Connect with us

Ongoing News

ഐ ലീഗ് കിരീട സാധ്യത തള്ളിക്കളയാതെ ട്രെവര്‍ മോര്‍ഗന്‍

Published

|

Last Updated

ഫെഡറേഷന്‍ കപ്പ് ജേതാക്കളായ ഈസ്റ്റ്ബംഗാള്‍ എ എഫ് സി കപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നു. ഐ ലീഗ് കിരീടത്തിനുള്ള സാധ്യത ഈസ്റ്റ്ബംഗാളിന് മുന്നിലുണ്ട്. സീസണോടെ ക്ലബ്ബിന്റെ പരിശീലക സ്ഥാനമൊഴിയുന്ന കോച്ച് ട്രെവര്‍ മോര്‍ഗന്‍ നേട്ടങ്ങളെയും സാധ്യതകളെയും കുറിച്ച് സംസാരിക്കുന്നു..

2004ന് ശേഷം ഈസ്റ്റ്ബംഗാള്‍ എ എഫ് സി കപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നു. പ്രതീക്ഷകള്‍ എത്ര ഉയരത്തില്‍?
എ എഫ് സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി മുന്നേറുക എന്നത് തീര്‍ച്ചയായും വലിയ കാര്യം തന്നെ. സീസണിന്റെ തുടക്കത്തിലുള്ള ലക്ഷ്യം പ്രീ ക്വാര്‍ട്ടര്‍ സ്ഥാനമായിരുന്നു. അത് സാധ്യമായതില്‍ വലിയ അഭിമാനം തോന്നു.
ഇടവേളകളില്ലാത്ത ഷെഡ്യൂളാണ് ടീമുകള്‍ക്ക്. അതിനെ തരണം ചെയ്യുക എന്നത് തമാശയല്ല. ഹോം ആന്‍ഡ് എവേ മത്സരങ്ങളില്‍ കുട്ടികള്‍ നന്നായി പ്രയത്‌നിച്ചു. അടുത്ത റൗണ്ട് കടുകട്ടിയാകും. എന്നാല്‍, എന്റെ വിശ്വാസം ടീം മുന്നേറുമെന്ന് തന്നെയാണ്.
ഐ ലീഗില്‍ മുന്നിലുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി അഞ്ച് പോയിന്റ് അകലത്തിലാണ് ഈസ്റ്റ്ബംഗാള്‍. ലീഗ് കിരീടം സാധ്യമാകുമെന്ന് വിശ്വസിക്കുന്നുണ്ടോ?
ഞങ്ങള്‍ വിശ്വസിക്കുന്നത് കിരീടത്തില്‍ മുത്തമിടാനാകുമെന്ന് തന്നെയാണ്. ചര്‍ച്ചില്‍ മികച്ച ഫോമിലാണ്. അവര്‍ പോയിന്റുകള്‍ നഷ്ടപ്പെടുത്തുമെന്ന് കരുതുന്നത് അബദ്ധമാകാം.
പക്ഷേ, ഫുട്‌ബോളില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയേക്കാം. അടുത്ത നാല് മത്സരങ്ങളും ഞങ്ങള്‍ ജയിക്കും. അതു പോലെ ചര്‍ച്ചില്‍ പോയിന്റ് നഷ്ടപ്പെടുത്തും. ഇതാണ് ഞങ്ങളുടെ വിശ്വാസം. പ്രതീക്ഷകളും വിശ്വാസവും ഇല്ലാത്തവര്‍ക്ക് പരാജയം സംഭവിച്ചേക്കാം.
ഈസ്റ്റ്ബംഗാളിനൊപ്പം ഐ ലീഗ് കിരീടം മാത്രമാണ് സാധ്യമാകാഞ്ഞത്. ഇത് വല്ലാതെ അലട്ടുന്നുണ്ടോ?
ഐ ലീഗ് കിരീടമില്ലാത്തതു കൊണ്ട് എനിക്കൊരിക്കലും ഉറക്കം നഷ്ടമായിട്ടില്ല. സീസണിലുടനീളം എത്ര മാത്രം ചാമ്പ്യന്‍ഷിപ്പുകളിലാണ് ടീം കളിക്കുന്നത്. ചിലപ്പോള്‍ തോല്‍വിയാകും ഫലം. എന്നാല്‍, ടീമിന്റെ മൊത്തത്തിലുള്ള വികാസത്തിലും പുരോഗതിയിലുമാണ് ഞാന്‍ ശ്രദ്ധ കൊടുക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈസ്റ്റ്ബംഗാള്‍ ഏറെ മുന്നോട്ടു പോയെന്നാണ് എന്റെ വിലയിരുത്തല്‍. ഫെഡറേഷന്‍ കപ്പ് രണ്ട് തവണ നേടി. കല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ്, ഐ എഫ് എ ഷീല്‍ഡ്, രണ്ട് തവണ ഐ ലീഗ് റണ്ണേഴ്‌സപ്പായി. ടീം ശരിയായ ദിശയിലാണ് പോകുന്നത്. അതിനുള്ള ബഹുമതി കളിക്കാര്‍ക്കാണ്.
ഈസ്റ്റ്ബംഗാളിലെ മൂന്ന് വര്‍ഷം എങ്ങനെ നോക്കിക്കാണുന്നു. വിജയത്തിന് പിറകിലെ രഹസ്യം?
മികച്ച കളിക്കാരെ ലഭിച്ചു, ഒപ്പം മികച്ചൊരു അന്തരീക്ഷവും. പുതിയ കളിക്കാര്‍ ടീമിലെത്തിയാല്‍ അവര്‍ പെട്ടെന്ന് പൊരുത്തപ്പെടുന്നു. കുട്ടികള്‍ നന്നായി കഠിനാധ്വാനം ചെയ്തു. മറ്റൊരു രഹസ്യവും ഇല്ല. കഠിനാധ്വാനം ചെയ്താല്‍ അര്‍ഹിക്കുന്ന ഫലം തിരികെ ലഭിക്കും.
താങ്കള്‍ നടപ്പിലാക്കിയ റൊട്ടേഷന്‍ പോളിസിയെ കുറിച്ച്…
ശനിയാഴ്ച ഐ ലീഗ് മത്സരം കളിച്ച ടീം ചൊവ്വാഴ്ച കല്‍ക്കത്ത ലീഗ് കളിക്കണം. അങ്ങനെ വരുമ്പോള്‍ കളിക്കാര്‍ക്ക് ക്ഷീണം ബാധിക്കും പരുക്കേല്‍ക്കാനുള്ള സാധ്യതയുമേറും. ഇതൊഴിവാക്കാന്‍, റൊട്ടേഷന്‍ ഏര്‍പ്പെടുത്തി.
മികച്ചൊരു സ്‌ക്വാഡിനെയാണ് എനിക്ക് ലഭിച്ചത്. മാത്രമല്ല, ബഞ്ച് കരുത്തും പ്രധാനമാണ്. റൊട്ടേഷന്‍ ഫലപ്രദമാകുന്നത് മികച്ച പകരക്കാരെ ലഭിക്കുമ്പോളാണ്.
ഈസ്റ്റ്ബംഗാളിനൊപ്പമുള്ള മികച്ച നിമിഷമേത്?
എല്ലാം മികച്ചതു തന്നെ. ഒന്നു മാത്രമെടുത്ത് പറയുകയാണെങ്കില്‍, ആദ്യത്തെ ഫെഡറേഷന്‍ കപ്പ് ജയം.
ഞാന്‍ ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസത്തിനുള്ളിലായിരുന്നു ഈ ജയം. ഇന്ത്യന്‍ ഫുട്‌ബോളിന് അപരിചിതനായിരുന്നു ഞാന്‍. ആ വിജയത്തോടെ, കോച്ചെന്ന നിലയില്‍ ഞാന്‍ അറിയപ്പെട്ടു, ആദരിക്കപ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ താങ്കള്‍ക്ക് കീഴില്‍ ടീം സംഘടിതമായതില്‍ തൃപ്തനാണോ?
വ്യക്തിപരമായി, വളരെ സംതൃപ്തി തോന്നുന്നു. മികച്ച നേട്ടങ്ങള്‍ ക്ലബ്ബ് കൈവരിച്ചു. മുന്‍ കാലങ്ങളിലെ നേട്ടങ്ങളുമായി തട്ടിച്ചു നോക്കുന്നതിനോട് അഭിപ്രായമില്ല.
നിലവിലെ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് എന്റെ വിലയിരുത്തല്‍. ഐ ലീഗ് കിരീടം നേടിയിട്ടില്ലെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ഏറെ സംതൃപ്തി നല്‍കുന്നു. എന്നാല്‍, ഐ ലീഗില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ടീമിന്റെത്. ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്റിലാണ് സൂപ്പര്‍പ്രകടനം സാധ്യമായത്. ഞാന്‍ സന്തോഷവാനാണ്.