Connect with us

Palakkad

വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മണ്ഡലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിക്കും: മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട്:ജില്ലയിലെ വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രണ്ട് ദിവസത്തിനകം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എമാരുടെ അധ്യക്ഷതയില്‍ യോഗം വിളിക്കുന്നതിനും അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട പദ്ധതികള്‍ക്ക് ഷോര്‍ട്ട് ടെന്‍ഡര്‍ വിളിച്ച് നടപ്പാക്കാനും കുടിവെളളം വാഹനങ്ങളില്‍ വിതരണം ചെയ്യുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കി നടത്താനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദേ്യാസ്ഥരോടും ജനപ്രതിനിധികളോടും നിര്‍ദ്ദേശിച്ചു.

കലക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വരള്‍ച്ച ഒരു മുന്നറിയിപ്പായി എടുത്ത് ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാവുന്ന പദ്ധതി ലിസ്റ്റ് തയ്യാറാക്കണം. ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മോണിറ്ററിങ് നടത്തുന്നതിന് മന്ത്രി പി.ജെ.ജോസഫിനെ ചുമതലപ്പെടുത്തി. വരള്‍ച്ച എക്കാലത്തേക്കും തടയുന്ന രീതയില്‍ നടപ്പാക്കാവുന്ന തടയണ, മഴക്കുഴികള്‍, കുളങ്ങള്‍ എന്നിവ സംബന്ധിച്ച് ലീസ്റ്റുകള്‍ തയ്യാറാക്കണം. ജില്ലയില്‍ ഇതുവരെ 6.18 കോടി രൂപയുടെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തികള്‍ക്ക് തുക നല്‍കിയതായി ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.
കുടിവെളള വിതരണത്തിന് ആവശ്യമായ ജലസ്രോതസുകള്‍ എല്ലാ വില്ലേജുകളിലും ലഭ്യമാണെന്നും ഇതിന് ആവശ്യമായ വാഹനസൗകര്യങ്ങള്‍ ഉണ്ടെന്നും ജില്ലാ കലക്ടര്‍ പി.എം.അലി അസ്ഗര്‍ പാഷ യോഗത്തില്‍ അറിയിച്ചു. സ്വകാര്യ സ്ഥലത്തു നിന്നും കുടിവെളളം ശേഖരിക്കുമ്പോള്‍ ഗുണനിലവാര പരിശോധന നടത്തുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജലവിതരണം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പറും തീരുമാനമെടുക്കണം. ആളിയാര്‍ പദ്ധതിയില്‍ നിന്ന് ജലം നല്‍കുന്നത് സംബന്ധിച്ച് തമിഴ്‌നാട് ചര്‍ച്ചയ്ക്ക് തയ്യാറായതായി മുഖ്യമന്ത്രി അറിയിച്ചു.
തമിഴ്‌നാട് ജലവിഭവ മന്ത്രി രാമലിംഗം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ മന്ത്രി പി ജെ ജോസഫിനെ ചുമതലപ്പെടുത്തി. അട്ടപ്പാടിയിലെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രണ്ട് ദിവസത്തിനകം മന്ത്രി എ പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ പ്രത്യേക അവലോകനയോഗം വിളിക്കും.
പമ്പിങ് സ്റ്റേഷനുകളിലെ കുടിവെളള വിതരണത്തെ തടസപ്പെടാത്ത രീതിയില്‍ പവര്‍ കട്ട് നടത്ത#ുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.. കുടിശികയുളളതുകൊണ്ട് വാട്ടര്‍ അതോറിറ്റിക്ക് പുതിയ കണക്ഷന്‍ നല്‍കില്ലെന്ന നിബന്ധന നീക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
പഞ്ചായത്തുകളിലെ പദ്ധതികളുടെ അഡ്വാന്‍സ് തുക 50000 വരെ നല്‍കുന്നതിനും ബില്ലുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ബാക്കി തുക ഉടനെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എം പിമാരായ പി കെ ബിജു, എം ബി രാജേഷ്, എം എല്‍ എ മാരായ കെ അച്യുതന്‍, ഷാഫി പറമ്പില്‍, എ കെ ബാലന്‍, സി പി മുഹമ്മദ്, വി ടി ബല്‍റാം, എം ഹംസ, കെ എസ് സലീഖ, എന്‍ ഷംസുദ്ദീന്‍, എം ചന്ദ്രന്‍, വി ചെന്താമരാക്ഷന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, എ ഡി എം കെ വി വാസുദേവന്‍, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തികേയന്‍, സബ് കലക്ടര്‍ കൗശികന്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest