Gulf
റാസല്‍ഖൈമയില്‍ 4,000 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി
റാസല്‍ഖൈമ: 400ല്‍പ്പരം വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി. യു എ ഇയുടെ പൗരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശാന്‍ ഏറെ സഹായകമാവും ഈ കണ്ടെത്തല്‍ എന്നാണ് ചരിത്രഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പും ഇത്തരത്തില്‍ അതിപുരാതന സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ പ്രദേശത്തു നിന്നും കണ്ടെടുത്തിരുന്നു. ശൈഖ് സായിദ് റോഡ് പ്രോജക്ടിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണത്തിനിടയിലാണ് മണ്ണിനടിയില്‍ നിന്നും ശവക്കല്ലറയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
2012 ഒക്‌ടോബറില്‍ ഇതിന്റെ സമീപപ്രദേശത്തായിരുന്നു സീഹ് അല്‍ ഹെര്‍ഫ് ഉദ്ഗനന മേഖല കണ്ടെത്തിയത്. ഇവിടെ പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും പൗരാണിക സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും അവയെ ശാസ്ത്രീയമായി വിലയിരുത്തി കാലഘടനയും മറ്റും നിര്‍വചിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ ഒരു മേഖല കൂടി കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ സുപ്രധാന കരമാര്‍ഗമായ ശൈഖ് സായിദ് റോഡിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് റാസല്‍ഖൈമ മേഖലയില്‍ നടക്കുന്നത്. ചരിത്രാതീതകാലത്തോളം പഴക്കമുള്ള ഒരു സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് യു എ ഇ നിവാസികള്‍ എന്ന് ഉറപ്പിക്കുന്നവയാണ് ഉദ്ഘനന പ്രദേശത്ത് നിന്നും ഇതുവരെയും കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങള്‍. ഉദ്ഗനന മേഖല വ്യാപിക്കുന്ന പക്ഷം റോഡിന്റെ ഈ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനം ഒരു പക്ഷേ തിരിച്ചുവിടേണ്ടതായും വന്നേക്കാമെന്നാണ് ഇവിടെ ഗവേഷണത്തിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. സീഹ് അല്‍ ഹെര്‍ഫ് സൈറ്റില്‍ നിന്നും പുരാതന ശക്കല്ലറകളും ശവകുടീരങ്ങളുമെല്ലാം മുമ്പ് കണ്ടെത്തിയിരുന്നു. 18 മീറ്റര്‍ നീളമുള്ള കല്ലറയും കുതിരക്കാല്‍പാടിന്റെ ആകൃതിയിലുള്ള കല്ലറയുമാണ് ഇവിടെ കണ്ടെത്തിയവയില്‍ അതീവ ചരിത്രപ്രാധാന്യമുള്ളവ. 50 കോടി ദിര്‍ഹം മുടക്കി ഈ പ്രദേശത്തിന് മുകളിലൂടെ റോഡിനെ കൊണ്ടുപോകുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചന തുടങ്ങിയിട്ടുണ്ട്. എന്നാല്‍ റോഡിന്റെ ദിശമാറ്റി വിടുന്നതിന്റെ സാധ്യതയും പരിശോധിച്ചു വരികയാണ്. ഇതിനു 100 കോടി ദിര്‍ഹം ചെലവാണ് കണക്കാക്കുന്നത്. ഈ മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ചെലവും ഉള്‍പ്പെടുത്തിയാണിത്.
കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങള്‍ പൂര്‍ണമായും മ്യൂസിയത്തിലേക്ക് മാറ്റിക്കൊണ്ടുള്ള ചെലവ് കുറഞ്ഞ പദ്ധതിയും അധികൃതര്‍ ഗൗരവമായി ആലോചിച്ചുവരികയാണ്.