Connect with us

Lokavishesham

പാക് തിരുത്തലുകളും മുശര്‍റഫിന്റെ പുനഃപ്രവേശവും

Published

|

Last Updated

പരാജിത രാഷ്ട്രം, അര്‍ധ സൈനിക രാഷ്ട്രം എന്നിങ്ങനെയാണ് പാക്കിസ്ഥാനെ വിളിക്കുന്നത്. മേഖലയിലെ അധികാര വടം വലികളില്‍ കക്ഷി ചേര്‍ന്ന കൊളോണിയല്‍ ശക്തികള്‍ കാലാകാലങ്ങളില്‍ നടത്തിയ ഇടപെടലുകളും കുതന്ത്രങ്ങളുമാണ് സത്യത്തില്‍ ഈ രാഷ്ട്രത്തെ പരാജിതമാക്കിയത്. ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കുമ്പോഴും അത് പ്രകടിപ്പിക്കുന്ന ഏകാധിപത്യ പ്രവണതകള്‍ക്ക് കാരണം തീര്‍ത്തും ആഭ്യന്തരമല്ല. ഭരിക്കുന്നവരെ വകവരുത്തിയും അട്ടിമറിച്ചും അരങ്ങേറുന്ന നിഷ്ഠൂരമായ ഭരണ മാറ്റങ്ങളുടെ പിന്നിലും പുറത്തു നിന്നുള്ളവരുണ്ട്. അത്തരം ഇടപെടലുകള്‍ക്ക് വഴി വെക്കുന്ന ബലഹീനതകള്‍ പാക്കിസ്ഥാന് എമ്പാടുമുണ്ട്. ആ ബലഹീനതകള്‍ക്ക് സംഭാവന ചെയ്യുന്ന ഘടകങ്ങള്‍ക്കും ഒരു പഞ്ഞവുമില്ല ഇവിടെ.
എന്നാല്‍, ചരിത്രത്തിലെ ഏറ്റവും മഹത്തായ ചില തിരുത്തലുകളിലൂടെയാണ് ഈ രാജ്യം ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഇതാദ്യമായി ഒരു സിവിലിയന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. അടുത്ത മാസം അഞ്ചിനാണ് വോട്ടെടുപ്പ്. പ്രചാരണത്തോടനുബന്ധിച്ച് ചിലയിടങ്ങളില്‍ അക്രമം ഉണ്ടാകുകയും ഏതാനും പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും താരതമ്യേന സമാധാനപരമാണ് കാര്യങ്ങള്‍. ജനം രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അഴിമതിമുക്തവും ബാഹ്യശക്തികള്‍ക്ക് വഴങ്ങാത്തതും സുസ്ഥിരവുമായ ഒരു സര്‍ക്കാര്‍ വരണമെന്ന് അവര്‍ അതിയായി ആഗ്രഹിക്കുന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്‌റഫ്, അദ്ദേഹത്തിന്റെ മുന്‍ഗാമി യൂസുഫ് റാസാ ഗീലാനി തുടങ്ങിയ പ്രമുഖര്‍ മത്സരരംഗത്തില്ല. അവര്‍ പ്രതികളായ കേസുകളാണ് തടസ്സം. ഇക്കാര്യത്തില്‍ നീതിന്യായ വിഭാഗം ശക്തമായ നിലപാടെടുത്തിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും മുമ്പൊരിക്കലുമില്ലാത്ത ജാഗ്രതയിലാണ്. ഫ്രജൈല്‍ എന്ന കുറ്റപ്പേരില്‍ നിന്ന് സ്‌ട്രോംഗ് എന്ന അഭിമാനത്തിലേക്ക് സഞ്ചരിക്കാന്‍ തന്നെയാണ് പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നത്. അമേരിക്കന്‍ വിധേയത്വത്തെ മറികടക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യാവിരുദ്ധ മനോഭാവം തത്കാലം അട്ടത്തു വെക്കാന്‍ അവര്‍ക്ക് മടിയില്ല. ഇക്കാലം വരെ വിവിധ ഭരണാധികാരികള്‍ പ്രചരിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായി, കാശ്മീരായിരിക്കരുത് പാക്കിസ്ഥാന്റെ യഥാര്‍ഥ മുന്‍ഗണനയെന്ന് ജനങ്ങള്‍ ഇന്ന് തിരിച്ചറിയുന്നു.
ഈ പശ്ചാത്തലത്തില്‍ വേണം ജനറല്‍ പര്‍വേസ് മുശര്‍റഫിന്റെ പാക് പുനഃപ്രവേശവും അറസ്റ്റും വിലയിരുത്തേണ്ടത്. സ്വയം പ്രഖ്യാപിത പ്രവാസം മതിയാക്കി രാജ്യത്ത് വരാന്‍ മുശര്‍റഫിന് ആത്മവിശ്വാസം പകര്‍ന്നത് ആരാണ്? മൂന്ന് കേസുകള്‍ തന്റെ ചലനത്തിന് തടയിടുമെന്ന് അദ്ദേഹത്തിന് നന്നായറിയാം. ഒന്ന് ബേനസീര്‍ ഭൂട്ടോക്ക് സുരക്ഷയൊരുക്കുന്നതില്‍ ബോധപൂര്‍വമായ അലംഭാവം കാണിച്ചുവെന്ന കേസ്. രണ്ട്, ബലൂച് ദേശീയ നേതാവ് അക്ബര്‍ ബുഗ്തിയുടെ വധവുമായി ബന്ധപ്പെട്ട കേസ്. മൂന്ന്, തന്റെ ഭരണകാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ജഡ്ജിമാരെ തടവിലിട്ടതുമായി ബന്ധപ്പെട്ട കേസ്. ഈ മൂന്നിലും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ടുണ്ട്. മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന് ഉറപ്പാണ്. മാത്രമല്ല, പാക് മണ്ണില്‍ കാല് കുത്തിയാല്‍ ജീവനെടുക്കുമെന്ന് താലിബാന്‍ ഭീഷണിയുമുണ്ട്. എന്നിട്ടും അദ്ദേഹം റിസ്‌കെടുത്തത് എന്തിന്? അമിത ആത്മവിശ്വാസത്തിന്റെ ഇരയാണോ അദ്ദേഹം?
ഏതോ കോണില്‍ നിന്ന് ശക്തമായ സന്ദേശം മുശര്‍റഫിന് കിട്ടിയിരുന്നുവെന്ന് ഉറപ്പാണ്. അത് അമേരിക്കയില്‍ നിന്നാകാം. സാക്ഷാല്‍ സര്‍ദാരിയില്‍ നിന്നാകാം. ഇമ്രാന്‍ ഖാനില്‍ നിന്നാകാം. നവാസ് ശരീഫിന്റെ മുന്നേറ്റത്തിന് തടയിടണമെന്നും അദ്ദേഹത്തിന്റെ വോട്ട് ബേങ്ക് ശിഥിലമാക്കണമെന്നും ആഗ്രഹിക്കുന്ന ആരില്‍ നിന്നുമാകാം. പാക് രാഷ്ട്രീയത്തിന്റെ പൊതു സ്വഭാവമനുസരിച്ച് താമസിയാതെ അത് പുറത്തു വരും. മുശര്‍റഫിന് ചുവട് പിഴക്കുകയായിരുന്നോ, അതോ ഇപ്പോഴത്തെ പ്രതിസന്ധികള്‍ അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നോ എന്നത് പോലും തിട്ടമില്ല. ഇസ്‌ലാമാബാദ് ഹൈക്കോടതി ജാമ്യം നീട്ടി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കോടതി വളപ്പില്‍ നിന്ന് ഒളിച്ചു കടന്ന മുശര്‍റഫ് ഒരു ഫാം ഹൗസില്‍ അഭയം തേടുകയായിരുന്നുവെന്നാണ് ഏറ്റവും വിശ്വാസ്യയോഗ്യമായ വാര്‍ത്ത. ഫാം ഹൗസിന് പുറത്ത് പോലീസ് എത്തിയെങ്കിലും മുശര്‍റഫിന്റെ അനുയായികള്‍ അവിടെ തടിച്ചു കൂടിയതോടെ പിന്‍വാങ്ങി. പിന്നീട് വെള്ളിയാഴ്ച പുലര്‍ച്ചെയാണത്രേ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹം ഇസ്‌ലാമാബാദില്‍ എത്തി സ്വയം കീഴടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ജനറലിനെ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ വക്താക്കള്‍ നിഷേധിച്ചിട്ടുമുണ്ട്.
സിവിലിയന്‍ നേതൃത്വവും സൈനിക നേതൃത്വവും തമ്മിലുള്ള വടംവലിയില്‍ ഒരിക്കല്‍ കൂടി സിവിലിയന്‍ ഭരണകൂടവും നീതിന്യായ വിഭാഗവും വിജയിച്ചുവെന്നതാണ് മുശര്‍റഫ് എപ്പിസോഡിലെ അടിസ്ഥാനപരമായ വസ്തുത. വിളിച്ചുവരുത്തിയത് ആരായാലും സൈനിക നേതൃത്വവുമായി മുശര്‍റഫ് ഇക്കാര്യം ചര്‍ച്ച ചെയ്തിരിക്കുമെന്നുറപ്പാണ്. മാത്രമല്ല മുശര്‍റഫ് പണ്ട് ചെയ്തുകൂട്ടിയതിലെല്ലാം ഇപ്പോഴത്തെ സൈനിക മേധാവി അശ്ഫാഖ് കയാനിക്ക് പങ്കുണ്ട്. ആ നിലക്ക് മുശര്‍റഫിനെ ഒരു കൈ സഹായിക്കാന്‍ അദ്ദേഹം തയ്യാറാകേണ്ടതാണ്. പക്ഷേ, ആത്മവിശ്വാസ നഷ്ടത്തിന്റെ പടുകുഴിയിലാണ് പാക് സൈന്യം. അബത്താബാദില്‍ കടന്നു കയറി അമേരിക്കന്‍ സൈനികര്‍ ഉസാമ ബിന്‍ ലാദനെ വകവരുത്തിയതോടെയാണ് ഈ പ്രതിസന്ധി തുടങ്ങിയത്. ഈ സാഹചര്യത്തില്‍ മുശര്‍റഫിനെപ്പോലെ ഒരാളെ ന്യായീകരിക്കാനോ ഏറ്റെടുക്കാനോ സൈന്യത്തിന് സാധിക്കില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും മുശര്‍റഫിനെതിരായ നിയമ നടപടി ഇപ്പോഴുള്ളതിനേക്കാള്‍ വേഗം കൈവരിക്കുകയോ വധശിക്ഷ പോലുള്ളതിലേക്ക് അത് വളരുകയോ ചെയ്യില്ല. മുശര്‍റഫിന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് കേസുകള്‍ തിരശ്ശീലയിടും. പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും സംഭവിച്ച പിഴവ് അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. കോടതി സമ്മതിച്ചാലും ഏകാധിപത്യത്തിലേക്ക് നീങ്ങാനിടയുള്ള ഒരാളെ ജനം അംഗീകരിക്കില്ല. മുശര്‍റഫ് ഭരണകാലത്തിന്റെ ആദ്യ ഘട്ടത്തില്‍ പാക്കിസ്ഥാന്‍ സാമ്പത്തികമായി പുരോഗതി നേടിയതും അഴിമതിയുടെ തോത് ഗണ്യമായി കുറഞ്ഞതും തീര്‍ച്ചയായും ജനങ്ങളുടെ മനസ്സിലുണ്ട്. പക്ഷേ, സൈനിക യൂനിഫോമില്‍ നിന്ന് അദ്ദേഹം പൂര്‍ണമായി രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്ന് ജനം വിശ്വസിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലമായി തന്നെ നില്‍ക്കും. അദ്ദേഹം വന്നത് മറ്റാര്‍ക്കോ വേണ്ടിയാണെന്ന വിശ്വാസം പാക്കിസ്ഥാനില്‍ ശക്തമായിരിക്കെ, ഈ അവസ്ഥക്ക് മാറ്റം വരാനിടയില്ല. മറ്റൊരു സ്വയംപ്രഖ്യാപിത പ്രവാസം തന്നെയായിരിക്കും അദ്ദേഹത്തെ കാത്തിരിക്കുന്നത്. അതിനുള്ള പഴുതൊരുക്കാനായിരിക്കും അദ്ദേഹത്തിന്റെ നിയമജ്ഞര്‍ പരിശ്രമിക്കുക.
ഈ പരിശ്രമങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ ഒരു നിലക്കും സ്വാധീനിക്കുകയില്ല. കാരണം ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പത്രികകളെല്ലാം തള്ളിയിട്ടുണ്ട്. പക്ഷേ, മുശര്‍റഫിന്റെ അനുയായികള്‍ തെരുവിലിറങ്ങിയാല്‍ അത് രൂക്ഷമായ സംഘര്‍ഷത്തിനായിരിക്കും വഴിവെക്കുക. ആരൊക്കെ ഏതൊക്കെ പക്ഷത്ത് നിലയുറപ്പിക്കുമെന്ന് പറയാനാകില്ല. പാക് തിരഞ്ഞെടുപ്പ് അട്ടിമറിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികളെല്ലാം ഒന്നിച്ച് അണിനിരക്കും. പഴയ ലാല്‍ മസ്ജിദ് കണക്ക് തീര്‍ക്കാന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ മുശര്‍റഫ് അനുകൂലികളെ ആക്രമിക്കും. അതോടെ ആകെ കുഴഞ്ഞു മറിയും. അമേരിക്കന്‍ ആളില്ലാ വിമാനങ്ങള്‍ക്ക് ആവേശം കൂടും. ഈ കൂട്ടപ്പൊരിച്ചിലില്‍ സൈന്യവും ഐ എസ് ഐയും അവയുടെ പഴയ വ്യാമോഹങ്ങള്‍ പൊടി തട്ടിയെടുത്തേക്കാം. ഇതല്‍പ്പം കടന്ന പ്രവചനമാണ്. ഈ സാധ്യതക്ക് ഇടമില്ലെന്നു തന്നെയാണ് ശുഭാപ്തി വിശ്വാസം കൊള്ളേണ്ടത്.
മുഹമ്മദലി ജിന്ന തന്റെ രാഷ്ട്രത്തെ വിളിച്ചത് പുണ്യ ഭൂമിയെന്നാണ്. ആ വിശേഷണത്തില്‍ എത്തിച്ചേരാന്‍ പാക്കിസ്ഥാന്‍ എത്ര ദൂരം സഞ്ചരിക്കണം?

 

Latest