Connect with us

National

കൊടും വരള്‍ച്ചയില്‍ ഗുജറാത്ത്; രാഷ്ട്രീയ ചര്‍ച്ചകള്‍ മാത്രം സജീവം

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് കൊടും വരള്‍ച്ചയുടെ പിടിയില്‍. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരള്‍ച്ച നേരിടുന്നതിന് യുക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയതോടെ പ്രശ്‌നനത്തിന് രാഷ്ട്രീയമായും ചൂടേറുകയാണ്. അതേസമയം, സര്‍ദാര്‍ സരോവര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നുള്ള തങ്ങളുടെ ആവശ്യം നിരാകരിച്ച കേന്ദ്ര നിലപാടാണ് ഇത്ര രൂക്ഷമായ വരള്‍ച്ചക്ക് കാരണമായതെന്ന് ആരോപിച്ച് ഗുജറാത്ത് സര്‍ക്കാറും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ തെറ്റായ നിലപാടാണ് വരള്‍ച്ച രൂക്ഷമാക്കാന്‍ കാരണമായതെന്ന കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ മനസ്സിലാക്കുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ബി ജെ പി ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും നേരത്തെ മോഡി പറഞ്ഞിരുന്നു.

ജല അധികാര്‍ യാത്രയിലൂടെ ജലക്ഷാമ പ്രശ്‌നം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്. നാളെ ദ്വാരകയില്‍ നിന്ന് ആരംഭിക്കുന്ന ജല അധികാര്‍ യാത്ര ഈ മാസം 21ന് അംബജിയിലാണ് സമാപിക്കുന്നത്. ഗുജറാത്തിലെ ഒമ്പത് ജില്ലകളിലെ വരള്‍ച്ച രൂക്ഷമായി ബാധിച്ച 100 ഗ്രാമങ്ങളിലൂടെ യാത്ര കടന്നുപോകും.
മൊത്തം 202 ജലസംഭരണികളില്‍ 72 എണ്ണം പൂര്‍ണമായും വറ്റിവരണ്ടിട്ടുണ്ട്. 89 എണ്ണം ഏറെക്കുറെ വറ്റിത്തുടങ്ങി. ബാക്കി 41 ജലസംഭരണികളിലെ ശേഷി 25 ശതമാനത്തിലേക്ക് താഴ്ന്നതായും ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് സിദ്ധാര്‍ഥ് പട്ടേല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
അഹമ്മദാബാദ്, കച്ചിലെ ഭുജ്, ദീസ, ഇദാര്‍ പോലുള്ള നഗരങ്ങളില്‍ രേഖപ്പെടുത്തിയ ചൂട് 40 ഡിഗ്രിയാണ്. രാജ്‌കോട്ട്, അമരേലി, ജുനഗഢ്, സുരേന്ദ്ര നഗര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായതായും 10 ജില്ലകളിലായി 4,000 ഗ്രാമങ്ങള്‍ വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്നതായും കഴിഞ്ഞ മാസം 26 ന് ഗുജറാത്ത് നിയമസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Latest