Eranakulam
ക്ഷേമ ബോര്‍ഡില്‍ ഐ എന്‍ ടി യു സിക്ക് പ്രാതിനിധ്യം നല്‍കാന്‍ തൊഴില്‍ വകുപ്പ് തയ്യാറാകുന്നില്ല: എ സി ജോസ്
കൊച്ചി: സംസ്ഥാനത്തെ നിര്‍മാണത്തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ ഐ എന്‍ ടി യു സിക്ക് പ്രാതിനിധ്യം നല്‍കാന്‍ തൊഴില്‍ വകുപ്പ് തയ്യാറാകുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ സി ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിര്‍മാണ മേഖലയിലെ പ്രധാനപ്പെട്ട യൂനിയനുകളിലൊന്നാണ് ഐ എന്‍ ടി യു സി. ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ 40-ാം വാര്‍ഷികാഘോഷം 20, 21 തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. 20ന് രാവിലെ 10ന് നടക്കുന്ന വനിതാ സമ്മേളനം മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ എ സി ജോസ് പറഞ്ഞു.
പകല്‍ രണ്ടിന് പെന്‍ഷന്‍ തൊഴിലാളി സമ്മേളനം യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നരക്ക് നിര്‍മാണത്തൊഴിലാളികളുടെ മാര്‍ച്ച് മറൈന്‍ ഡ്രൈവില്‍ നിന്നാരംഭിക്കും. രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി കെ വി തോമസ് മുഖ്യാതിഥിയാകും. ഐ എന്‍ ടി യു സി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. 21ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഫെഡറേഷന്‍ ഭാരവാഹികളായ ടി വി പുരം രാജു, കെ എക്‌സ് സേവ്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.