Connect with us

National

ബംഗാളില്‍ എസ് എഫ് ഐ നേതാവിനെ ആശുപത്രിയില്‍ വിലങ്ങിട്ടുപൂട്ടി

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അറസ്റ്റിലായ എസ് എഫ് ഐ നേതാവിനെ ആശുപത്രിക്കിടക്കയില്‍ വിലങ്ങിട്ടുപൂട്ടി. സിലിഗുരിയിലുള്ള ഉത്തര ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. സിലിഗുരിയിലെ അക്രമസംഭവത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത സന്തോഷ് സഹാനിയെന്ന വിദ്യാര്‍ഥി നേതാവിനെയാണ് ആശുപത്രിക്കിടക്കയില്‍ കാലില്‍ വിലങ്ങണിയിച്ചത്. സൂര്യസെന്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് സഹാനി.
കഴിഞ്ഞ പത്താം തീയതി സിലിഗുരിയിലെ സി പി എം ഓഫീസിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിന്റെ പേരിലാണ് സന്തോഷുള്‍പ്പെടെ 51 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ മന്ത്രിയും സി പി എം നേതാവുമായ അശോക് ഭട്ടാചാര്യ സന്തോഷിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വിലങ്ങിട്ട് കിടക്കുന്നത് കണ്ടത്. ഈ ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ചാനല്‍ സംപ്രേഷണം ചെയ്തതോടെ ഇത് അഴിച്ചുമാറ്റി.
കോടതിയില്‍ ഹാജരാക്കുമ്പോള്‍ തന്നെ സന്തോഷ് അസുഖബാധിതനായിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ പോലീസ് ജയിലിലാക്കുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്നാണ് പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, വിദ്യാര്‍ഥി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നെന്നും ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതെന്നും പോലീസ് കമ്മീഷണര്‍ അനന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജയില്‍ അധികൃതര്‍ പറഞ്ഞിട്ടാണ് വിലങ്ങിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമത സര്‍ക്കാറിന്റെ യഥാര്‍ഥ മുഖമാണ് ഇതിലൂടെ തെളിഞ്ഞതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബസു പ്രതികരിച്ചു. മമത സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബംഗാളില്‍ മനുഷ്യാവകാശ ലംഘനം അടിയന്തരാവസ്ഥക്കാലത്തെ വെല്ലുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വവും അപലപിച്ചു. ഒരിക്കലും സംഭവിച്ചുകൂടാത്തതാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. വിദ്യാര്‍ഥി നേതാവിനെ ആശുപത്രിക്കിടക്കയില്‍ വിലങ്ങണിയിച്ച സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സുജാതോ ഭദ്ര അഭിപ്രായപ്പെട്ടു.

 

 

Latest