Connect with us

Articles

വഖ്ഫ് ബോര്‍ഡ് -സൊസൈറ്റീസ് രജിസ്‌ട്രേഷന്‍: ശ്രദ്ധിക്കേണ്ട വസ്തുതകള്‍

Published

|

Last Updated

വഖ്ഫ് സ്വത്ത് അന്യാധീനപ്പെടുന്നത് തടയാനും ഏതോ കാരണവശാല്‍ നഷ്ടപ്പെട്ടുപോയത് വീണ്ടെടുക്കാനും സ്ഥാപനങ്ങളുടെ പണം ദുരുപയോഗപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താനും വേണ്ടി പാര്‍ലിമെന്റ് പാസ്സാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വഖ്ഫ് ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പരിരക്ഷയും ആനുകൂല്യങ്ങളും ലഭിക്കുമെന്നാണ് വ്യവസ്ഥ. രജിസ്റ്റര്‍ ചെയ്യാത്ത വഖ്ഫ് സ്ഥാപനം കൈകാര്യം ചെയ്യുന്നവരുടെ പേരില്‍ പിഴയും തടവും ശിക്ഷ നല്‍കാന്‍ വഖ്ഫ് നിയമം അനുശാസിക്കുന്നു.
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വഖ്ഫ് ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെടാവുന്ന ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങളെയും അധ്യക്ഷന്‍മാരെയും പാര്‍ലിമെന്റ് നിയമപ്രകാരം അതാത് കാലത്തെ സര്‍ക്കാറിന്റെ വഖ്ഫ് മന്ത്രിയാണ് രൂപപ്പെടുത്തുന്നത്.
കേരളത്തില്‍ ഇപ്പോള്‍ നിരവധി സ്ഥാപനങ്ങള്‍ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് നിയമപരമായ പരിരക്ഷയും ആനുകൂല്യവും ലഭ്യമാണ്. എന്നാല്‍, പല സ്ഥാപനങ്ങളും സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവയാണ്. സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ പലരില്‍ നിന്നും സംഭാവനകള്‍ വാങ്ങി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ രജിസ്‌ട്രേഷന് വരാന്‍ മടിച്ചുനില്‍ക്കുകയാണ്. വിഹിതം അടക്കേണ്ടിവരുമെന്നും ബോര്‍ഡില്‍ നിന്ന് നിക്ഷ്പക്ഷമായ നടപടികള്‍ കാണുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്. രജിസ്‌ട്രേഷന് അപേക്ഷിച്ചാല്‍ ആരെങ്കിലും വ്യക്തിവിരോധത്തിനോ മറ്റോ തടസ്സവാദം അറിയിച്ചാല്‍ വര്‍ഷങ്ങളോളം കേസുമായി നടക്കേണ്ടിവരുമെന്നും അവര്‍ പറയുന്നു. കേസ് നീട്ടിവെച്ച് നീട്ടിവെച്ച് ജുഡീഷ്യല്‍ കോടതിയില്‍ വക്കീലിന് വഖ്ഫ് പണം കൊടുത്തു മടുക്കുന്ന അവസ്ഥ വിരളമല്ല താനും.
അല്ലാഹുവിന്റെ ഭവനമായ പള്ളി പൊളിഞ്ഞു വീഴാറായപ്പോള്‍ വഖ്ഫ് നിയമങ്ങളോ മറ്റോ അറിയാത്ത ഗ്രാമീണരായ ദീനീ കാരണവന്മാരുള്‍ക്കൊള്ളുന്ന കമ്മിറ്റി അറ്റകുറ്റപ്പണി നടത്താന്‍ പൊളിക്കുന്നു. അപ്പോഴാണ് എതിര്‍പ്പുള്ളവരുടെ തടസ്സവാദം പെട്ടെന്ന് ബോര്‍ഡ് യോഗത്തില്‍ എത്തുന്നത്. ഉടനെ ബോര്‍ഡ് സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിക്കുന്നു. പൊളിച്ച പള്ളി ഉപയോഗമില്ലാതെ അവിടെ കിടക്കുന്നു. കേസുകള്‍ നീണ്ടുനീണ്ടുപോകുന്നു.
കൊല്ലങ്ങളോളം ദിക്ര്‍, സ്വലാത്ത്, ആരാധനകള്‍ നടന്നുവരുന്ന പള്ളിയില്‍ ഏതോ എതിര്‍പ്പുള്ളയാളുടെയൊരു പരാതി പരിഗണിച്ച് ഈ ചടങ്ങുകള്‍ സ്റ്റേ ചെയ്യുന്നു. പന്നീട് കക്ഷികള്‍ വഖ്ഫ് പണം ചെലവഴിച്ച് ഹൈക്കോടതിയില്‍ ചെന്ന് ബോര്‍ഡിന്റെ സ്റ്റേ നീക്കി ആരാധനാ ചടങ്ങുകള്‍ പുനഃസ്ഥാപിക്കുന്നു. ഇങ്ങനെ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പുതുതായി അപേക്ഷിക്കുന്നവര്‍ക്കും ഉണ്ടാകുന്ന അനുഭവങ്ങളും പരിഭവങ്ങളും നിരവധിയാണ്.
രജിസ്‌ട്രേഷന് അപേക്ഷിച്ചാല്‍ ആധാരത്തിലെ അക്ഷരത്തെറ്റുകളും പേരിലെ വ്യത്യാസങ്ങളും അതേ തുടര്‍ന്നുള്ള നൂലാമാലകളും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. പൊതുസമൂഹത്തിന്റെ പള്ളികളില്‍ വഖ്ഫ് മുതവല്ലിമാര്‍ക്ക് ഇഷ്ടപ്പെടാത്ത കുടുംബത്തിലെ അംഗത്തിന്റെ മയ്യിത്ത് നിസ്‌കാരം, ഖബര്‍സ്ഥാന്‍, വിവാഹ രജിസ്‌ട്രേഷന്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ അനുവദിക്കാതിരിക്കല്‍ എന്നിങ്ങനെയുള്ള വിവേചനങ്ങള്‍ ചിലപ്പോള്‍ നടക്കാറുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊതു സര്‍ക്കുലര്‍ പുറപ്പെടുവിക്കാതിരിക്കല്‍, ഇത്തരം പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ ബോര്‍ഡിന്റെ നയങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടെന്ന് തോന്നുന്നു. പതിനഞ്ച് വര്‍ഷത്തോളമായി വഖ്ഫ് ഇന്‍സ്‌പെക്ടറുടെ അന്വേഷണം കഴിഞ്ഞ് റിപ്പോര്‍ട്ട് വാങ്ങി വെച്ച ശേഷം വന്ന തടസ്സവാദം കാരണമായി ഒരു തീര്‍പ്പുമാകാതെ മാറിമാറി വന്ന വഖ്ഫ് ബോര്‍ഡുകള്‍ കേസ് നീട്ടിക്കൊണ്ടുപോയപ്പോള്‍, വക്കീല്‍ ഫീസ് കൊടുത്ത് വഖ്ഫ് സ്വത്ത് തീരുന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ അബദ്ധമായിപ്പോയെന്ന് അപേക്ഷകന് തോന്നിയാല്‍ അത്ഭുതപ്പെടാനില്ലല്ലോ.
പൊളിച്ചിട്ട പള്ളിയെക്കുറിച്ചും വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയും പരാതി വന്നാല്‍ പെട്ടെന്ന് സ്റ്റോപ്പ് മെമ്മോ നല്‍കുന്നതിന് പകരം വിശദമായ അന്വേഷണവും അനുഭാവപൂര്‍വം ആലോചനയും നടത്തുന്നത് വഖ്ഫ് ബോര്‍ഡിനെ സംബന്ധിച്ചു സാധാരണക്കാരില്‍ കൂടുതല്‍ മതിപ്പ് ഉളവാക്കും. ഒരുപാട് ഫയലുകളും കേസുകളും കുന്നുകൂടുന്നത് ഒഴിവാക്കി നടപടികള്‍ സുതാര്യമാക്കാന്‍ കണ്ണൂരിലും മഞ്ചേരിയിലും ഓഫീസുകള്‍ തുറന്നത് ആശ്വാസകരവും പ്രതീക്ഷാര്‍ഹവുമാണ്. മേല്‍കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ സാധാരണക്കാരന്റെ പ്രയാസങ്ങളും നിലവിലുള്ള ആചാരങ്ങളിലെ മതപരമായ നിലവാരവും പരിഗണിക്കുന്നത് ബോര്‍ഡിന്റെ പ്രവര്‍ത്തനം സമുദായത്തിന് വേണ്ടിയാണെന്ന ബോധം വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെടും.
ഏപ്രില്‍ മാസം മുപ്പത് വരെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ സമര്‍പ്പിക്കാനുള്ള അവസരമാണ്. രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളും നിര്‍ബന്ധമായും കണക്കുകള്‍ സമര്‍പ്പിക്കണം. ഏപ്രില്‍ കഴിഞ്ഞാല്‍, സീനിയര്‍ സൂപ്രണ്ടിന് അസ്സസ്‌മെന്റ് പ്രകാരം തുക കെട്ടി നോട്ടീസ് അയക്കാം. നോട്ടീസ് കിട്ടിയാലും ഇല്ലെങ്കിലും പണം അടക്കണ്ടത് നിര്‍ബന്ധമാണ്. ഈ കാര്യങ്ങളില്‍ ശ്രദ്ധചെലുത്താത്ത സ്ഥാപന സെക്രട്ടറിയുടെ പേരില്‍ ജപ്തി നടപടി വരെ എടുത്ത സംഭവങ്ങളും നിരവധിയാണ്.
എല്ലാ സംഘടനകള്‍ക്കും വ്യക്തമായ ഒരു നിയമാവലി ഉണ്ടാക്കി 1860ലെ 21-ാം ആക്ട് പ്രകാരം സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നടത്തുന്നത് ആവശ്യമാണ്. ഇന്ത്യാ രാജ്യത്ത് സംഘടനയുടെ നിയമപരമായ സാധുതക്കും നിലനില്‍പ്പിനും ഏറെക്കുറെ ഇത് അത്യാവശ്യമായി വന്നിരിക്കുന്നു. സ്ഥാപനത്തിനും കമ്മിറ്റിക്കും എതിരെ അനധികൃത നീക്കങ്ങള്‍ ചെറുക്കാനും വഖ്ഫ് ബോര്‍ഡ് പോലെ ഈ രജിസ്‌ട്രേഷനും ഉപകരിക്കും. വഖ്ഫ് ബോര്‍ഡിനെപ്പോലെ ചെയ്യേണ്ട കാര്യങ്ങള്‍ അതാത് സമയത്ത് ചെയ്‌തേ പറ്റൂ.
നിയമാവലിയില്‍ പറഞ്ഞ പ്രകാരം നിശ്ചിത മാസം ജനറല്‍ ബോഡി ചേര്‍ന്ന് എല്ലാ വര്‍ഷവും ഭാരവാഹികളെ തീരുമാനിച്ച് പേര് വിവരങ്ങളടങ്ങിയ പട്ടിക 14 ദിവസത്തിനുള്ളില്‍ രജിസ്ട്രാര്‍ ഓഫീസിലേക്ക് അയക്കേണ്ടതാണ്. സ്വന്തം മേല്‍വിലാസമെഴുതിയ പാന്‍കാര്‍ഡും ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലതാണ്. രജിസ്റ്റര്‍ ചെയ്ത് പിന്നീട് ഒരിക്കലും പുതുക്കിയിട്ടില്ലാത്ത നിരവധി കമ്മിറ്റികള്‍ക്ക് ഇപ്പോള്‍ നിയമപരായ സാധുതയില്ലാതായിരിക്കയാണ്. വര്‍ഷങ്ങളായി ഭരണസമിതി പട്ടിക ഫയല്‍ ചെയ്യാത്തവര്‍ അത്രയും വര്‍ഷത്തെ ഒറിജില്‍ മിനുട്‌സും കണക്കുകള്‍ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റും ഭാരവാഹിപ്പട്ടികയും നിര്‍ബന്ധമായി ഹാജരാക്കിയാല്‍ പുതുക്കിക്കിട്ടും. കോഴിക്കോട് മാവൂര്‍ റോഡിലെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍- 9539600600.

 

peeteecee786@gmail.com

Latest