Connect with us

Gulf

നിര്‍ബന്ധിത നിക്ഷേപം സ്വീകരിക്കുന്നതായി മബേല ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കളുടെ പരാതി

Published

|

Last Updated

മബേല ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍നിന്നും അധികൃതര്‍ അമിത കരുതല്‍ നിക്ഷേപം സ്വീകരിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.
പുതുതായി പ്രവേശം നേടുന്നവര്‍ക്കു പുറമെ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും വര്‍ധിപ്പിച്ച നിക്ഷേപം നല്‍കണമെന്ന നിര്‍ബന്ധമാണ് രക്ഷിതാക്കളെ പ്രശ്‌നത്തിലാക്കിയിരിക്കുന്നത്. ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും തുക നിക്ഷേപിക്കണമെന്ന നിബന്ധനയും താങ്ങാനാകാത്തതാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. നിക്ഷേപത്തിനു പുറമെ കെട്ടിട നിര്‍മാണ നിധിയും ഒടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്.
സ്‌കൂളില്‍ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ പ്രവേശനം നേടുന്ന ഘട്ടത്തില്‍ 50 റിയാല്‍ കരുതല്‍ നിക്ഷേപം (ക്വോഷന്‍ ഡിപ്പോസിറ്റ്) അടച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ 50 റിയാല്‍ കൂടി അടക്കണമെന്നും ബില്‍ഡിംഗ് ഫണ്ട് 50 റിയാല്‍ വേറെയും അടക്കണമെന്നുമാണത്രെ നിര്‍ദേശം. പുതിയ പ്രവേശനത്തിനെത്തുന്ന കുട്ടികള്‍ക്ക് കരുതല്‍ നിക്ഷേപം 100 റിയാലും കെട്ടിട ഫണ്ട് 50 റിയാലുമുള്‍പെടെ 150 റിയാലും 10 റിയാല്‍ റജിസ്‌ട്രേഷന്‍ ഫീസും നല്‍കണം.
ഇത് ഉയര്‍ന്ന നിരക്കാണെന്നും സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് അമിത ഭാരമുണ്ടാക്കുന്നതാണെന്നും സ്‌കൂളിലെ ഒരു രക്ഷിതാവായ സലീം പറഞ്ഞു. ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്കള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം തുക അടക്കണമെന്ന നിര്‍ദേശം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കളെ പ്രയാസത്തിലാക്കുന്ന തുക സമാഹരണത്തിനെതിരെ പ്രിന്‍സിപ്പല്‍ക്കും എസ് എം സി കണ്‍വീനര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അവരുടെ തീരുമാനം അറിയുന്നതിനുസരിച്ച് തുടര്‍ന്നുള്ള നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.  തുക വര്‍ധനവ് സൃഷ്ടിച്ച സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ രക്ഷിതാക്കളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്നു.

Latest