Connect with us

Wayanad

ജില്ലയില്‍ ഒരാള്‍ക്ക് സൂര്യാഘാതം: തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ ചില ഭാഗങ്ങളില്‍ സൂര്യാഘാതം ഏറ്റതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. സമീറ നിര്‍ദ്ദേശിച്ചു.

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍), വറ്റി വരണ്ട് ചുവന്ന ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. ഇതേ തുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
വെയിലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. സൂര്യാഘാതമേറ്റയാളെ വെയിലത്ത് നിന്നും മാറ്റി ആവശ്യത്തിന് വിശ്രമം നല്‍കണം.
തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുകയും കാറ്റ് ലഭിക്കുന്നതിന് സഹായകമായ രീതിയില്‍ വീശുകയോ ഫാന്‍, എ.സി. തുടങ്ങിയവയുടെ സഹായത്താലോ ചൂടായ ശരീരം തണുപ്പിക്കുകയും ചെയ്യണം. ശരീരതാപം 101 ഡിഗ്രി ഫാരന്‍ഹീറ്റില്‍ നിന്ന് താഴെയാകുന്നത് വരെ ഇത് തുടരണം. ധാരാളം വെള്ളം കുടിക്കാന്‍ നല്‍കണം. കഴിയുന്നത്ര വേഗം ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്. സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും കാര്യത്തിലും പ്രതേ്യകം ശ്രദ്ധിക്കണം.
വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്ന് ഇടുന്നതിനും ശ്രദ്ധിക്കണം. അതെ സമയം വേനല്‍ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ വയനാട്ടിലും ഒരാള്‍ക്കും സൂര്യാഘാതം ഏറ്റതായി സ്ഥിരീകരിച്ചു. കണിയാമ്പറ്റ വരദൂര്‍ ചൗഞ്ഞേരി പരത്തുകുനി വീട്ടില്‍ അശോകന്‍(45)ആണ് സൂര്യാഘാതമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് വീട്ടിലെ കൃഷിയിടത്തില്‍ വെച്ചാണ് പൊള്ളലേറ്റത്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമേറ്റതെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹം മീനങ്ങാടി സി എച്ച് സിയില്‍ ചികിത്സയിലാണ്. ജില്ലയില്‍ ആദ്യമായാണ് ഒരാള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നത്. വേനല്‍ചൂട് കടുത്തതോടെ ജില്ലയിലെ തൊഴില്‍ സമയം ക്രമീകരിച്ച് കൊണ്ട് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്നു വരെ വിശ്രമം അനുവദിച്ചിട്ടുണ്ട്.