Editors Pick
പ്രകൃതിയില്‍ നിന്ന് പണംവാരുന്നവര്‍
“കടലില് മരങ്ങളുണ്ടായിട്ടാണോ മഴ പെയ്യുന്നത്” ഈ ചോദ്യം കേരള നിയമസഭയില്‍ ഉയര്‍ന്നു കേട്ടിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും ആരും മറന്നിട്ടില്ല. ലീഗിന്റെ പ്രമുഖനായിരുന്ന നേതാവ് സീതി ഹാജിയാണ് നിയമസഭയേയും കേരളത്തേയും തന്നെ കുറേ കാലം ചിരിപ്പിച്ച ചോദ്യം ചോദിച്ചത്. മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റുന്നത് മൂലം മഴ കുറഞ്ഞു പോകുന്നു എന്ന സുഗതകുമാരി ടീച്ചറുടെ പരാമര്‍ശത്തോടുള്ള പ്രതികരണമായാണ് സീതിഹാജി തന്റെ സരസമായ ഭാഷയില്‍ ഇങ്ങനെ ചോദിച്ചത്. കുറേ കാലം പരിസ്ഥിതി അവബോധത്തിലുള്ള വിവരക്കേടായി ഈ പരാമര്‍ശം മുദ്ര കുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ലീഗും മാറി. പരിസ്ഥിതി സംരക്ഷണത്തിനായി പദ്ധതികളാവിഷ്‌കരിക്കാനും അണികളെ രംഗത്തിറക്കാനും ലീഗ് തയ്യാറായിരിക്കുന്നു. പരിസ്ഥിതി സംരക്ഷണ നിളാസംഗമം എന്ന പേരില്‍ പ്രവര്‍ത്തകരെ ഭാരതപ്പുഴയില്‍ മണിക്കൂറുകളോളം പിടിച്ചിരുത്താനും ലീഗിന് കഴിഞ്ഞിരിക്കുന്നു. ആരും സ്വാഗതം ചെയ്യുന്നുണ്ട് ഈ പ്രവര്‍ത്തനങ്ങളെ.
ഈ സംഗമം നടന്ന കുറ്റിപ്പുറത്ത് നിന്ന് ഏതാനും വാര അകലെയാണ് ഭാരതപ്പുഴയോട് തൊട്ട് തിരുനാവായ പഞ്ചായത്ത്. ഈ പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഒരപൂര്‍വ റെക്കോര്‍ഡിട്ടു. അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാരെയാണ് തിരുനാവായ സൃഷ്ടിച്ചത്. ഭരണമാറ്റത്തെ തുടര്‍ന്നോ മുന്നണി ധാരണകളെ തുടര്‍ന്നോ അല്ല ഈ അഞ്ച് മാറ്റങ്ങളും. ഭാരതപ്പുഴയില്‍ നിന്നും രാവും പകലുമില്ലാതെ കോരിയെടുക്കുന്ന മണലില്‍ തട്ടി മറിഞ്ഞാണ് ഒന്നിനു പിറകെ ഒന്നായി പ്രസിഡന്റുമാര്‍ മൂക്കു കുത്തി വീണത്. മണല്‍ച്ചാക്കില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന നോട്ടുകെട്ടുകള്‍ വീതം വെക്കുന്നതിലെ തര്‍ക്കമായിരുന്നു പഞ്ചായത്ത് പ്രസിഡന്റുമാരെ വരെ ബാധിച്ചിരുന്നത്. മൂന്ന് ലീഗ് പ്രസിഡന്റുമാരും രണ്ട് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമാണ് ഇവിടെ മാറി മാറി വന്നത്. ഈ നാണക്കേട് യു ഡി എഫിന് ഇന്നും മാറിക്കിട്ടിയിട്ടില്ല. പ്രകൃതിയില്‍ നിന്നും പണം വാരുന്ന നേതാക്കളും ഇത്തരം മുന്‍ അനുഭവങ്ങളുമാണ് ലീഗിന്റെ പുതിയ ശ്രമങ്ങളെ പരാചയപ്പെടുത്താനിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് ലീഗ് നേതാവ് അഡ്വ കെ എന്‍ എ ഖാദര്‍ എം എല്‍ എ പാര്‍ട്ടിപത്രത്തില്‍ ലേഖനമെഴുതിയത്. പരിസ്ഥിതി വാദികള്‍ മൂലം വികസനത്തിന് ഭൂമി ലഭിക്കുന്നില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് ചാനല്‍ റൂമിലെത്തി പറഞ്ഞത്. ഇതില്‍ ഏതാണ് ലീഗിന്റെ അഭിപ്രായം? പരിസ്ഥിതി വിഷയത്തില്‍ താത്പര്യം കാണിച്ചു തുടങ്ങിയ ലീഗിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന തലത്തില്‍ കമ്മീഷന്‍ ഏജന്റുമാരുടെ സംഘടന രൂപം കൊണ്ടത്. കുന്നുകളും മലകളും ഇടിച്ചു നിരത്തി നീര്‍ത്തടങ്ങള്‍ മണ്ണിട്ടു തൂര്‍ത്ത് അവ വന്‍ വിലക്ക് വില്‍പ്പന നടത്തുകയാണ് കമ്മീഷന്‍ ഏജന്റുമാരുടെ പ്രധാന തൊഴില്‍. ഒരു നിര്‍ണായക ഘട്ടത്തില്‍ ഏതു പക്ഷത്താണ് ലീഗ് നിലയുറപ്പിക്കുക? ഇവിടെയാണ് സംശയങ്ങള്‍.
പാര്‍ട്ടി പരിപാടികള്‍ക്കു പുറമെ പരിസ്ഥിതി വിഷയങ്ങളില്‍ താത്പര്യം കാണിക്കുകയാണ് ഇപ്പോള്‍ എല്ലാ പാര്‍ട്ടികളുടെയും പുതിയ ട്രെന്‍ഡ്. പൊതുസ്വീകാര്യത ലഭിക്കുന്നതിനുള്ള കുറുക്കുവഴികളായാണ് പരിസ്ഥിതിയേയും മണ്ണിനേയുമൊക്കെ ഇവര്‍ കാണുന്നത്. എന്നാല്‍ പാര്‍ട്ടികളും മാഫിയകളും പോലീസും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് എല്ലായിടത്തും അങ്ങാടിപ്പാട്ടാണ്. എല്ലാ പാര്‍ട്ടികളിലുമുണ്ട് രണ്ട് വിഭാഗങ്ങള്‍. പരിസ്ഥിതിക്ക് വേണ്ടി നിലപാടെടുക്കുന്നവരും ലാഭത്തിന് വേണ്ടി നില കൊള്ളുന്നവരും. മത്സരം ഇവര്‍ തമ്മിലാണ്. മലപ്പുറം ജില്ലയിലെ തിരൂര്‍ സര്‍ക്കിളിന് കീഴിലെ ഒരു പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസിന്റെ ഭര്‍ത്താവാണ് പ്രദേശത്ത് കുന്നിടിക്കുന്നതിനും മണ്ണെടുക്കുന്നതിനും നേതൃത്വം കൊടുക്കുന്നത്. ഇയാളുടെ രണ്ട് ജ്യേഷ്ഠന്മാരില്‍ ഒരാള്‍ വിരമിച്ച ഡി വൈ എസ് പി. മറ്റൊരാള്‍ വില്ലേജ് ഓഫീസറും. ഇയാള്‍ ഇടിച്ചു നിരത്തുന്നത് ലീഗുകാരന്റെ കുന്ന്. മണ്ണെടുക്കുന്നത് സി പി എമ്മുകാര്‍. ഭരണപക്ഷവും പ്രതിപക്ഷവും പോലീസും ഉദ്യോഗസ്ഥരും ഒരു അച്ചുതണ്ടില്‍ കറങ്ങുന്നു. ഇവിടെ ആരെയും ഇയാള്‍ ഭയപ്പെടേണ്ടതില്ല. ആരെങ്കിലും എതിര്‍ത്താല്‍ പേടിപ്പിക്കാനുള്ള ആള്‍ബലവും ഇയാള്‍ക്കുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇങ്ങനെ കുറേയാളുകള്‍, സംഘങ്ങള്‍, അവിശുദ്ധ കൂട്ടുകെട്ടുകള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലൊക്കെയുണ്ട്. മണല്‍ കൊള്ളക്കെതിരായ നീക്കത്തിനിടെ പരിയാരത്ത് ഫോറസ്റ്റര്‍ പോളും ചന്ദന കൊള്ളക്കാരെ പിന്തുടരുന്നതിനിടെ മറയൂരില്‍ വാച്ചര്‍ ചെല്ലപ്പനും മരിച്ചു വീണത് ആരും മറന്നിട്ടില്ല. അവസാനം കോഴിക്കോട് ജില്ലാ കലക്ടറെ കൊലപ്പെടുത്താന്‍ വരെ മണല്‍ മാഫിയകള്‍ ശ്രമം നടത്തി. ആരാണ് ഇവര്‍ക്കൊക്കെ പിന്നില്‍? പരിസ്ഥിതിക്ക് വേണ്ടി ശബ്ദിക്കുന്ന പാര്‍ട്ടിക്കാരെയും ഉദ്യോഗസ്ഥരരേയും തന്നെയാണ് കര്‍ട്ടണ്‍ മാറ്റിയാല്‍ കാണാനാകുന്നത്.
1970 കളില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ പ്രത്യേകിച്ച് ജര്‍മനിയില്‍ വികാസം പ്രാപിച്ച ഒരാശയമാണ് ഹരിത രാഷ്ട്രീയം. ഈ ഹരിത രാഷ്ട്രീയം അടുത്തിടെ കേരളത്തിലും കേട്ടു തുടങ്ങി. എന്നാല്‍ ഇതിന്റെ ഭാഗമായി നിന്നിരുന്ന ഒരു എം എല്‍ എയെ ഉടന്‍ പാര്‍ട്ടി നേതാവ് തിരുത്തിയെന്നാണ് കേള്‍വി. മറ്റൊരു എം എല്‍ എ ആദിവാസി ഭൂമിക്കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും കോടതി വരാന്തയിലാണ്. മറ്റു രണ്ട് പേര്‍ മന്ത്രിപ്പണി കിട്ടാത്തതിന്റെ കെര്‍വു കൊണ്ടാണ് കാടു കയറുന്നതെന്നാണ് സ്വന്തക്കാര്‍ തന്നെ പറയുന്നത്. അവസാനം ഒരു മന്ത്രിക്ക് സ്റ്റേറ്റ്കാറും സ്വന്തം ഭാര്യയെയും നഷ്ടപ്പെടുത്തിയതും ഇതേ നെല്ലിയാമ്പതി തന്നെയാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ പാട്ടക്കരാര്‍ ലംഘിച്ച കൈയേറ്റക്കാര്‍ക്കെതിരെ നെല്ലിയാമ്പതിയില്‍ ശബ്ദം ഉയര്‍ത്തിയവര്‍ ചെങ്ങറയില്‍ പോയിട്ടു പോലുമില്ല. വനഭൂമി സംരക്ഷിക്കുന്നതിനെ കുറിച്ച് പറയുന്നവര്‍ ആദിവാസികളുടെ ഭൂമിപ്രശ്‌നത്തില്‍ മൗനികളാണ്. ജലം അമൂല്യമെന്ന് പറയുന്നവര്‍ പക്ഷേ പ്ലാച്ചിമട സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇവിടെയാണ് സംശയങ്ങള്‍ ജനിക്കുന്നത്. മലബാറിലെ പ്രമുഖ പാര്‍ട്ടിയുടെ കര്‍ഷക സംഘടനാ നേതാവ് പാര്‍ട്ടി നേതാവിനെ കാണാനെത്തി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സംസ്ഥാന തലത്തില്‍ പ്രക്ഷേഭം സംഘടിപ്പിക്കാനുള്ള സംഘടനാ തീരുമാനം അറിയിക്കുകയായിരുന്നു ലക്ഷ്യം. കേട്ട പാതി കേള്‍ക്കാത്ത പാതി നേതാവ് കര്‍ഷക നേതാവിനെ ആട്ടിയോടിച്ചു. “എന്‍ഡോസള്‍ഫാനെന്തെന്ന് അറിയാത്ത നിങ്ങള്‍ ജാഥ നടത്തുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ നാലാളെ ചേര്‍ക്കെടോ” എന്നായിരുന്നു ഉപദേശം. യുവജന സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി പരിപാടികള്‍ക്കു പുറമെ പരിസ്ഥിതി വിഷയങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടതുണ്ടെന്ന് ജില്ലാ സെക്രട്ടറി വിശദീകരിച്ചപ്പോള്‍ അംഗങ്ങള്‍ കളിയാക്കി ചിരിച്ചത് ഇപ്പോള്‍ സംസ്ഥാന നേതാവായ മുന്‍ ജില്ലാ സെക്രട്ടറി ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എല്ലാ പാര്‍ട്ടികളിലും അങ്ങനെയാണ്. കണ്ണൂരില്‍ കണ്ടല്‍ പാര്‍ക്ക് വന്നപ്പോഴും കിനാലൂരില്‍ സ്ഥലം ഏറ്റെടുപ്പ് നടന്നപ്പോഴും സി പി എമ്മില്‍ രണ്ട് പക്ഷക്കാരുണ്ടായിരുന്നു.
കണ്ണവത്തും നെന്‍മാറയിലും കുറിച്യാടും ഡി എഫ് ഒയായി ജോലി ചെയ്ത പി ധനേഷ്‌കുമാറിന്റെ വിളിപ്പേര് ഇക്കോ ടെററിസ്റ്റ് എന്നാണ്. നെല്ലിയാമ്പതിയിലെ അപഹരിക്കപ്പെട്ട ആറായിരമേക്കര്‍ വനഭൂമി ഒറ്റക്ക് തിരിച്ചു പിടിച്ചത് മാത്രമല്ല, വനം മാഫിയയും കഞ്ചാവ് ലോബിയും നെഞ്ചിലേക്ക് ഉന്നം വെച്ചിട്ടും ധീരമായി മുന്നോട്ട് നടന്നാണ് ഇദ്ദേഹം വ്യത്യസ്ഥനായത്. ഒരിക്കല്‍ മേലുദ്യോഗസ്ഥന്‍ ധനേഷിനോട് പറഞ്ഞു. “നീ വെറുതെ കുഴപ്പത്തിലൊന്നും ചെന്നു ചാടേണ്ട”. മറ്റൊരിക്കല്‍ വനം മന്ത്രി കെ സുധാകരന്‍ പറഞ്ഞു. “എന്താ പ്രശ്‌നം? നിങ്ങള്‍ ആളുകളെയൊക്കെ ചവിട്ടുന്നുവെന്ന് കേട്ടല്ലേ” ഇവര്‍ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക എല്ലാ പാര്‍ട്ടിയുടെ നേതാക്കളും ധനേഷിനെ വിളിച്ചിട്ടുണ്ട്. വനം മാഫിയയോട് ഏറ്റുമുട്ടുന്നതിന് അഭിനന്ദിക്കാനല്ല, മറിച്ച് പിന്തിരിപ്പിക്കാന്‍. ഇതാണ് കേരളത്തിന്റെ ചരിത്രം. പ്രതികരിക്കുന്ന പരിസ്ഥിതിവാദികളെ പോലും ഇന്ന് വിശ്വസിക്കാനാകുന്നില്ല. കാരണം ഇവരില്‍ പലരുടെയും പ്രതികരണങ്ങള്‍ കീശ വീര്‍പ്പിക്കാനുള്ള തന്ത്രങ്ങളായി മാറിയിരിക്കുന്നു. പല സമരമുഖങ്ങളില്‍ നിന്നും സമരക്കാര്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. പുതിയവര്‍ രംഗപ്രവേശം ചെയ്യുന്നു, മറ്റു ചിലര്‍ നിലപാട് മയപ്പെടുത്തുന്നു. ഇതൊക്കെ നാം കാണുന്നതും കേള്‍ക്കുന്നതുമാണ്. പക്ഷേ ഇതിന് പിന്നില്‍ മറിയുന്ന നോട്ടുകെട്ടുകള്‍ നാമാരൂം കാണുന്നില്ല. സി പി എമ്മും ലീഗും ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെങ്കില്‍ ചുരുങ്ങിയത് മലബാറിലെങ്കിലും പരിസ്ഥിതിക്കായുള്ള ശ്രമങ്ങള്‍ ലക്ഷ്യം കണ്ടേനെ.
sharefpaloli@gmail.com