Gulf
ഇന്ത്യക്കാരെ വഹിക്കുന്നതില്‍ എയര്‍ ഇന്ത്യയെ എമിറേറ്റ്‌സ് പിന്നിലാക്കി
മസ്‌ക്കത്ത് : ഇന്ത്യയുടെ ദേശീയ വിമാനമായ എയര്‍ ഇന്ത്യക്ക് സ്വന്തം നാട്ടില്‍ പോലും ഒന്നാം സ്ഥാനമുറപ്പിക്കാനായില്ല. ഉപസ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്തവരുടെ കണക്കുകൂടി ചേര്‍ത്തു വെച്ചിട്ടും ഇന്ത്യയിലും ഇന്ത്യയില്‍നിന്നു പുറത്തേക്കും യാത്ര ചെയ്തവര്‍ കൂടുതല്‍ എമിറേറ്റ്‌സില്‍. സര്‍വീസ് കെടുകാര്യസ്ഥതയുടെ അടയാളാണ് സ്വന്തം നാട്ടില്‍ പോലും എയര്‍ ഇന്ത്യ തെളിയിച്ചതെന്ന് ഇതു സംബന്ധിച്ചുള്ള കണക്ക് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചാണ് രാജ്യത്തു നിന്നുള്ള യാത്രക്കാര്‍ കൂടുതല്‍ ഉപയയോഗിച്ചത് എമിറേറ്റ്‌സ് ആണെന്നു വ്യക്തമായത്. ആകെ യാത്രക്കാരില്‍ 13 ശതമാനം പേരും എമിറേറ്റ്‌സ് ഉപയോഗിച്ചു. 45.32 ലക്ഷം യാത്രക്കാരാണ് ഇരു ദിശകളിലേക്കുമായി എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്തത്. എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിലും കൂടി യാത്ര ചെയ്തത് 41.38 ലക്ഷം പേര്‍. ആകെ യാത്രക്കാരുടെ 11.9 ശതമാനം.
അതേസമയം, ഇന്ത്യയിലെ സ്വാകാര്യ വിമാനമായ എയര്‍ ജെറ്റ് എയര്‍വെയ്‌സാണ് ഇന്ത്യയില്‍നിന്നുള്ള സര്‍വീസുകളില്‍ മുന്നില്‍. ആകെ യാത്രക്കാരില്‍ 15.7 ശതമാനം ജെറ്റ് സ്വന്തമാക്കി. 54.53 ലക്ഷം പേരാണ് ജെറ്റില്‍ യാത്ര ചെയ്തത്. ഫലത്തില്‍ എയര്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാനങ്ങളായ കിംഗ് ഫിഷര്‍ 3.2, ഇന്‍ഡിഗോ 1.2, സ്‌പൈസ് ജെറ്റ് 0.86, ജെറ്റ് ലൈറ്റ് 0.3 ശതമാനം വീതം യാത്രക്കാരെയാണ് വഹിച്ചത്. അതേസമയം ഇന്ത്യയിലേക്കു സര്‍വീസ് നടത്തുന്ന മറ്റു വിദേശ വിമാനങ്ങള്‍ ഇന്ത്യന്‍ സ്വകാര്യ വിമാനങ്ങളേക്കാള്‍ മുന്നില്‍ നിന്നു.
എമിറേറ്റ്‌സിനു ശേഷം ഖത്തര്‍ എയര്‍വെയ്‌സും (4.4 ശതമാനം) എയര്‍ അറേബ്യ (4.3 ശതമാനം)യുമാണ് മുന്നില്‍. ജര്‍മെന്‍ എയര്‍ലൈനായ ലുഫ്താന്‍സക്കാണ് നാലാം സ്ഥാനം (3.4). ഒമാന്‍ എയര്‍ 2.8 ശതമാനവും ബ്രിട്ടീഷ് എയര്‍വെയ്‌സ് 2.7, ശ്രീലങ്കന്‍ എയര്‍വെയ്‌സ് 2.5, പസഫിക്ക് 2.1 ശതമാനം യാത്രക്കാരെയും വഹിച്ചു. കഴിഞ്ഞ യാത്രാ വര്‍ഷത്തില്‍ നടന്ന പൈലറ്റ് സമരമാണ് എയര്‍ ഇന്ത്യയെ എമിറേറ്റ്‌സിനും പിറകിലാക്കിയതെന്നാണ് നിരീക്ഷണം.