക്കുന്നത്. ഈ നയതന്ത്ര യുദ്ധപ്രഖ്യാപനങ്ങള്‍ക്കിടയില്‍ അവരാണ് ചതഞ്ഞരയുന്നത്. സ്വാഭാവികമായ സൗഹൃദങ്ങളിലേക്ക് വളരാന്‍ അവര്‍ കൊതിക്കുന്നു. അവരെ വെറുതെ വിടാന്‍ അമേരിക്ക തയ്യാറാകുമോയെന്നാണ് ചോദ്യം.