Kerala
പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് കെജിഎംഒഎ
തിരുവനന്തപുരം: നിലവിലെ അസിസ്റ്റന്റ സര്‍ജന്‍ തസ്തികയിലേക്കുള്ള പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് കെജിഎംഒഎ. എഴുത്ത് പരീക്ഷയിലൂടെ മാത്രം ഡോക്ടര്‍മാരെ തെരഞ്ഞെടുക്കണമെന്നും ലിസ്റ്റ് റദ്ദാക്കിയില്ലെങ്കില്‍ നിലവാരമില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ പരീക്ഷയെഴുതിയ ഡോക്ടര്‍മാര്‍ക്കു നിലവാരമില്ലെന്നു പിഎസ് സി ഇന്നലെയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.പൊതു കാര്യങ്ങളെ കുറിച്ചും മെഡിക്കല്‍ എത്തിക്‌സിനെക്കുറിച്ചു മിക്കവര്‍ക്കും യാതൊരു ധാരണയുമില്ലെന്നും പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.അഭിമുഖത്തില്‍ പങ്കെടുത്ത പലര്‍ക്കും പൊതുവിജ്ഞാനം തീരെയില്ലെന്നും പത്രവായന പോലും ഇല്ലാത്തവരാണെന്നും കത്തില്‍ പറയുന്നു. ഗ്രാമീണാരോഗ്യ മേഖലയെക്കുറിച്ചു പലര്‍ക്കും ധാരണയില്ല. മെഡിക്കല്‍ ധാര്‍മികത അറിയില്ല, മെഡിക്കല്‍ ജേര്‍ണലുകള്‍ വായിക്കാറില്ല, സീരിയല്‍ ഭ്രമത്തില്‍ നിന്നു മുക്തരല്ല, ക്ലിനിക്കല്‍ അനുഭവം ഇല്ല. രാഷ്ട്രപതി, ഗവര്‍ണര്‍, ആരോഗ്യമന്ത്രി എന്നിവര്‍ ആരെന്നുപോലും അറിയാത്ത ഡോക്ടര്‍മാരുണ്ടെന്നുംം ചെയര്‍മാന്‍ കത്തില്‍ പറയുന്നു.